റയല്‍ ഒന്നാമന്‍

Sunday 9 February 2014 9:56 pm IST

മാഡ്രിഡ്‌: സ്പാനീഷ്‌ ലീഗില്‍ ഉശിരന്‍ ജയത്തോടെ മുന്‍ ചാമ്പ്യന്‍ റയല്‍ മാഡ്രിഡ്‌ ഒന്നാം സ്ഥാനത്തേക്ക്‌ കയറി. 23-ാ‍ം റൗണ്ടില്‍ വിയ്യാറയലിനെ റയല്‍ 4-2ന്‌ തോല്‍പ്പിച്ചു. റയലിനിപ്പോള്‍ 57 പോയിന്റായി. ലീഡര്‍മാരായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ്‌ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക്‌ അല്‍മേറിയക്കു മുന്നില്‍ മുട്ടുകുത്തിയതും റയലിന്റെ സ്ഥാനക്കയറ്റത്തെ തുണച്ചു. 57 പോയിന്റുള്ള അത്ലറ്റിക്കോ അയല്‍വാസികളുടെ തൊട്ടുപിന്നിലുണ്ട്‌.
സാന്റിയാഗോ ബര്‍ണബ്യൂവിലെ അങ്കത്തില്‍ റയല്‍ അക്ഷരാത്ഥത്തില്‍ കസറി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം അവര്‍ അറിഞ്ഞതേയില്ല. ഒരുഗോള്‍ കുറിക്കുകയും മറ്റൊന്നിന്‌ വഴിയൊരുക്കുകയും ചെയ്ത തുറപ്പുചീട്ട്‌ ഗാരത്‌ ബെയ്‌ല്‌ മൂല്യത്തിനൊത്ത്‌ പന്തുതട്ടിയപ്പോള്‍ വിയ്യാറയില്‍ നിഷ്പ്രഭമാക്കപ്പെട്ടു.
ഏഴാം മിനിറ്റില്‍ ബെയ്‌ല്‌ തന്നയാണ്‌ ടീമിന്റെ ഗോള്‍ വേട്ടയ്ക്ക്‌ തുടക്കമിട്ടത്‌. കരീം ബെന്‍സേമ (25, 76 മിനിറ്റുകള്‍), ജീസ്‌ റോഡ്രിഗസ്‌ (64) എന്നിവരും റയലിന്റെ സ്കോര്‍ ഷീറ്റില്‍ ഇടംപിടിച്ചു. മരിയോ ഗോസ്പറും (43) ജിയോവാനി ഡൊ സാന്റോസും (69) വിയ്യാറയലിന്റെ ആശ്വാസ ഗോളുകള്‍ കണ്ടെത്തി. വെര്‍സയുടെ ഡബിള്‍ സ്ട്രൈക്കിന്റെ പിന്‍ബലത്തിലായിരുന്നു അല്‍മേറിയ അത്ലറ്റിക്കോയുടെ കഥകഴിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.