നിയമങ്ങള്‍ ലംഘിച്ച് പാലം നിര്‍മ്മാണം: ഉന്നതരുടെ ഒത്താശയെന്ന് ആരോപണം

Monday 3 February 2014 9:19 pm IST

എരുമേലി: നിയമങ്ങള്‍ കാറ്റില്‍പറത്തി ഒറ്റരാത്രികൊണ്ട് പാലം നിര്‍മ്മിച്ചതിന് ഉന്നതരുടെ ഒത്താശയെന്നാരോപണം. കെട്ടിടം നിര്‍മ്മിക്കാന്‍ പഞ്ചായത്തില്‍ അപേക്ഷിച്ചതിന്റെ മറവില്‍ ടൗണിലെ കൊച്ചുതോട് കയ്യേറി പാലം നിര്‍മ്മിച്ചതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. കൊച്ചുതോട് കയ്യേറി പാലം പണിയാനുള്ള നീക്കം ദിവസങ്ങളായി നടക്കുകയായിരുന്നു. കഴിഞ്ഞദിവസം യുടിയുസിയുടെ നേതൃത്വത്തില്‍ പണികള്‍ തടഞ്ഞതോടെയാണ് അനധികൃത പാലംനിര്‍മ്മാണം പുറത്തറിയുന്നത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ പാലം പണിയാരംഭിച്ചതിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയും നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കെ ശനിയാഴ്ച രാത്രിയില്‍ കമ്പികെട്ടി ഞായറാഴ്ച പുലര്‍ച്ചെ പാലം കോണ്‍ക്രിറ്റിംഗും ചെയ്തു. പാലംപണിക്കുപിന്നില്‍ ബാര്‍ഹോട്ടലാണെന്നും മുപ്പതുകോടിയോളം മുതല്‍ മുടക്കിയുള്ള പദ്ധതിക്ക് എരുമേലിയിലെ ജനപ്രതിനിധികള്‍ അടക്കമുള്ള വമ്പന്മാരുടെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്. പഞ്ചായത്ത് രാജ് നിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്തധികൃതര്‍ക്ക് കഴിഞ്ഞില്ല. പഞ്ചായത്തിലെ കയ്യേറ്റങ്ങളെല്ലാം പണംകൊടുത്ത് ഒഴിവാക്കിയത് പോലെ പാലംപണിയും രഹസ്യമാക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്. പാലം നിര്‍മ്മിക്കാന്‍ വഴിവിട്ട് സഹായങ്ങള്‍ ലഭിച്ചിട്ടും സംഭവം കോടതിയിലെത്തിയതാണ് പദ്ധതിക്കാര്‍ക്ക് തിരിച്ചടിയായത്. എന്നാല്‍ തോട് കയ്യേറി പാലം പണി നടത്തിയിട്ടും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളാരും പ്രസ്താവനയും പ്രതിഷേധവുമായി ഇതുവരെ രംഗത്തെത്താതിരുന്നതും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.