പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശുപാര്‍ശ

Tuesday 4 February 2014 10:36 pm IST

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്നും 58 ആയി ഉയര്‍ത്തണമെന്ന്്‌ ശുപാര്‍ശ. പ്രത്യേക പെന്‍ഷന്‍ ഫണ്ട്‌ രൂപീകരിക്കാന്‍ ശമ്പളത്തില്‍ നിന്നും നല്ലൊരു വിഹിതം നിര്‍ബന്ധമായും സര്‍ക്കാരില്‍ ഡിപ്പോസിറ്റ്‌ ചെയ്യണമെന്നും സംസ്ഥാന ധനസ്ഥിതി അവലോകന കമ്മിറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നു. ശുപാര്‍ശ നിയമസഭയില്‍ വച്ചു.
ജീവനക്കാരില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും, സ്വകാര്യ എയ്ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ ജീവനക്കാരും ഉള്‍പ്പെടും. സംസ്ഥാനത്തെ ഭൂരിഭാഗം സര്‍ക്കാര്‍ സ്ഥാപനങ്ങളും കെഎസ്‌ആര്‍ടിസി ഉള്‍പ്പടെയുള്ള സ്വയംഭരണ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ധനസ്ഥിതി അവലോകന കമ്മിറ്റി സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌ നല്‍കി.
സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസില്‍ പെന്‍ഷന്‌ അര്‍ഹതയുള്ള മുഴുവന്‍ ജീവനക്കാരും അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ പത്തു ശതമാനം നിര്‍ബന്ധമായും സര്‍ക്കാരിന്റെ ഒരു നിര്‍ബന്ധിത സമ്പാദ്യപദ്ധതിയില്‍ നിക്ഷേപിക്കണമെന്നും ശുപാര്‍ശയില്‍ നിഷ്കര്‍ഷിക്കുന്നു. നിക്ഷേപിക്കുന്ന തുക അഞ്ചുവര്‍ഷത്തിനുശേഷം പലിശ സഹിതം സര്‍ക്കാര്‍ തിരികെ നല്‍കേണ്ടതാണ്‌. എന്നാല്‍ ജീവനക്കാരില്‍ നിന്നും നിര്‍ബന്ധമായി സ്വീകരിക്കുന്ന തുക കാലാവധിക്കു ശേഷം ഏതുതരത്തില്‍ മടക്കി നല്‍കുമെന്നതിന്‌ സര്‍ക്കാരിനോ ധനസ്ഥിതി അവലോകന കമ്മിറ്റിക്കോ വ്യക്തതയില്ല. നിലവില്‍ പെന്‍ഷന്‍ വിതരണം ഉള്‍പ്പടെയുള്ള സര്‍ക്കാരിന്റെ വന്‍ സാമ്പത്തിക പ്രതിസന്ധിക്ക്‌ പരിഹാരമായാണ്‌ ജീവനക്കാരുടെ ശമ്പളത്തിന്റെ പത്തുശതമാനം സര്‍ക്കാര്‍ ഈടാക്കുന്നത്‌. അഞ്ച്‌ വര്‍ഷങ്ങള്‍ക്കുശേഷം സര്‍ക്കാരിന്‌ സാമ്പത്തിക ബാധ്യതയൊന്നും ഇല്ലെങ്കില്‍ തുക അന്നത്തെ ഏതെങ്കിലും സംവിധാനത്തിലൂടെ മടക്കി നല്‍കുമെന്ന്‌ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ബി എ പ്രകാശ്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.