സിസിഎല്‍ ക്രിക്കറ്റ്‌: ഗതാഗത ക്രമീകരണം

Saturday 8 February 2014 9:58 pm IST

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന്‌ നടക്കുന്ന സിസിഎല്‍ ക്രിക്കറ്റ്‌ മത്സരങ്ങളോടനുബന്ധിച്ച്‌ കൊച്ചി സിറ്റിയില്‍ താഴെ പറയുന്ന ഗതാഗതക്രമീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന്‌ ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു.
എന്‍എച്ച്‌ 47 ലൂടെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക്‌ വരുന്ന വാഹനങ്ങള്‍ കാണികളെ ഇടപ്പള്ളി ബൈപ്പാസ്‌, പാലാരിവട്ടം, വൈറ്റില ജംഗ്ഷനുകളില്‍ ഇറക്കി കണ്ടെയ്നര്‍ റോഡ്‌, നാഷണല്‍ ഹൈവേയില്‍ ഇടപ്പള്ളി മുതല്‍ വൈറ്റില ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള സര്‍വീസ്‌ റോഡുകളിലും ഗതാഗത തടസമുണ്ടാകാതെ പാര്‍ക്ക്‌ ചെയ്യണം.
മത്സരം കാണുന്നതായി ചെറിയ വാഹനങ്ങളില്‍ വരുന്നവര്‍ക്ക്‌ പാലാരിവട്ടം റൗണ്ട്‌, തമ്മനം റോഡ്‌ വഴിയും പാലാരിവട്ടം-ചളിക്കവട്ടം-ഐഷാ റോഡ്‌-തമ്മനം റോഡ്‌ വഴിയും വൈറ്റില ഭാഗത്തുനിന്നും എസ്‌എ റോഡ്‌, കടവന്ത്ര, കതൃക്കടവ്‌ കാരണക്കോടം വഴിയും സ്റ്റേഡിയത്തിന്റെ പിന്‍ഭാഗത്ത്‌ എത്തിച്ചേരണം. നഗരത്തിലേക്ക്‌ വരുന്ന ചെറിയ വാഹനങ്ങള്‍ സ്റ്റേഡിയത്തിന്‌ മുന്‍വശത്തുള്ള പാര്‍ക്കിംഗ്‌ ഗ്രൗണ്ടുകള്‍, സെന്റ്‌ ആല്‍ബര്‍ട്ട്സ്‌ കോളേജ്‌ ഗ്രൗണ്ട്‌, കാരണക്കോടം സെന്റ്‌ ജൂഡ്‌ ചര്‍ച്ച്‌ ഗ്രൗണ്ട്‌, ഐഎംഎ ഗ്രൗണ്ട്‌, സ്റ്റേഡിയത്തിന്‌ പിന്നിലുള്ള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്‌, ഹെലിപാഡ്‌ ഗ്രൗണ്ട്‌ എന്നിവിടങ്ങളിലും ഗതാഗത തടസമുണ്ടാകാതെ പാര്‍ക്ക്‌ ചെയ്യണം.
ഇടപ്പള്ളി ബൈപ്പാസ്‌ മുതല്‍ നോര്‍ത്ത്‌ ഓവര്‍ബ്രിഡ്ജ്‌ വരെയുള്ള ഇടപ്പള്ളി, ഹൈക്കോര്‍ട്ട്‌ റോഡില്‍ മെട്രോ റെയില്‍ ജോലികള്‍ നടക്കുന്നതിനാല്‍ സര്‍വീസ്‌ ബസ്സുകള്‍ ഒഴികെ മറ്റ്‌ എല്ലാത്തരം വാഹനങ്ങള്‍ക്കും അന്നേദിവസം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ യാതൊരു വാഹനങ്ങളും ഈ റോഡില്‍ പാര്‍ക്ക്‌ ചെയ്യാന്‍ പാടില്ല. സ്റ്റേഡിയത്തിന്റെ മെയിന്‍ ഗേറ്റ്‌ മുതല്‍ സ്റ്റേഡിയം വരെയുള്ള റോഡിലും സ്റ്റേഡിയത്തിന്‌ ചുറ്റുമുള്ള റോഡിലും പാര്‍ക്കിംഗ്‌ പാടില്ല.
സ്റ്റേഡിയത്തിനകത്ത്‌ പ്ലാസ്റ്റിക്‌ കുപ്പികളില്‍ വെള്ളം കൊണ്ടുവരാം. ചില്ലുകുപ്പികള്‍ അനുവദിക്കില്ല. ഉച്ചയ്ക്ക്‌ 1.30 മുതല്‍ സ്റ്റേഡിയത്തിനകത്തേക്ക്‌ പ്രവേശിപ്പിക്കും. മെഡിക്കല്‍ സഹായത്തിനായി സ്റ്റേഡിയത്തില്‍ നാല്‌ ആംബുലന്‍സുകളുണ്ട്‌. സ്റ്റേഡിയത്തിനകത്തും പുറത്തും സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളതും ഇവയുടെ ദൃശ്യങ്ങള്‍ തല്‍സമയം നിരീക്ഷിക്കുന്നതിനും കുഴപ്പക്കാരെ കണ്ടുപിടിക്കുന്നതിനും പോലീസ്‌ കണ്‍ട്രോള്‍ റൂമില്‍ സംവിധാനമുണ്ട്‌. ഗ്രൗണ്ടിലേക്ക്‌ കുപ്പികളും മറ്റ്‌ സാധനങ്ങളും എറിയാന്‍ പാടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.