ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടില്ല - വിക്കിലീക്സ്

Sunday 4 September 2011 5:20 pm IST

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെടില്ലെന്ന്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ എം.കെ നാരായണന്‍ അമേരിക്കന്‍ അംബാസഡര്‍ തിമോത്തി റോമറിന്‌ ഉറപ്പ്‌ നല്‍കിയതായി വിക്കി‌ലീക്സ് വെളിപ്പെടുത്തല്‍‌. ഹെഡ്‌ലിയെ വിട്ടുകിട്ടണമന്നാണ്‌ ഇന്ത്യയുടെ നിലപാടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ്‌ വിക്കിലീക്സ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ യു.എസ്‌ അംബാസഡറായിരുന്ന തിമോത്തി റോമറുമായി 2009 ഡിസംബര്‍ 16ന്‌ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ്‌ നാരായണന്‍ ഇത്തരമൊരു നിലപാട്‌ സ്വീകരിച്ചതെന്ന്‌ വിക്കിലീക്‌സ്‌ പുറത്തുവിട്ട രേഖകളില്‍ പറയുന്നു. ഹെഡ്‌ലിയെ വിട്ടു തരാതിരിക്കണമെന്ന്‌ ആവശ്യപ്പെടാതിരിക്കാന്‍ ഇന്ത്യയ്ക്കാവില്ല. ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മാത്രമാണ്‌ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്‌. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ ഇന്ത്യ ഇത്തരമൊരു ആവശ്യം ഉന്നയിക്കില്ലെന്നാണ്‌ നാരായണന്‍ പറഞ്ഞത്‌. ഹെഡ്‌ലിയെ വിട്ടു തരണമെന്ന ആവശ്യത്തില്‍ നിന്ന്‌ ഇന്ത്യ പിന്മാറണമെന്ന റോമറുടെ അഭിപ്രായത്തിന്‌ മറുപടിയായാണ്‌ നാരായണന്‍ ഇങ്ങനെ പറഞ്ഞതെന്നാണ്‌ വിക്കിലീക്‌സ്‌ അവകാശപ്പെടുന്നത്‌. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട്‌ ഹെഡ്‌ലിയില്‍ നിന്ന്‌ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ്‌ അമേരിക്ക പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ ഹെഡ്‌ലിയെ ഇന്ത്യയ്ക്ക്‌ കൈമാറുന്നത്‌ യു.എസിന്‌ അയാളില്‍ നിന്ന്‌ വിവരങ്ങള്‍ ലഭിക്കുന്നതിന്‌ തടസമാകുമെന്നും റോമര്‍ ചൂണ്ടിക്കാട്ടി. ഹെഡ്‌ലിയെ സംബന്ധിച്ച്‌ അമേരിക്ക ഇന്ത്യയ്ക്ക്‌ കൈമാറിയ വിവരങ്ങള്‍ ചോര്‍ന്നതിലും റോമര്‍ നിരാശ രേഖപ്പെടുത്തിയതായി വിക്കിലീക്‌സ്‌ കേബിളുകള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.