ഇതു തന്നെയല്ലേ തരംഗം!

Monday 10 February 2014 12:08 am IST

രണ്ടേരണ്ടു പരിപാടികളിലാണ്‌ ഇന്നലെ നരേന്ദ്രമോദി കേരളത്തില്‍ പങ്കെടുത്തത്‌. രണ്ടിലും ജനലക്ഷങ്ങളാണ്‌ പങ്കെടുത്തത്‌. കൊച്ചിയില്‍ കായല്‍ സമ്മേളന സ്മരണ ശതാബ്ദി സംഗമത്തിന്റെ ഉദ്ഘാടന പ്രസംഗം കേട്ട ജനലക്ഷങ്ങള്‍ കോരിത്തരിക്കുക തന്നെ ചെയ്തു. ഇതുവരെ വെളിപ്പെടുത്താത്ത തന്റെ ബാല്യകാല ക്ലേശങ്ങളും തുടര്‍ന്ന്‌ രാജ്യത്തിനായി സമര്‍പ്പിച്ച ജീവിതത്തിന്റെ അധ്യായങ്ങളും മോദി തുറന്നുവച്ചപ്പോള്‍ ഇദ്ദേഹം തന്നെ ഇന്ത്യ ഭരിക്കണമെന്ന മര്‍മ്മരമാണ്‌ ഉയര്‍ന്നത്‌. സ്വതന്ത്ര ഇന്ത്യയില്‍ പിന്നാക്കവിഭാഗങ്ങളെ കോണ്‍ഗ്രസ്‌ ഭരണം അവഗണിച്ചതിന്റെ ചരിത്രം നിരത്തിയ നരേന്ദ്രമോദി വരാന്‍ പോകുന്ന ദശകം തന്റെ മുന്നില്‍ തടിച്ചുകൂടിയ ജനവിഭാഗത്തിന്റെതാണെന്ന്‌ വ്യക്തമാക്കുകയും ചെയ്തു. ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളുമെല്ലാം പരിശ്രമിച്ച്‌ സാമൂഹ്യരംഗത്തു നിന്നും അയിത്തം ഒരു പരിധിവരെ നീക്കിയെങ്കിലും രാഷ്ട്രീയരംഗത്ത്‌ അതിന്നും സജീവമാണെന്ന്‌ തന്റെ അനുഭവം വിശദീകരിച്ച്‌ മോദി പറയുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നൂറ്‌ പ്രധാനനഗരങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച മഹാറാലികളിലൊന്നില്‍ പങ്കെടുക്കാനാണ്‌ അദ്ദേഹം തിരുവനന്തപുരത്തെത്തിയത്‌. ഗുജറാത്തിലെ ഭരണമികവ്‌ രാജ്യത്താകമാനം വികസിപ്പിക്കുക എന്നതാണ്‌ മഹാറാലിയുടെ ലക്ഷ്യം. ശംഖുമുഖത്താണ്‌ മോദി പങ്കെടുക്കുന്ന മഹാറാലി നടന്നത്‌. സാഗരതീരം ജനമഹാസാഗരത്തെയാണ്‌ കണ്ടത്‌.
തെരഞ്ഞെടുപ്പിനു മുമ്പായി തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ നടത്തിയ മോദിയുടെ റാലികളിലെല്ലാം ജനങ്ങള്‍ ഒഴുകി എത്തുകയായിരുന്നു. റാലികളെല്ലാം ഒന്നിനൊന്നു മെച്ചം എന്ന റിപ്പോര്‍ട്ട്‌ പ്രതിയോഗികളെ അമ്പരപ്പിച്ചിരിക്കുകയാണ്‌. ജനങ്ങളുടെ ഈ ആവേശം കാണുമ്പോഴാണ്‌ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി എന്തിന്‌ പ്രഖ്യാപിക്കുന്നു എന്ന ചോദ്യം ചിലര്‍ ഉന്നയിക്കുന്നത്‌. എന്തുകൊണ്ട്‌ മോദി എന്ന ചോദ്യത്തിന്‌ ബിജെപി ഉത്തരം നല്‍കുന്നതിനെക്കാള്‍ ഭേദപ്പെട്ട മറുപടിയാണ്‌ കേരളത്തിന്റെ ധനകാര്യമന്ത്രിയും കേരളാ കോണ്‍ഗ്രസിന്റെ മാര്‍പ്പാപ്പയുമായിട്ടുള്ള കെ.എം. മാണി പറഞ്ഞിരിക്കുന്നത്‌. 'കര്‍മശേഷിയും കാര്യപ്രാപ്തിയുമുള്ള ഭരണമാണ്‌ മോദിയുടെത്‌' എന്നാണ്‌ മാണി അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രസ്താവിച്ചിരിക്കുന്നത്‌.
ഭരണത്തെ വിലയിരുത്താന്‍ മാണിയോളം അര്‍ഹതയും യോഗ്യതയും മറ്റാര്‍ക്കുണ്ട്‌ ? ഇപ്പോഴിതാ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മോദിയെ മനസ്സിലാക്കാന്‍ വൈകി എന്ന്‌ വ്യക്തമാക്കിയിരിക്കുകയാണ്‌. ഓര്‍ത്തഡോക്സ്‌ സഭ ചെങ്ങന്നൂര്‍ രൂപതാ അധികാരികളും മോദിയുടെ ഭരണം വരണമെന്നാണ്‌ അനുഗ്രഹിച്ചത്‌.
നാലു പതിറ്റാണ്ടായി കമ്മ്യൂണിസ്റ്റ്‌-കോണ്‍ഗ്രസ്‌ മുന്നണികളെ മാറി മാറി പരീക്ഷിച്ച സംസ്ഥാനമാണ്‌ കേരളം. രണ്ടും ഒരേ കള്ളനാണയത്തിന്റെ ഇരുവശങ്ങളാണെന്ന്‌ ഇതിനകം വ്യക്തമായി. ഒരു മാറ്റം കേരളീയരും ആഗ്രഹിക്കുകയാണ്‌. ആ മാറ്റത്തിന്‌ നേതൃത്വം നല്‍കാന്‍ കഴിവും കരുത്തുമുള്ള പ്രസ്ഥാനം ബിജെപിയാണെന്നും അതിനെ നയിക്കാന്‍ നരേന്ദ്രമോദി തന്നെയാണ്‌ പ്രാപ്തന്‍ എന്ന്‌ പ്രഖ്യാപിക്കുന്നതുമായിരുന്നു ശംഖുമുഖത്തെ ജനസാഗരം. അത്‌ ബിജെപിക്കാരുടെ സംഗമമല്ല. എല്ലാ പാര്‍ട്ടിയിലും പെട്ട ഒരു പാര്‍ട്ടിയിലുമില്ലാത്ത ജനലക്ഷങ്ങള്‍ പ്രതീക്ഷയോടെ ശംഖുമുഖത്തെത്തി. കേരളത്തിന്റെ ഭരണവൈകല്യങ്ങളെയെല്ലാം ശംഖുമുഖത്തെ ആറാട്ടു കടവില്‍ നിമഞ്ജനം ചെയ്തിരിക്കുകയാണ്‌. സദ്ഭരണത്തിന്‌ കേരളവും പാര്‍ലമെന്റില്‍ മോദിക്കനുകൂലമായി കൈ പൊക്കുമെന്നാണ്‌ ജനലക്ഷങ്ങളുടെ കരഘോഷം നല്‍കിയ സൂചന. കേരളത്തിലെ യൗവ്വനം ജീവിക്കാന്‍ വകതേടി മറ്റു സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും പോകേണ്ടി വന്നത്‌ ബിജെപിയുടെ തെറ്റുകുറ്റങ്ങള്‍ കൊണ്ടല്ലെന്ന്‌ മോദി സമര്‍ഥിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഇരുമുന്നണികള്‍ക്കുമാണ്‌ അദ്ദേഹം ചാര്‍ത്തിക്കൊടുക്കുന്നത്‌. മോദിയുടെ അഭ്യര്‍ഥന കേരളം അംഗീകരിക്കുമെന്നു തന്നെ വിശ്വസിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.