രാമവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്‍ അന്തരിച്ചു

Wednesday 5 February 2014 9:37 pm IST

തൃപ്പൂണിത്തുറ: കൊച്ചി രാജകുടുംബത്തിലെ വലിയ തമ്പുരാന്‍ രാമവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്‍ അന്തരിച്ചു. 102 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ഇന്നലെ രാവിലെ മകന്‍ ഗോകുല്‍ ദാസിന്റെ എറണാകുളത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. പാറക്കാട്ടു ശാരദാമണി അമ്മയാണ്‌ ഭാര്യ. മക്കള്‍: ബാലഗോപാല്‍(റിട്ട. എഞ്ചിനീയര്‍, പൂനെ), ഗോകുല്‍ദാസ്‌(റിട്ടയേഡ്‌, കാനറ ബാങ്ക്‌), നിര്‍മ്മല, രാധിക. മരുമക്കള്‍:ഗീത, ശൈലജ, സച്ചിദാനന്ദദാസ്‌ (റിട്ട, ഹിന്ദുസ്ഥാന്‍ ഫോട്ടോഫിലിംസ്‌), ശങ്കുണ്ണി(റിട്ട. എസ്‌ ബി ഐ).
സംസ്കാരം വൈകിട്ട് ആറുമണിയോടെ തൃപ്പൂണിത്തുറ രാജകുടുംബം വക ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഹില്‍പാലസ്‌ എ.ആര്‍.ക്യാമ്പിലെ എസ്‌ഐ സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു ഗാര്‍ഡ് ഓഫ്‌ ഓണര്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു വേണ്ടി ജില്ലാ കളക്ടര്‍ ഷെയ്ക്‌ പരീത്‌ റീത്ത്‌ സമര്‍പ്പിച്ചു. തൃപ്പൂണിത്തുറ കളിക്കോട്ട പാലസില്‍ മൃതദേഹം പൊതുദര്‍ശനത്തിന്‌ വെച്ചു. തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷന്‍ ആര്‍.വേണുഗോപാല്‍, പ്രതിപക്ഷ നേതാവ്‌ സി.എന്‍.സുന്ദരന്‍, മുന്‍ നഗരസഭാധ്യക്ഷനും കൊച്ചി ദേവസ്വംബോര്‍ഡ്‌ അംഗവുമായ കെ.കെ.മോഹനന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
രാജകുടുംബാംഗങ്ങളുടെ പതിവ്‌ ചടങ്ങുകള്‍ തൃപ്പൂണിത്തുറ ലക്ഷ്മി തോപ്പു പാലസില്‍ നടന്നു. മരുമകന്‍ സച്ചിദാനന്ദദാസാണ്‌ ചിതയ്ക്ക്‌ തീകൊളുത്തിയത്‌. രാജവാഴ്ച അവസാനിച്ചതിനു ശേഷം ഒമ്പതാമത്തെ വല്യ തമ്പുരാനായിരുന്നു രാമവര്‍മ കൊച്ചനിയന്‍ തമ്പുരാന്‍. കേരളവര്‍മ്മ തമ്പുരാന്‍ തീപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഇദ്ദേഹം മൂത്ത അംഗമായി സ്ഥാനമേറ്റത്‌. കോഴിക്കോട്ട്‌ സ്ഥിരതാമസമാക്കിയ രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാനാണ്‌ അടുത്ത മുതിര്‍ന്ന രാജകുടുംബാംഗം. ശങ്കരന്‍ ഭട്ടതിരിപ്പാടിന്റേയും ലക്ഷ്മി തോപ്പു കൊട്ടാരത്തില്‍ കുഞ്ഞിക്കാവ്‌ തമ്പുരാന്റേയും ഇളയ മകനായാണ്‌ ജനനം. തിരുകൊച്ചി ഗവണ്‍മെന്റ്‌ സര്‍വീസില്‍ സിവില്‍ സപ്ലൈസ്‌, ആരോഗ്യവകുപ്പ്‌, പിഡബ്ല്യുഡി, തുടങ്ങിയ വകുപ്പുകളില്‍ ജോലി ചെയ്തിട്ടുണ്ട്‌.
തൃപ്പൂണിത്തുറ ക്രിക്കറ്റ്‌ ക്ലബ്ബ്‌, എറണാകുളം രാമവര്‍മ്മ ക്ലബ്ബ്‌ എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക പ്രവര്‍ത്തകനായിരുന്നു. ഫ്രണ്ട്സ്‌ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റനായി അന്തര്‍ സംസ്ഥാന ക്രിക്കറ്റ്‌ മത്സരങ്ങളില്‍ ഓള്‍റൗണ്ടറായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. സിക്സര്‍ തമ്പുരാന്‍ എന്നാണ്‌ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.