ഇടഞ്ഞോടിയ ആന കായലില്‍ വീണ്‌ ചെളിയില്‍ മുങ്ങി, ചരിഞ്ഞു

Thursday 6 February 2014 9:23 pm IST

പള്ളുരുത്തി: ഇടഞ്ഞോടി കായലില്‍ വീണ ആന ചെളിയില്‍ പുതഞ്ഞു, രക്ഷാ പ്രവര്‍ത്തനത്തിനിടെ കുഴഞ്ഞു വീണ്‌ ചരിഞ്ഞു. ഇടക്കൊച്ചി കണ്ണങ്ങാട്ട്‌ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിന്‌ കൊണ്ടുവന്ന തൃശൂര്‍ ദേവസ്വം ബോര്‍ഡിന്‌ കീഴിലെ ശങ്കരന്‍കുളങ്ങര ക്ഷേത്രത്തിലെ 35 വയസുളള അയ്യപ്പന്‍ എന്ന ആനയാണ്‌ ചരിഞ്ഞത്‌.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ ഇടഞ്ഞോടിയ ആന രണ്ടര കിലോമീറ്റര്‍ അകലെ കായലില്‍ വീണത്‌. ചെളിയില്‍ പുതഞ്ഞ ആന പതിനാല്‌ മണിക്കൂര്‍ കായലിലെ ചെളിയില്‍ മുങ്ങിത്താണു. ഒടുവില്‍ ക്രെയിന്‍ ഉപയോഗിച്ച്‌ കരയ്ക്ക്‌ കയറ്റിയ ആന നിമിഷങ്ങള്‍ക്കകം കുഴഞ്ഞുവീണ്‌ ചരിയുകയായിരുന്നു. പള്ളിവേട്ട എഴുന്നള്ളത്തിനിടെ ആനയുടെ മുന്നിലേക്ക്‌ തീവെട്ടി മറിഞ്ഞതാണ്‌ ആന വിരളാന്‍ കാരണമായതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. കണ്ണങ്ങാട്ട്‌ റോഡില്‍നിന്നും അംബേദ്ക്കര്‍ റോഡിലൂടെ പാഞ്ഞ ആന ജ്ഞാനോദയം ക്ഷേത്രം വകയായുള്ള കൊച്ചിന്‍ ഫിഷറീസ്‌ ഇന്‍ഡസ്ട്രീസിലേക്ക്‌ ഓടിക്കയറി. കായല്‍ത്തീരത്തെ ഷെഡ്ഡിന്റെ സമീപത്തുകൂടി ഓടിയ ആന കായലിലേക്ക്‌ വീഴുകയായിരുന്നു. കായലില്‍ വീണയുടനെ ഫിഷറീസ്‌ ഇന്‍ഡസ്ട്രീസിലെ തൊഴിലാളികള്‍ പോലീസിനെ വിവരമറിയിച്ചു. ഈ സമയം ആന കായലിലെ ചതുപ്പില്‍ പകുതിയോളം മുങ്ങിത്താണിരുന്നു. പള്ളുരുത്തി എസ്‌ഐ യേശുദാസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘവും സ്ഥലത്ത്‌ എത്തിയിരുന്നു.
ആനയുടമാ സംഘത്തിന്റെ നേതൃത്വത്തിലുള്ള എലിഫന്റ്‌ സ്ക്വാഡ്‌ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. ഒരുവശം ചരിഞ്ഞുവീണ ആനക്ക്‌ ശ്വാസം വിടാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ആന ചതുപ്പില്‍ ജീവനുവേണ്ടി മുങ്ങിപ്പിടഞ്ഞു. ഉച്ചക്ക്‌ രണ്ടരയോടെ സമീപത്തെ ക്രെയിന്‍ ഓപ്പറേറ്റിംഗ്‌ സെന്ററില്‍നിന്നും ക്രെയിന്‍ എത്തിച്ച്‌ രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കഴുത്തിലും മുന്‍കാലുകള്‍ക്കും ഇടയിലൂടെ വടംകെട്ടി ക്രെയിനില്‍ ഘടിപ്പിച്ച്‌ അയ്യപ്പനെ ഉയര്‍ത്തി പണിപ്പെട്ട്‌ കരയ്ക്കെത്തിക്കുകയായിരുന്നു. തൃശൂരില്‍നിന്നും എത്തിയ വെറ്ററിനറി ഡോക്ടര്‍ വി.ബി. ഗിരിദാസ്‌ ഗ്ലൂക്കോസ്‌ നല്‍കി. 3.30 ഓടെ ആന കുഴഞ്ഞുവീഴുകയായിരുന്നു. ആനയുടെ ഹൃദയമിടിപ്പ്‌ പരിശോധിച്ച ഡോക്ടര്‍ ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചു. നിരവധി ഉത്സവങ്ങള്‍ക്ക്‌ തിടമ്പേറ്റിയിട്ടുള്ള ശങ്കരന്‍കുളങ്ങര അയ്യപ്പന്‍ പൊതുവെ ശാന്തപ്രകൃതക്കാരനായിരുന്നുവെന്ന്‌ ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.
സമയത്ത്‌ രക്ഷാ പ്രവര്‍ത്തനം നടത്താത്തതിനാലാണ്‌ ആന ചരിഞ്ഞതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. പുലര്‍ച്ചെ 1.30 ന്‌ കായലില്‍ വീണ ആനയെ രക്ഷപ്പെടുത്തുന്നതിന്‌ കാര്യമായ ശ്രമങ്ങളൊന്നും അധികൃതര്‍ നടത്തിയില്ല. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. പത്ത്‌ മണിക്കൂറിന്‌ ശേഷമാണ്‌ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്‌.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.