സിബിഐ അന്വേഷണം: സര്‍ക്കാര്‍ രമയെ വഞ്ചിക്കുന്നു-കെ. സുരേന്ദ്രന്‍

Friday 7 February 2014 11:06 pm IST

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് ചന്ദ്രശേഖരന്റെ വിധവ രമയെയും കേരള ജനതയെയും വഞ്ചിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സിബിഐ അന്വേഷണം തത്ത്വത്തില്‍ അംഗീകരിച്ചെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തിനു ശേഷം പറഞ്ഞത്. ഈ തീരുമാനം എത്രയോ മാസം മുമ്പ് എടുത്തതാണ്. വെറും വാക്കു മാത്രമാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. സിബിഐ അന്വേഷണത്തിനായി വ്യക്തമായ ധാരണയോ നിലപാടോ യുഡിഎഫിനില്ല. ഉമ്മന്‍ചാണ്ടിയുടെ വാക്ക് വിശ്വസിച്ച് സമരം അവസാനിപ്പിച്ച ആര്‍എംപി നേതൃത്വം വഞ്ചന തിരിച്ചറിയണം. സ്‌നേഹപ്രകടനമല്ല ആര്‍എംപിയെ ഇല്ലാതാക്കാനുള്ള ധൃതരാഷ്ട്രാലിംഗനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കേരളസമൂഹം തിരിച്ചറിയണമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും പിണറായി വിജയനെയും സിപിഎമ്മിനെയും ഭയമാണ്. മാറാട് കലാപം, സോളാര്‍ അഴിമതി, ടി.പി വധം, ലാവ്‌ലിന്‍ കേസ് തുടങ്ങി പ്രധാന സംഭവങ്ങളിലെല്ലാം സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഒത്തുകളി രാഷ്ട്രീയം നടക്കുകയാണ്. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ വിജ്ഞാപനമിറങ്ങിയിട്ടും സിബിഐ അന്വേഷണം നടന്നില്ല. ടി.പി കേസില്‍ ഗൂഢാലോചന അന്വേഷിക്കില്ലെന്ന ഉറപ്പിന്മേലാണ് സിപിഎം സോളാര്‍ വിവാദം അവസാനിപ്പിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.