അക്കാദമികള്‍ വീതംവയ്പ്പിന്‌

Thursday 23 June 2011 11:24 pm IST

കേരളത്തില്‍പുതിയൊരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട്‌ കുറച്ചു ദിവസങ്ങള്‍ മാത്രമേ ആകുന്നുള്ളു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്നാണ്‌ പൊതുവെ പറയുന്നത്‌. പുതിയ സര്‍ക്കാരിന്‌ ഭരണംതുടങ്ങിയെന്ന്‌ ജനങ്ങളെ ബോധിപ്പിക്കാന്‍ നൂറു ദിവസമെങ്കിലും സമയം നല്‍കണമെന്നാണ്‌ ചിലരുടെയെങ്കിലും അഭിപ്രായം. എന്നാല്‍ നൂറ്‌ ദിനത്തിലേക്കുള്ള മന്ത്രിമാരുടെ പ്രവര്‍ത്തനത്തിന്റെ വഴി ശരിയല്ലെങ്കില്‍ അതു ചൂണ്ടിക്കാട്ടാതിരിക്കാന്‍ കഴിയില്ല. ഈ പംക്തിയില്‍ രാഷ്ട്രീയം ചര്‍ച്ചചെയ്യാറില്ല. രാഷ്ട്രീയ ചര്‍ച്ചയ്ക്ക്‌ ഉദ്ദേശ്യവുമില്ല. മറ്റുചില കാര്യങ്ങളിലേക്കാണ്‌ വായനക്കാരുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്‌. മലയാളികളുടെ സാംസ്കാരികവും കലാപരവുമായ ഉന്നതിയ്ക്കു പര്യാപ്തമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനായി നമുക്കൊരു വകുപ്പുണ്ട്‌. സാംസ്കാരിക വകുപ്പ്‌. ഇത്തവണയും അതിനൊരു മന്ത്രിയുണ്ട്‌. സാംസ്കാരിക വകുപ്പിന്റെ ചുമതല ഏറ്റശേഷം അദ്ദേഹം ആദ്യമായി ചെയ്തത്‌ തിരുവനന്തപുരത്ത്‌ താമസിക്കുന്ന ചില സാംസ്കാരിക നായകന്മാരെ വീട്ടില്‍പോയികണ്ടു എന്നതാണ്‌. കവി ഒ.എന്‍.വി കുറുപ്പിന്റെവീട്ടിലും കവയിത്രി സുഗതകുമാരിയുടെ അഭയയിലും മന്ത്രിയെത്തിയത്‌ മദ്യവ്യവസായത്തിന്റെ ചുമതല വഹിക്കുന്ന എക്സൈസ്‌ മന്ത്രിയെയും കൂട്ടിയാണെന്നതാണ്‌ ഏറെ രസകരം. കേരളത്തില്‍ സാംസ്കാരിക വകുപ്പിന്‌ കീഴില്‍ നിരവധി സ്ഥാപനങ്ങളുണ്ട്‌. അതില്‍ പ്രധാനപ്പെട്ടവയാണ്‌ സാഹിത്യഅക്കാദമിയും സംഗീതനാടകഅക്കാദമിയും ലളിതകലാ അക്കാദമിയും. ഈ അക്കാദമികളുടെയെല്ലാം പ്രവര്‍ത്തനം ഇപ്പോള്‍ ഏതാണ്ട്‌ നിലച്ചമട്ടാണ്‌. ഒരു പ്രവര്‍ത്തനവും നടത്താതെ നിര്‍ജ്ജീവാവസ്ഥയില്‍ ആയത്‌ ഭരണമാറ്റം ഉണ്ടായതോടെയാണ്‌. കാരണം അക്കാദമികളുടെ പ്രവര്‍ത്തനത്തിന്‌ ഭരണം ഒഴിഞ്ഞുപോയ ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ചതു സ്വന്തക്കാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയുമാണ്‌. നിക്ഷിപ്ത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഇവരുടെ നിയമനങ്ങള്‍. കോണ്‍ഗ്രസ്സ്‌ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുക അവരുടെ കര്‍ത്തവ്യമല്ല. ഇടതു സര്‍ക്കാര്‍ കേരളാ സാഹിത്യ അക്കാദമിയില്‍ പി.വത്സലയെ ചെയര്‍പേഴ്സണാക്കി. വത്സല നല്ല സാഹിത്യകാരിയാകാമെങ്കിലും ഇടതുപക്ഷ അനുഭാവിയും അക്കാലത്തെ സാംസ്കാരിക മന്ത്രി എം.എ.ബേബിയുടെ മനസ്സിലുദിക്കുന്ന സാംസ്കാരിക ആശയങ്ങള്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥ പെട്ടവരുമായിരുന്നു. തികച്ചും സിപിഎമ്മുകാരായ ഒരു പറ്റം ആള്‍ക്കാരെ വത്സലയെ സഹായിക്കാനും സാഹിത്യ അക്കാദമിയിലേക്ക്‌ നിയോഗിച്ചു. ദേശാഭിമാനിയിലും കൈരളിടിവിയിലുമൊക്കെ പ്രവര്‍ത്തിക്കുന്ന പ്രഭാവര്‍മ്മയായിരുന്നു വൈസ്‌ പ്രസിഡന്റ്‌. തികഞ്ഞ സിപിഎമ്മുകാരനായിരുന്ന പുരുഷന്‍കടലുണ്ടി സെക്രട്ടറിയുമായി. വൈശാഖന്‍, കെ.ഈ.എന്‍, അശോകന്‍ചരുവില്‍, പി.കെ.ഗോപി, കെ.ആര്‍.മല്ലിക, വി.വി.രുഗ്മിണി, ടി.എന്‍.പ്രകാശ്‌, കടത്തനാട്ട്‌ നാരായണന്‍ തുടങ്ങിയ ഇടതുപക്ഷക്കാരുടെ വലിയൊരു നിരയെ തന്നെ സാഹിത്യ അക്കാദമി ഭരിക്കാന്‍ നിയോഗിച്ചു. സംഗീതനാടക അക്കാദമിയുടെ തലപ്പത്ത്‌ നടന്‍ മുകേഷിനെ നിയമിച്ചതും സിപിഎമ്മിന്റെ താല്‍പര്യമായിരുന്നു. മുകേഷ്‌ കുടുംബപരമായി തന്നെ ഇടതുപക്ഷ പ്രവര്‍ത്തകനാണ്‌. സംഗീതനാടക അക്കാദമിയില്‍ മുകേഷിനെ സഹായിക്കാന്‍ വന്നവരും തങ്ങളുടെ ഇടതുപക്ഷ ജീവിതത്തില്‍ ഊറ്റംകൊള്ളുന്നവരായിരുന്നു. ലളിതകലാ അക്കാദമിയുടെ തലപ്പത്ത്‌ സി.എന്‍.കരുണാകരനെ നിയമിച്ചതും എം.എ.ബേബിയുടെ താല്‍പര്യപ്രകാരമാണ്‌. സാവിത്രി രാജീവനും സത്യപാലും പൊന്ന്യംചന്ദ്രനും അടങ്ങുന്ന ഇടതുപക്ഷസമൂഹം കരുണാകരനെ നിയന്ത്രിക്കാനും നയിക്കാനും ലളിതകലാ അക്കാദമിയില്‍ സജീവമായിരുന്നു. ഓരോ സര്‍ക്കാരും മാറിമാറി വരുമ്പോള്‍ അക്കാദമികളുടെ തലപ്പത്ത്‌ നിയോഗിക്കുന്നത്‌ തങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ടവരെയാകുന്നു. ഇടതും വലതും തമ്മില്‍ ഇക്കാര്യത്തില്‍ ചെറിയ ചിലവ്യത്യാസങ്ങളുണ്ടെന്നു മാത്രം. ഇടതുപക്ഷം ഭരിക്കുമ്പോള്‍ അക്കാദമികളുടെ തലപ്പത്തെത്താന്‍ പലരും ചരടുവലികള്‍ നടത്തുന്നത്‌ വളരെ നിശബ്ദമായാണ്‌. കോണ്‍ഗ്രസ്സ്‌ ഭരണത്തില്‍ അത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ പരസ്യമാകും. തന്നെ അക്കാദമി ചെയര്‍മാനാക്കണമെന്ന്‌ കോണ്‍ഗ്രസ്സുകാര്‍ വേണമെങ്കില്‍ പത്രസമ്മേളനത്തില്‍ കൂടി ആവശ്യപ്പെടും. ഇടതു പക്ഷം തങ്ങളുടെ പാര്‍ട്ടിക്കാരെ സ്ഥാനങ്ങളില്‍ നിയമിച്ച്‌ സ്ഥാപനങ്ങളെ പാര്‍ട്ടിവല്‍ക്കരിക്കാന്‍ ശ്രമം നടത്തുമ്പോള്‍ കോണ്‍ഗ്രസ്‌ ഭരണത്തില്‍ അത്തരമൊരു ഉള്‍ക്കാഴ്ചയുണ്ടാകുന്നില്ല. അതിനെ കുറിച്ച്‌ അവര്‍ക്ക്‌ വലിയ ഗ്രാഹ്യമില്ലാത്തതാണ്‌ കാരണം. കോണ്‍ഗ്രസ്സുകാര്‍ അക്കാദമി തലപ്പത്തോ ഭരണത്തിലോ നിയമിക്കുന്നവര്‍ക്ക്‌ ചിലപ്പോള്‍ കലയുമായോ സാഹിത്യവുമായോ സംസ്കാരവുമായോ യാതൊരു ബന്ധവുമുണ്ടാകില്ല. ഇതെല്ലാം കാലാകാലങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതാണ്‌. അക്കാദമികളുടെ ഭരണനിര്‍വഹണ സമിതികളില്‍ പാര്‍ട്ടിക്കാരെ കയറ്റിയിരുത്തി നമ്മുടെ സാംസ്കാരിക ബോധത്തെ ഇല്ലായ്മചെയ്യുകയും ചോദ്യംചെയ്യുകയുമാണ്‌ ഇവര്‍ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്‌. അക്കാദമികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളാണെന്ന വാദം ഉണ്ട്‌. ഇതിനാല്‍ തന്നെ സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമായവര്‍ തലപ്പത്തു വരണമെന്നും വാദിക്കുന്നു. സര്‍ക്കാരെന്നാല്‍ കുറച്ചു പാര്‍ട്ടിക്കാരോ മന്ത്രിമാരോ അവരുടെ ശിങ്കിടികളോ അല്ലെന്ന്‌ ഇവരെന്നാണ്‌ മനസ്സിലാക്കുന്നത്‌?. ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരെന്നാല്‍ ജനങ്ങളാണ്‌. ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്‌ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. അങ്ങനെയാകുമ്പോള്‍ ഈ സ്ഥാപനങ്ങളിലൂടെയെല്ലാം സംരക്ഷിക്കപ്പെടേണ്ടത്‌ ജനങ്ങളുടെ താല്‍പര്യങ്ങളാണ്‌. ഇതു വായിക്കുന്നവര്‍ ഇപ്പോള്‍ വിചാരിക്കുന്നതെന്താണെന്ന്‌ അറിയാം. ഹോ, എത്രനല്ല നടക്കാത്ത സ്വപ്നം എന്നല്ലേ?. അതേ, ഇന്നത്തെ സാമൂഹ്യാവസ്ഥയില്‍ ഇതു വെറും സ്വപ്നം തന്നെയാണ്‌. നടക്കാത്ത സ്വപ്നം. ഒരു ജനാധിപത്യ സമൂഹത്തില്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെങ്ങനെയാകണമെന്ന്‌ ചിന്തിച്ചെന്നു മാത്രം. സാംസ്കാരിക വകുപ്പിനു കീഴിലുള്ള അക്കാദമികള്‍ ജനത്തിന്‌ ഭക്ഷണം നല്‍കാനുള്ളതല്ല. കുറഞ്ഞ വിലയ്ക്ക്‌ പച്ചക്കറിയും അരിയും നല്‍കാനുള്ളതല്ല. ജോലിയോ സഹായമോ നല്‍കാനുള്ളതുമല്ല. അതിലൊക്കെ ഉപരി സമൂഹത്തിനുവേണ്ടി മഹത്തായ പലതും അക്കാദമികള്‍ക്ക്‌ ചെയ്യാനുണ്ട്‌. ജനങ്ങളില്‍ സാംസ്കാരികബോധവും സാഹിത്യബോധവും കലാബോധവും വളര്‍ത്തുക വഴി ഉത്തമമായ സമൂഹത്തിന്റെ സൃഷ്ടിയാണ്‌ നടക്കുന്നത്‌. സമൂഹത്തിലെ തെറ്റായ പ്രവര്‍ണതകളെ ഇല്ലാതാക്കാന്‍ കലാപ്രവര്‍ത്തനത്തിലൂടെ കഴിയും. സാഹിത്യവും സംഗീതവും നാടകവും സിനിമയുമൊക്കെ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്‌. ഈ കലാരൂപങ്ങളെല്ലാം കേരളീയ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലം ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ളത്‌ ഇടതുപക്ഷ പാര്‍ട്ടികളുമാണ്‌. കലാപ്രവര്‍ത്തനത്തിനുള്ള സ്വാധീനം മുതലെടുത്ത്‌ നമ്മുടെ അക്കാദമികള്‍ക്ക്‌ സമൂഹത്തിനായി നിരവധികാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. മുമ്പ്‌ എം.ടി.വാസുദേവന്‍നായര്‍ സാഹിത്യ അക്കാദമി പ്രസിഡന്റായിരിക്കുന്ന കാലത്ത്‌ കൊച്ചു കേരളത്തില്‍ വളര്‍ന്നു വരുന്ന ആത്മഹത്യാ പ്രവണതയ്ക്കെതിരെ സാഹിത്യകാരന്മാര്‍ ഒത്തു കൂടി പ്രതികരിച്ചതു നാം കണ്ടതാണ്‌. തന്നെ നിയമിച്ച സര്‍ക്കാരിന്റെ ചൊല്‍പ്പടിക്കു നില്‍ക്കാന്‍ എം.ടിയ്ക്ക്‌ മനസ്സുണ്ടായിരുന്നില്ല. അല്ലെങ്കില്‍ അദ്ദേഹത്തെ ചൊല്‍പ്പടിയിലാക്കാന്‍ പ്രാപ്തിയുള്ള സര്‍ക്കാരുണ്ടായിരുന്നില്ല. അക്കാദമികളിലെ രാഷ്ട്രീയാതിപ്രസരം ഇല്ലാതാക്കുമെന്നാണ്‌ പുതിയ സാംസ്കാരിക മന്ത്രിയുടെ പ്രഖ്യാപനം. രാഷട്രീയ വിമുക്തമാക്കാന്‍ മന്ത്രിക്കു മോഹമുണ്ടാകാം. പക്ഷേ, അദ്ദേഹത്തിന്റെ പാര്‍ട്ടി അതിനു അനുവദിക്കുമോ?. സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തേക്കു വരാന്‍ കോണ്‍ഗ്രസ്‌ അനുഭാവികളായ സാഹിത്യ പ്രവര്‍ത്തകരുടെ വലിയ നിരതന്നെ നില്‍ക്കുന്നുണ്ട്‌. തൊട്ടാല്‍ മുറിയുന്ന ഖദര്‍ വേഷവുമിട്ട്‌ തനികോണ്‍ഗ്രസ്സുകാരും തയ്യാറായി നില്‍ക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റു ലഭിക്കാത്തവരുടെ പുതിയ ലക്ഷ്യം അക്കാദമികളുടെ തലപ്പത്തെത്തുകയെന്നതാണ്‌. ഓരോരുത്തരും ഓരോ ഗ്രൂപ്പുകാര്‍. ഓരോരുത്തര്‍ക്കും അവരവരുടേതായ തലതൊട്ടപ്പന്മാരുമുണ്ട്‌. തലതൊട്ടപ്പന്മാര്‍ പലരും ഹൈക്കമാന്റില്‍ വരെ പിടിയുള്ളവര്‍....എന്തും സംഭവിക്കാം. അക്കാദമികളുടെ ഭരണം പിടിക്കാന്‍ ബാലചന്ദ്രന്‍ വടക്കേടത്തുമുതല്‍ പേരുപറയാന്‍ പറ്റാത്ത ഉന്നതരായവര്‍ വരെ ഖദറിട്ടു കാത്തിരിക്കുന്നു. പേരു പറയാത്തത്‌ ശത്രുക്കളെ തീരെ ഇഷ്ടമല്ലാത്തതിനാലാണ്‌. നമ്മുടെ സാംസ്കാരിക മന്ത്രി ചര്‍ച്ച തുടരുന്നു. അക്കാദമികളെ വീതംവയ്പ്പിന്‌ അദ്ദേഹം തയ്യാറാക്കുന്നു. ചര്‍ച്ചകള്‍ തിരുവനന്തപുരവും കടന്ന്‌ ദില്ലിയില്‍ വരെ എത്തട്ടെ. നിര്‍ജ്ജീവമായ അക്കാദമികളെ നോക്കി നമുക്ക്‌ നെടുവീര്‍പ്പിടാം. ഇത്തവണ വായനാദിനം ആചരിക്കാന്‍ പോലും നമ്മുടെ സാഹിത്യ അക്കാദമിക്കു കഴിഞ്ഞില്ലല്ലോ എന്നതോര്‍ത്ത്‌ ദുഃഖിക്കാം.