കെ.എം. മാണിയുടെ വകതിരിവ്‌

Tuesday 4 February 2014 8:58 pm IST

കേരളരാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത നേതാവാണ്‌ കെ.എം. മാണി എന്നതില്‍ രണ്ടഭിപ്രായമുണ്ടാകാന്‍ ഇടയില്ല. ഏതാണ്ട്‌ അരനൂറ്റാണ്ടിനടുപ്പിച്ച്‌ ജനപ്രതിനിധി. ഏറ്റവും കൂടുതല്‍ തവണ ബജറ്റവതരിപ്പിച്ച ധനകാര്യമന്ത്രി. ഒരേ മണ്ഡലത്തില്‍ നിന്ന്‌ ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുക്കപ്പെട്ട ജനനായകന്‍. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇക്കാര്യങ്ങള്‍ അംഗീകരിച്ചേ പറ്റൂ. അങ്ങനെയുള്ള മുതിര്‍ന്ന രാഷ്ട്രീയക്കാരനായ കെ.എം. മാണി നരേന്ദ്രമോദിയെക്കുറിച്ച്‌ നടത്തിയ അഭിപ്രായപ്രകടനം അദ്ദേഹത്തെ ഒന്നുകൂടി ആദരണീയനാക്കുകയാണ്‌. 'കാര്യപ്രാപ്തിയും കര്‍മശേഷിയുമുള്ള ഭരണാധികാരിയാണ്‌ നരേന്ദ്രമോദി' എന്നാണ്‌ ഇന്നലെ കെ.എം. മാണി അഭിപ്രായപ്പെട്ടത്‌. ലോക്സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി തിരുവനന്തപുരം പ്രസ്‌ ക്ലബ്‌ നടത്തുന്ന സംവാദം ഉദ്ഘാടനം ചെയ്യവെയാണ്‌ കെ.എം. മാണി നരേന്ദ്രമോദിയെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞതെന്നതും ശ്രദ്ധേയമാണ്‌.
നരേന്ദ്രമോദിയാണ്‌ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. രാജ്യമെമ്പാടും മോദി പര്യടനം നടത്തിക്കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിനാളുകളാണ്‌ മോദിയുടെ വാക്കുകള്‍ ശ്രവിക്കാന്‍ റാലികളില്‍ എത്തിക്കൊണ്ടിരിക്കുന്നത്‌. നരേന്ദ്രമോദി തരംഗമായി മാണിക്ക്‌ ബോധ്യപ്പെട്ടില്ലെന്ന്‌ പറയുന്നത്‌ അദ്ദേഹം ആ മേഖലയില്‍ ശ്രദ്ധിച്ചില്ലെന്നതുകൊണ്ടാകാം. കേരളത്തിന്റെ ധനമന്ത്രി ഒരുപക്ഷേ ഗുജറാത്തിലെ ഭരണമികവ്‌ മാത്രമായിരിക്കും കണ്ടുകാണുക.
ലവലേശം അഴിമതി ഇല്ലാത്ത ഭരണമാണ്‌ നരേന്ദ്രമോദി ഗുജറാത്തില്‍ നടപ്പിലാക്കിയത്‌ എന്നതുമാത്രമല്ല അദ്ദേഹത്തിന്റെ മികവ്‌. ഗുജറാത്തിന്റെ സമഗ്രവികസനത്തിന്‌ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു. അതിവേഗം വികസിക്കുന്ന സംസ്ഥാനം ഇന്ത്യയില്‍ ഗുജറാത്തു മാത്രം എന്ന അവസ്ഥയുണ്ടാക്കി. തൊഴില്‍, കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ, വ്യാവസായിക മേഖലകളിലെല്ലാം വന്‍ കുതിപ്പാണുണ്ടാക്കിയത്‌. എല്ലാ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഗുജറാത്തിലെ ഈ വിസ്മയം നേരിട്ടനുഭവിക്കാന്‍ ആഗ്രഹിക്കുന്നു. പല സംസ്ഥാനങ്ങളും പ്രതിനിധികളെ അങ്ങോട്ടയയ്ക്കുന്നു. ഒരു സംസ്ഥാനത്തു മാത്രം ഉണ്ടായാല്‍ പോര രാജ്യത്താകമാനം ഈ രീതിയിലുള്ള സമഗ്രവികസനം വേണമെന്നാണ്‌ ജനങ്ങളാഗ്രഹിക്കുന്നത്‌. ഗുജറാത്തിലെ വികസനങ്ങളും അവിടത്തെ പുരോഗതിയും പെരുപ്പിച്ചു കാട്ടിയ കണക്കാണെന്ന ചില പരാമര്‍ശങ്ങള്‍ ഉയരാറുണ്ട്‌. എന്നാല്‍ അതൊക്കെ കണ്ണടച്ചിരുട്ടാക്കാനുള്ള ശ്രമം മാത്രമാണ്‌. വ്യാവസായികവും കാര്‍ഷികവുമായ പുരോഗതിയെ സമന്വയിപ്പിച്ചുകൊണ്ട്‌ മുന്നേറുന്ന ഗുജറാത്തിലാണ്‌ രാജ്യത്തിന്റെ മൊത്തം ബാങ്കിംഗിന്റെ 26 ശതമാനം നടക്കുന്നത്‌. ആകെ കയറ്റുമതിയുടെ 22 ശതമാനം പങ്കുപറ്റുന്ന ഗുജറാത്ത്‌ 12 സംസ്ഥാനങ്ങള്‍ക്ക്‌ വൈദ്യുതി വില്‍ക്കുകയാണ്‌. ഏറ്റവും കൂടുതല്‍ നദികളും വൈദ്യുതി ഉത്പാദനം ലാഭകരമായി നടത്താന്‍ ഭൗതിക സാഹചര്യങ്ങളെല്ലാം ഉണ്ടായിട്ടും അത്‌ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സംസ്ഥാനമാണ്‌ കേരളം എന്ന ദുഷ്പേര്‌ നമുക്കുണ്ട്‌. സോളാര്‍ എനര്‍ജിയില്‍ ഗുജറാത്ത്‌ തിളക്കം വര്‍ധിപ്പിച്ചപ്പോള്‍ സോളാറിന്റെ പേരില്‍ കേരളം കെട്ടുനാറിയ തട്ടിപ്പും അഴിമതിയും ദുഷ്പേരുമാണ്‌ വര്‍ധിപ്പിച്ചത്‌.
പതിനഞ്ച്‌ വര്‍ഷം കോണ്‍ഗ്രസ്‌ ഭരിച്ച മറ്റു സംസ്ഥാനങ്ങളുണ്ട്‌. 35 വര്‍ഷം തുടര്‍ച്ചയായി ഇടതുപക്ഷം ഭരിച്ച സംസ്ഥാനവുമുണ്ട്‌. അവര്‍ക്കൊന്നും ഗുജറാത്ത്‌ കൈവരിച്ചതുപോലുള്ള നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതില്‍ ഒരു ലുബ്ധും സംസ്ഥാനം കാണിച്ചിട്ടില്ല.
എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗം കേരളത്തില്‍ വളരെ ദുര്‍ബലമാണ്‌. അതേസമയം ഗുജറാത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അസൂയാവഹമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഉന്നത വിദ്യാഭ്യാസ മേഖലയിലും സ്കൂള്‍ വിദ്യാഭ്യാസ മേഖലയിലും പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലും ഒരുപോലെ വളര്‍ച്ച നേടാന്‍ ഗുജറാത്തിന്‌ സാധിച്ചു. ഗുജറാത്തിലെ സ്കൂള്‍ പ്രവേശന നിരക്ക്‌ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രാഥമിക തലത്തില്‍ 13 ശതമാനവും ദ്വിതീയ തലത്തില്‍ 25.7 ശതമാനവും വര്‍ധനവ്‌ രേഖപ്പെടുത്തി. ദേശീയ ശരാശരിയെക്കാള്‍ എത്രയോ ഉന്നതമാണിത്‌. ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ്‌ ഗുജറാത്ത്‌. സുപ്രീംകോടതിക്കു പോലും ഇതിനെ അഭിനന്ദിക്കേണ്ടി വന്നു. പത്തുവര്‍ഷത്തിനകം ഗുജറാത്തിലെ സര്‍വകലാശാലകളുടെ എണ്ണം 11ല്‍ നിന്നും 42 ആയി. ഇന്ത്യയിലെ ആദ്യത്തെ അധ്യാപകാധ്യാപന സര്‍വകലാശാലയും ലോകത്തിലെ ആദ്യത്തെ ഫോറിന്‍സിക്‌ സര്‍വകലാശാലയും ഗുജറാത്തില്‍ സ്ഥാപിച്ചത്‌ മോദി മുഖ്യമന്ത്രിയായ ശേഷമാണ്‌. കാര്‍ഷിക മേഖലയിലും വന്‍കുതിപ്പാണ്‌ ഗുജറാത്തില്‍. ഒരുപക്ഷേ ഇതൊക്കെ വിലയിരുത്താതെ നരേന്ദ്രമോദിയുടെ ഭരണമികവിനെ പുകഴ്ത്താന്‍ കെ.എം. മാണിയെപ്പോലുള്ള ഒരാള്‍ തയ്യാറാകില്ലല്ലോ. മോദി തരംഗമുണ്ടോ എന്ന സംശയം ഈ മാസം ഒമ്പതിന്‌ മോദി കേരളത്തിലെത്തുമ്പോള്‍ ദൂരീകരിക്കപ്പെടുമെന്നാശിക്കാം. ഏതായാലും കെ.എം. മാണി നടത്തിയ അഭിപ്രായപ്രകടനം വകതിരിവുള്ളതും ആര്‍ജവമുള്ളതുമാണെന്നു പറയാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.