ടി പി വധം: ഗൂഢാലോചന സംബന്ധിച്ച്‌ പുതിയ കേസെടുത്തു

Tuesday 4 February 2014 10:27 pm IST

വടകര: ടി.പി.ചന്ദ്രശേഖന്‍ വധത്തിനു പിന്നിലെ ഗൂഢാലോചനയില്‍ സിപിഎം നേതാക്കളുടെ പങ്കിനെ കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട്‌ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ നല്‍കിയ പരാതിയില്‍ എടച്ചേരി പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ആരുടേയും പേരുകള്‍ പരാതിയിലില്ല.
കൊലപാതകത്തിനുള്ള 302, വധഗൂഢാലോചനായ 120 ബി എന്നീ വകുപ്പുകള്‍ ചുമത്തിയാണ്‌ കേസെടുത്തിരിക്കുന്നത്‌. ടി പി കേസ്‌ സിബിഐ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.കെ. രമ സെക്രട്ടേറിയേറ്റിന്‌ മുന്നില്‍ അനിശ്ചിതകാല സമരം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ പുതിയ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌.
ചന്ദ്രശേഖരന്‍ ആര്‍എംപി രൂപീകരിച്ച ശേഷം കടുത്ത ശത്രുതയിലാണ്‌ സിപിഎമ്മെന്നും കുലംകുത്തിയെന്നും വര്‍ഗശത്രുവെന്നും വിശേഷിപ്പിച്ച്‌ ഉന്മൂലനം ചെയ്യണമെന്ന മട്ടില്‍ പ്രസംഗിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്‌. ടി പിയെ വധിക്കാന്‍ 2009ല്‍ നടത്തിയ ഗൂഡാലോചനയുമായി ബന്ധപ്പെട്ട കേസ്‌ ചോമ്പാല പൊലീസ്‌ സ്റ്റേഷനില്‍ നിലവിലുണ്ട്‌. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത്‌ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം സമര്‍പ്പിച്ചു. കേസ്‌ കോഴിക്കോട്‌ എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ്‌ കോടതിയുടെ പരിഗണനയിലാണ്‌ ഈ കേസ്‌. ഇതിനുപുറമേയാണ്‌ വധഗൂഡാലോചനയില്‍ ഉന്നത സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പങ്കുണ്ടെന്നാരോപിച്ച്‌ രമ ഇപ്പോള്‍ പരാതി നല്‍കിയത്‌.
കേസ്‌ രജിസ്റ്റര്‍ ചെയ്ത ശേഷം അന്വേഷണം സിബിഐക്ക്‌ കൈമാറുന്നതിന്റെ മുന്‍കൂട്ടിയുള്ള നടപടിയാണ്‌ എടച്ചേരി പൊലീസ്‌ സ്വീകരിച്ചിരിക്കുന്നതെന്ന്‌ പറയപ്പെടുനുണ്ട്‌. അന്വേഷണം പൂര്‍ത്തിയായ കേസുകള്‍ സിബിഐ ക്ക്‌ വിടുന്നത്‌ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നത്‌ കണക്കിലെടുത്താണ്‌ പുതിയ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.