മില്‍മപാല്‍ വിലവര്‍ദ്ധനവ്‌ ഇന്നുമുതല്‍; പാല്‍ വില വര്‍ദ്ധനവ്‌ ജനങ്ങള്‍ക്ക്‌ ഇരുട്ടടിയായി

Sunday 4 September 2011 8:21 pm IST

കണ്ണൂറ്‍: മലയാളികള്‍ക്ക്‌ ഓണസമ്മാനമായി നല്‍കിയ മില്‍മപാല്‍ വില വര്‍ദ്ധനവ്‌ ഇന്നുമുതല്‍ നിലവില്‍ വരും. ഓണത്തലേന്ന്‌ തന്നെ ലിറ്ററിന്‌ ൫ രൂപ വെച്ച്‌ കൂട്ടിയ മില്‍മയുടെ നടപടി ജനങ്ങള്‍ക്ക്‌ ഇരുട്ടടിയായിമാറിയിരിക്കുകയാണ്‌. ക്ഷീരകര്‍ഷകരെ രക്ഷിക്കാനാണെന്ന ഓമന പേരിലാണ്‌ ഒറ്റയടിക്ക്‌ ൫ രൂപ വില കൂട്ടിയത്‌. സാമ്പത്തിക പ്രതിസന്ധിയിലായ മില്‍മയെ സഹായിക്കാനാണ്‌ വില കൂട്ടിയതെന്നും ആരോപണമുണ്ട്‌. ഓണക്കാലമായതോടെ പാലിണ്റ്റെ ഉപയോഗം കുത്തനെ കൂടും. ഇത്‌ മുതലെടുക്കാനാണ്‌ നീക്കം. ഇപ്പോള്‍ ൧൨ ലക്ഷം ലിറ്റര്‍ പാലാണ്‌ പ്രതിദിനം വിതരണം ചെയ്യുന്നത്‌. ഓണമടുത്തതോടെ ഇത്‌ കുത്തനെ കൂടി ൨൪ ലക്ഷം ലിറ്ററിലെത്തിനില്‍ക്കും. മഹാരാഷ്ട്ര, തമിഴ്നാട്‌, കര്‍ണ്ണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ്‌ പാല്‍ എത്തിക്കുന്നത്‌. ഈ അവസരത്തിലുള്ള വില വര്‍ദ്ധനവ്‌ മില്‍മയ്ക്ക്‌ ഏറെ ഗുണം ചെയ്യും. ഇപ്പോള്‍ ശരാശരി ഏഴേകാല്‍ ലക്ഷം ലിറ്റര്‍ പാല്‍ മാത്രമേ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നുള്ളു. അന്യ സംസ്ഥാനങ്ങളിലെ പാലിനെ ആശ്രയിച്ചാണ്‌ മില്‍മയുടെ പ്രവര്‍ത്തനം. ക്ഷീരമേഖലകളില്‍ നിന്നും ജനം വഴിമാറിയത്‌ മൂലമാണ്‌ പാല്‍ ക്ഷാമം കേരളത്തില്‍ രൂക്ഷമായത്‌.കാലിതീറ്റ, പുല്ല്‌ എന്നിവയുടെ വിലക്കയറ്റം, അത്യുല്‍പാദനശേഷിയുള്ള പശുക്കളുടെ ലഭ്യതകുറവ്‌ ഇത്തരത്തിലുള്ള പശുക്കളെ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചാല്‍ തന്നെ പരിപാലനം ചെയ്യാനുള്ള ബുദ്ധിമുട്ട്‌ എന്നിവയാണ്‌ പലരും പശുവളര്‍ത്തലില്‍ നിന്നും പിറകോട്ടുപോകാന്‍ കാരണമായത്‌. ഇതിനെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാവാത്തതും പ്രതിസന്ധിക്ക്‌ കാരണമായിട്ടുണ്ട്‌. ദേശീയ തൊഴില്‍ദാന പദ്ധതിയിലുള്‍പ്പെടുത്തി രണ്ട്‌ പശുക്കളെ വളര്‍ത്തുന്നവര്‍ക്ക്‌ ൧൦൦ ദിവസത്തെ വേതനം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ ഗ്രാമവികസന മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ഇത്‌ പ്രായോഗികമായിട്ടില്ല. അതുകൊണ്ട്‌ തന്നെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലാണ്‌. ഇന്ന്‌ മുതല്‍ വര്‍ദ്ധിപ്പിക്കുന്ന ൫ രൂപയില്‍ ൪.൨൦ രൂപ കര്‍ഷകനും ൨൦ പൈസവീതം ഏജണ്റ്റുമാര്‍ക്ക്‌ കമ്മീഷനും സൊസൈറ്റികള്‍ക്കും, മില്‍മ മേഖലായൂണിയനും, പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവ്‌ നേരിടുന്നതിനുള്ള പ്രത്യേക ഫണ്ടിലേക്കും നല്‍കുമെന്നാണ്‌ മില്‍മ പറയുന്നത്‌. നിലവില്‍ കര്‍ഷകന്‌ കിട്ടുന്ന ലിറ്ററിന്‌ ൧൮.൭൫ രൂപ എന്നത്‌ ഇന്നുമുതല്‍ ൨൨.൯൫ ആയി വര്‍ദ്ധിക്കും. ഇതുവഴി മില്‍മയെ കൈയൊഴിയുന്ന കര്‍ഷകരെ ഒരുപരിധിവരെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നാണ്‌ മില്‍മ അധികൃതരുടെ കണക്കുകൂട്ടല്‍. ൨൦൧൦ ജൂണ്‍ ൨൮നാണ്‌ അവസാനമായി പാല്‍വില കൂട്ടിയത്‌. കോടതിതീരുമാന പ്രകാരമാണ്‌ ഇപ്പോഴത്തെ വര്‍ദ്ധനവ്‌ നടപ്പിലാക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.