മരണമില്ലാത്തവന്‍

Saturday 8 February 2014 9:01 pm IST

നിഡോ താനിയ ലജ്പാല്‍ നഗറിലെ തെരുവില്‍ തല്ലുകൊണ്ട്‌ പിടഞ്ഞുവീണത്‌ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം രാജ്യം ആചരിക്കുന്നതിന്റെ തലേന്നാണ്‌. കേന്ദ്രസര്‍ക്കാരും കേജ്‌രിവാള്‍ സര്‍ക്കാരും ആം ആദ്മി ഭരണം നടത്തുന്ന ദല്‍ഹിയുടെ ഹൃദയഭാഗത്തായിരുന്നു പത്തൊമ്പതുകാരനായ നിഡോയുടെ ജീവന്‍ പൊലിഞ്ഞത്‌. ദല്‍ഹിയിലെ പോലീസ്‌, പേര്‌ കേട്ട ആം ആദ്മി സര്‍ക്കാര്‍, രാജ്യത്തിന്റെ ആഭ്യന്തരം നിയന്ത്രിക്കുന്ന ഷിന്‍ഡെ, മൂവരേയും നിയന്ത്രിക്കുന്ന സോണിയ ആന്റ്‌ സണ്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനി...ആരും അനങ്ങിയില്ല. നിഡോയുടെ മരണ കാരണം തിരക്കി അന്വേഷണാത്മക ദൃശ്യമാധ്യമങ്ങള്‍ ഈ കേന്ദ്രങ്ങളിലേക്കൊന്നും ക്യാമറയുമായി പകര്‍ന്നാടിയില്ല.
ഒരാഴ്ച പിന്നിട്ടപ്പോള്‍ നരേന്ദ്രമോദി മീററ്റിലെത്തി റാലിയില്‍ പങ്കെടുക്കുമ്പോഴാണ്‌ നിഡോയുടെ മരണം ചര്‍ച്ച ചെയ്യപ്പെടുന്നത്‌. സോണിയയുടെ മൂക്കിന്‌ താഴെയാണ്‌ അരുണാചല്‍ ബാലന്റെ അന്ത്യം സംഭവിച്ചതെന്ന്‌ മോദി പറഞ്ഞു. മീററ്റില്‍ തടിച്ചുകൂടിയ ലക്ഷങ്ങളെ നോക്കി മോദി പറഞ്ഞു, 'സഹോദരന്മാരെ, അരുണാചലുകാര്‍ അന്യരല്ല. നമ്മള്‍ പരസ്പ്പരം റാം റാം എന്നോ നമസ്തെ എന്നോ അഭിവാദ്യം ചെയ്യുമ്പോള്‍ അരുണാചലിലെ പ്രിയപ്പെട്ടവര്‍ 'ജയ്ഹിന്ദ്‌' എന്നാണ്‌ വിളിക്കാറുള്ളത്‌. ഭാരതത്തെ ഹൃദയത്തോട്‌ ചേര്‍ത്ത്‌ ജീവിക്കുന്ന അന്നാട്ടുകാരിലൊരാളെ ചൈനാക്കാരന്‍ എന്ന്‌ അധിക്ഷേപിച്ച്‌ തല്ലിക്കൊന്നപ്പോള്‍ കേന്ദ്രവും കേജ്‌രിവാളും ഉറങ്ങുകയായിരുന്നു."
നിഡോയുടെ ബന്ധുജനങ്ങളുടെ കണ്ണീരിനൊപ്പം ചേര്‍ന്ന്‌ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ ചെറുപ്പക്കാര്‍ ദല്‍ഹിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ജലാന്തര്‍ സര്‍വകലാശാലയില്‍ ഒന്നാംവര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു നിഡോ താനിയ. അരുണാചലിലെ കോണ്‍ഗ്രസ്‌ എംഎല്‍എ നിഡോ പവിത്രയുടെയും അരുണാചല സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്‌ ചെയര്‍പേഴ്സണ്‍ മരീന നിഡോയുടെയും മകന്‍. തികഞ്ഞ ദേശാഭിമാനി. ചൈനീസ്‌ കടന്നുകയറ്റത്തിന്റെ അലയൊലികളില്‍ രാജ്യത്തിന്റെ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങള്‍ പകച്ചുനില്‍ക്കുമ്പോഴും ഭാരതീയനാകുന്നതില്‍ അഭിമാനിക്കൂ എന്ന്‌ ഉദ്ഘോഷിച്ച ഒരു നാടിന്റെ സന്തതി. നിഡോ താനിയ തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നത്‌ ഇങ്ങനെയാണ്‌, 'വ്യാളി മുഖത്താണ്‌ ഞങ്ങള്‍, എന്നാല്‍ അധിനിവേശങ്ങളെ ആത്മശക്തികൊണ്ട്‌ തുരത്തിയ പാരമ്പര്യമുണ്ട്‌ ഈ നാടിന്‌. ഇതാ ഇവിടെയാണ്‌ ഭാരതത്തിന്റെ സൂര്യന്‍ ഉദിക്കുന്നത്‌!
ലജ്പത്‌ നഗറില്‍ ജനുവരി 29 ന്‌ ഉച്ചനേരത്താണ്‌ നിഡോ അടിയേറ്റ്‌ വീണത്‌. ചെമ്പിച്ച നിറത്തിലുള്ള തന്റെ തലമുടിയെ ലജ്പത്‌ നഗറിലെ കച്ചവടക്കാര്‍ അധിക്ഷേപിച്ചപ്പോള്‍ നിഡോ ചിരിച്ചതേയുള്ളൂ. പക്ഷേ ചൈനാക്കാരന്‍ എന്ന്‌ വിളിച്ചപ്പോള്‍ അവന്‍ പ്രകോപിതനായി. ചെറിയ കണ്ണുകള്‍ വിടര്‍ത്തി ദല്‍ഹിയിലെ മാടമ്പിമാരോട്‌ അവന്‍ പറഞ്ഞു. 'ഞാന്‍ ഇന്ത്യക്കാരനാണ്‌. ഞാന്‍ നില്‍ക്കുന്നത്‌ എനിക്ക്‌ അവകാശപ്പെട്ട ഇടത്താണ്‌' പറഞ്ഞുതീരും മുമ്പെ അടി വീണു. ഇന്ത്യക്കാരനാണെന്ന്‌ നെഞ്ചുറപ്പോടെ പറഞ്ഞതിനാണ്‌ നിഡോ താനിയ തല്ലേറ്റ്‌ വീണതെന്ന്‌ വായിച്ചെടുക്കുമ്പോള്‍ എത്ര ഭീകരമാണ്‌ നമ്മുടെ നാട്‌ നേരിടുന്ന പ്രശ്നം എന്ന്‌ അധികാര കേന്ദ്രങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു.
എന്തുകൊണ്ട്‌ ഒരു ഭാരതീയന്‍ പട്ടാപ്പകല്‍ തല്ലേറ്റു വീഴുന്നു എന്ന ആലോചന ആ പ്രദേശത്തെ കച്ചവടക്കാരുടെ സംഘടിത സ്വാഗതത്തിലേക്കും വിരല്‍ ചൂണ്ടുന്നു. ഫര്‍ഹാന്‍, അക്രം തുടങ്ങിയ മതവെറിയന്മാര്‍ മേയുന്ന ഇടത്താണ്‌ താനിയ തല്ലേറ്റ്‌ വീണത്‌. ദല്‍ഹിയിലെ പോലീസേമാന്മാര്‍ കണ്ണും പൂട്ടി കയ്യടി കൊടുക്കും ഈ മാഫിയാ ഗ്യാംഗിന്‌. തന്റെ മകന്റെ ജീവനെടുത്തത്‌ ദല്‍ഹിയിലെ ഒരു കൂട്ടം ക്രിമിനലുകളും അവരുടെ കൂലിക്കാരായ പോലീസും ചേര്‍ന്നാണെന്ന നിഡോയുടെ അമ്മ മരീനയുടെ വാക്കുകളില്‍ അത്‌ വ്യക്തമാണ്‌.
നിഡോ താനിയയുടെ സുഹൃത്തുക്കള്‍ പാ ജംഗ്പുംഗ്തെയും തദര്‍ താജീയും ചേര്‍ന്നാണ്‌ ദല്‍ഹിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ റാലി സംഘടിപ്പിച്ചത്‌. അവരുടെ പ്രതിഷേധത്തില്‍ പങ്ക്‌ ചേരാനെത്തിയ മരീന നിഡോ, ഹൃദയം തകര്‍ന്ന്‌ പറഞ്ഞത്‌, സ്വന്തം മകന്റെ ചോരയ്ക്ക്‌ പകരം വീട്ടാന്‍ ഏതറ്റം വരെയും പോകും എന്നാണ്‌. "അവന്‌ ഞാന്‍ എന്നെ നല്‍കി. നിഡോ പറയുമായിരുന്നു ലോകത്തെ ഏറ്റവും മഹത്വമുള്ള അമ്മയാണ്‌ ഞാന്‍ എന്ന്‌. ഇപ്പോള്‍ എനിക്കത്‌ മനസ്സിലാകുന്നു. അരുണാചലിനെ ചൈനയ്ക്ക്‌ തീറെഴുതാന്‍ ഒരുങ്ങിയിറങ്ങിയവരാണ്‌ ദല്‍ഹിയിലെ ഈ അതിക്രമങ്ങള്‍ക്ക്‌ പിന്നില്‍. ഞങ്ങള്‍ ചൈനയിലേക്ക്‌ പോകണമെന്നാണോ ഇവര്‍ പറയുന്നത്‌. അത്‌ നടക്കില്ലെന്നുള്ളതിന്റെ ഉജ്ജ്വലമായ പ്രഖ്യാപനമാണ്‌ എന്റെ മകന്റെ രക്തസാക്ഷിത്വം." ബോളിവുഡ്‌ സിനിമകളെ പ്രണയിക്കുന്ന തങ്ങളെ എങ്ങനെയാണ്‌ ഇവിടുത്തുകാര്‍ക്ക്‌ ചൈനാക്കാര്‍ എന്ന്‌ വിളിക്കാന്‍ തോന്നുന്നതെന്ന്‌ പാജംഗ്‌ പുംഗ്‌ തെ ചോദിക്കുന്നതും ഈ അര്‍ത്ഥത്തിലാണ്‌.
അരുണാചലിലെ ലോവര്‍ സുബന്‍സിരി ജില്ലയില്‍ താമന്‍ ഗ്രാമത്തില്‍ കളിച്ചുവളര്‍ന്ന നിഡോ താനിയ തലസ്ഥാന നഗരിയില്‍ കൊല്ലപ്പെട്ടത്‌ അങ്ങേയറ്റം അരക്ഷിതമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യസാഹചര്യങ്ങളുടെ നേരെയുള്ള വിരല്‍ ചൂണ്ടലാണ്‌. രാജ്യത്തിന്റെ എല്ലാ കോണുകളിലും വിഘടനവാദത്തിന്റെ സന്തതികള്‍ കൂട്ടംകൂട്ടമായി പാര്‍പ്പുറപ്പിച്ചിരിക്കുന്നു. കച്ചവടക്കാരായി, തൊഴിലാളികളായി, യാചകരായി, ഉദ്യോഗസ്ഥരായി എന്നുവേണ്ട ഏത്‌ വേഷത്തിലും അവര്‍ തങ്ങളുടേതായ 'കമ്യൂണുകള്‍' തീര്‍ക്കുന്നു. പിന്നെ നാടിന്റെ പാരമ്പര്യത്തിനും സംസ്കാരത്തിനുംമേല്‍ തങ്ങളുടെ അധീശത്വം പ്രഖ്യാപിക്കുന്നു.
അവിടെ അവരുടെ ലോകമാണ്‌. ചെമ്പിച്ച മുടിയുള്ള, ചെറിയ കണ്ണുകളുള്ള, നിഡോ താനിയ അവര്‍ക്ക്‌ സ്വീകാര്യനാകുന്നു. 'ഞങ്ങള്‍ക്ക്‌ കിട്ടിയ മഞ്ഞനിറം സ്വര്‍ണസൂര്യന്റെ കതിരുകള്‍ തന്നതാണ്‌', അരുണാചലില്‍ ഒരു നാടോടിപ്പാട്ടുണ്ട്‌. ഭാരതം വിശാലമായ അതിന്റെ കരങ്ങള്‍ നീട്ടി മാര്‍ത്തട്ടിലേക്ക്‌ അടുക്കിപ്പിടിച്ച സൂര്യ പുത്രന്മാര്‍ക്ക്‌ നേരെയാണ്‌ ദല്‍ഹി വിവേചനത്തിന്റെ വിഷം തുപ്പുന്നത്‌. ഒടുവില്‍ കേജ്‌രിവാള്‍ കേന്ദ്രത്തേയും കേന്ദ്രം കേജ്‌രിവാളിനെയും അധിക്ഷേപിക്കുകയാണ്‌. എന്നിട്ടും ദേശാഭിമാനികളായ അന്നാട്ടുകാര്‍ക്ക്‌ വേണ്ടി ഒരു വാക്ക്‌ ഉരിയാടാന്‍ ഇരുകൂട്ടര്‍ക്കും കഴിയുന്നില്ല എന്നതാണ്‌ ഭാരതം നേരിടുന്ന ദുരന്തം. രാഷ്ട്ര ഏകതയുടെ മഹാപ്രതീകത്തെ മുന്‍നിര്‍ത്തി മാറ്റത്തിന്റെ കാഹളം മുഴങ്ങുന്നുണ്ട്‌. അരുണാചല്‍ നാടിന്റെ കരുത്താണെന്ന ചരിത്രപരമായ പ്രഖ്യാപനത്തിലേക്കുള്ള വഴി തുറക്കലാകും നിഡോ താനിയയുടെ ബലിദാനം എന്ന നിരീക്ഷണം ഇത്തരുണത്തിലാണ്‌ അര്‍ത്ഥവത്താകുന്നത്‌.
എം. സതീശന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.