റോഡിലെ കുഴി: കാര്‍ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ പിഞ്ചുകുഞ്ഞ്‌ മരിച്ചു

Sunday 4 September 2011 10:32 pm IST

കാസര്‍കോട്‌: കറന്തക്കാട്‌ റോഡിലെ കുഴി വെട്ടിക്കുന്നതിനിടയില്‍ കാര്‍ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ പിഞ്ചു കുഞ്ഞ്‌ മരിച്ചു. അഞ്ചുപേര്‍ക്ക്‌ പരിക്ക്‌. അണങ്കൂറ്‍ ടിപ്പുനഗറിലെ മുഹമ്മദ്‌ റാഫിയുടെയും ഫസീലയുടെയും മകന്‍ മുഹമ്മദ്‌ റിസ്വാന്‍ (ഒന്ന്‌) ആണ്‌ മരിച്ചത്‌. കാര്‍ ഓടിച്ച ചൌക്കി കല്ലങ്കൈയിലെ മുഹമ്മദ്‌ , ഭാര്യ സഹോദരന്‍ പള്ളിക്കരയിലെ നിസാര്‍ , ഭാര്യ ഹനീന ബന്ധുക്കളായ ഫസീല, നാഫിയ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. മുഹമ്മദിന്‌ സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു വൈകിട്ട്‌ അഞ്ചരയോടെ കറന്തക്കാട്‌ പെട്രോള്‍ പമ്പിനു മുന്‍വശത്തുവെച്ചാണ്‌ അപകടം. ചൌക്കി കല്ലങ്കൈയില്‍ നിന്ന്‌ മുഹമ്മദിണ്റ്റെ വീട്ടില്‍ പെരുന്നാള്‍ വിരുന്നു കഴിഞ്ഞ്‌ കുടുംബസമേതം കാസര്‍കോട്‌ ഭാഗത്തേക്ക്‌ വരികയായിരുന്ന കാറാണ്‌ നിയന്ത്രണം വിട്ട്‌ മൂന്നുതവണ മലക്കം മറിഞ്ഞത്‌. ഓടിക്കൂടിയവരാണ്‌ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്‌. തൊട്ടടുത്ത്‌ ഉണ്ടായിരുന്ന ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. തലകീഴായി മറിഞ്ഞ കാര്‍ വെട്ടിപ്പൊളിച്ചാണ്‌ അപകടത്തിനിരയായവരെ ആശുപത്രിയില്‍ എത്തിച്ചത്‌. മുഹമ്മദ്‌ റിസ്വാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിലെ ചതിക്കുഴികള്‍ നിരവധി ജീവനുകളാണ്‌ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പൊലിഞ്ഞത്‌. കാസര്‍കോട്‌- മംഗലാപുരം ദേശീയപാതയിലും, ചന്ദ്രഗിരികാഞ്ഞങ്ങാട്‌ സംസ്ഥാന പാതയിലും നിരവധി ചതിക്കുഴികളാണ്‌ ഉള്ളത്‌. കുഴിയില്‍ വീണ്‌ അപകടത്തില്‍പ്പെട്ട്‌ മാരകമായി പരിക്കേല്‍ക്കുന്നവരും നിരവധിയാണ്‌.