ജനറല്‍ ആശുപത്രിയില്‍ സാന്ത്വനവുമായി ഗായകന്‍ അഫ്സല്‍

Wednesday 5 February 2014 10:22 pm IST

കൊച്ചി: രോഗികള്‍ക്കു സാന്ത്വനമേകാന്‍ പിന്നണിഗായകന്‍ അഫ്സല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആര്‍ട്സ്‌ ആന്‍ഡ്‌ മെഡിസിന്‍ സാന്ത്വന കലാപരിപാടിയിലാണ്‌ അഫ്സല്‍ മലയാളത്തിന്റെ പ്രിയഗാനങ്ങളുമായി എത്തിയത്‌.
'ശ്രുതിയില്‍ നിന്നുണരും നാദശലഭങ്ങളേ...' എന്ന യേശുദാസിന്റെ ഗാനം അഫ്സല്‍ പാടി തുടങ്ങിയപ്പോള്‍ മുന്നിലെ കസേരകളില്‍ ഇരുന്ന രോഗികള്‍ വേദനമറന്നു. അവരെ ശുശ്രുഷിക്കുന്നവരും പാട്ടില്‍ ലയിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ പുല്‍ത്തകിടില്‍ ഒരുക്കിയ വേദിയില്‍ ബുധനാഴ്ച രാവിലെ 11 മണിക്കായിരുന്നു അഫ്സലിന്റെ സംഗീതപരിപാടി.
അഫ്സല്‍ പാട്ടുതുടര്‍ന്നപ്പോള്‍ ജനറല്‍ ആശുപത്രിയിലെ രോഗികളും ശുശ്രൂഷകരും വേദിയുടെ സമീപത്ത്‌ തിങ്ങിക്കൂടി. അവര്‍ക്കിഷ്ടപ്പെട്ടപാട്ടുകള്‍ പാടാന്‍ അഭ്യര്‍ത്ഥിച്ചു. അവരുടെ ആഗ്രഹപ്രകാരം അഫ്സല്‍ പാടി. എസ്‌ പി ബാലസുബ്രഹ്മണ്യം, മുഹമ്മദ്‌ റാഫി, മെഹ്ബൂബ്‌ , ബാബുരാജ്‌, കെ രാഘവന്‍ മാസ്റ്റര്‍ എന്നിങ്ങനെ ചലച്ചിത്ര സംഗീത ലോകത്തെ പ്രമുഖരുടെ പാടിപ്പതിഞ്ഞപാട്ടുകളുടെ ലോകത്തേക്ക്‌ രോഗികളെ ആനയിച്ചുകൊണ്ട്‌ അഫ്സല്‍ പാടി. ഈശ്വരന്‍ തന്നതാണ്‌ പാടാനുള്ള കഴിവ്‌. അത്‌ നന്മയ്ക്കായി ഉപയോഗിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്‌. അതുകൊണ്ടാണ്‌ കൊച്ചി ബിനാലെയുടെ ആര്‍ട്സ്‌ ആന്‍ഡ്‌ മെഡിസിന്‍ പദ്ധതിയുമായി സഹകരിക്കുന്നത്‌, അഫ്സല്‍ പറഞ്ഞു. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ കലാകാരന്‍മാരോട്‌ ആര്‍ട്സ്‌ ആന്‍ഡ്‌ മെഡിസിന്‍ പദ്ധതിയില്‍ സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുമെന്ന്‌ അഫ്സല്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ട്സ്‌ ആന്‍ഡ്‌ മെഡിസിന്‍ പദ്ധതിയുടെ ഭാഗമായി ജനറലാശുപത്രിയില്‍ ശനിയാഴ്ച മുതല്‍ ചിത്രകല അവതരിപ്പിക്കും. ഓസ്ട്രലിയന്‍ കലാകാരന്‍ ഡാനിയല്‍ കോണല്‍ ആശുപത്രിയിലെത്തി രോഗികളും ശുശ്രുക്ഷകരുമായി ഇടപെട്ട്‌ അവരുടെ ചിത്രങ്ങള്‍ വരക്കും. ചിത്രങ്ങള്‍ രോഗികള്‍ക്കും ശുശ്രൂഷകര്‍ക്കും സമ്മാനിക്കും. പിന്നീട്‌ ചിത്രങ്ങളുടെ പ്രദര്‍ശനം ആശുപത്രി വളപ്പില്‍ സംഘടിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.