സിഖ്‌ വിരുദ്ധ കലാപം: രാജീവ്ഗാന്ധിക്കെതിരെ സെയില്‍സിങ്ങിന്റെ മകള്‍

Tuesday 4 February 2014 9:28 pm IST

ന്യൂദല്‍ഹി: 1984ല്‍ രാജ്യത്തെ നടുക്കിയ സിഖ്‌ വിരുദ്ധ കലാപത്തില്‍ രാജീവ്ഗാന്ധിക്കുണ്ടായിരുന്ന പങ്കിന്റെ കൂടുതല്‍ തെളിവുകളുമായി മുന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍സിങ്ങിന്റെ മകള്‍ രംഗത്ത്‌. കലാപം ആരംഭിച്ചപ്പോള്‍ മുതല്‍ പലതവണ രാഷ്ട്രപതി സെയില്‍സിങ്‌ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന്‌ മുന്‍രാഷ്ട്രപതിയുടെ മകളായ ഡോ.ഗുര്‍ദീപ്‌ കൗര്‍ വെളിപ്പെടുത്തി.
സിഖ്‌ വിരുദ്ധ കലാപത്തില്‍ രാജീവ്ഗാന്ധി സ്വീകരിച്ച നടപടികള്‍ക്കെതിരെ മുന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍സിങ്ങിന്റെ പ്രസ്‌ സെക്രട്ടറിയായിരുന്ന തര്‍ലോചന്‍സിങ്‌ രംഗത്തെത്തിയതിനു പിന്നാലെയാണ്‌ സെയില്‍സിങ്ങിന്റെ മകളും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‌. സിഖ്‌ വിരുദ്ധ കലാപ സമയത്ത്‌ അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി രാഷ്ട്രപതി ഗ്യാനി സെയില്‍ സിംഗിനെ തന്ത്രപൂര്‍വ്വം അകറ്റി നിര്‍ത്തിയതായാണ്‌ സിംഗിന്റെ മകളുടെ ആരോപണം.
കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത്‌ അക്രമികളെ തുരത്താന്‍ സൈന്യത്തെ വിളിക്കണമെന്നു പറയാന്‍, പരിഭ്രാന്തനായ അച്ഛന്‍ പലകുറി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ വിളിച്ചെങ്കിലും പ്രധാനമന്ത്രിയേയോ ആഭ്യന്തര മന്ത്രി പി.വി. നരസിംഹ റാവുവിനെയോ കിട്ടിയില്ല. സായുധ സൈന്യത്തിന്റെ മുഴുവന്‍ സുപ്രീം കമാന്‍ഡറായ രാഷ്ട്രപതി അപ്പോള്‍ നിസഹായനായിരുന്നു, കടുത്ത മനോവേദനയിലും. ഒടുവില്‍ അടുത്തയാള്‍ക്കാരെ സിഖുകാരുടെ കൂട്ടക്കൊല തടയണമെന്നഭ്യര്‍ഥിച്ച്‌ അവിടേക്കയക്കുകയായിരുന്നു അദ്ദേഹം. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ സെയില്‍ സിംഗിന്റെ മകള്‍ ഡോ. ഗുര്‍ദീപ്‌ കൗര്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‌.
എന്തുകൊണ്ടാണ്‌ അദ്ദേഹത്തിന്‌ അവരെ (രാജീവ്ഗാന്ധിയേയും മറ്റു കേന്ദ്രമന്ത്രിമാരേയും) ഫോണില്‍ കിട്ടാത്തതെന്ന്‌ വിശദീകരിക്കാന്‍ എനിക്ക്‌ കഴിയില്ല. പക്ഷേ അന്നു രാത്രി മുഴുവന്‍ അച്ഛന്‍ അവരെ വിളിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. കലാപം പടര്‍ന്ന പിന്നീടുള്ള രാത്രികളില്‍ അദ്ദേഹം ഉറങ്ങിയിട്ടേയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.