മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി ബാഴ്സലോണ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഞായറാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്സലോണ സെവിയയെ തകര്‍ത്തുവിട്ടത്. തുടക്കത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബാഴ്സലോണ ഗംഭീര വിജയം കരസ്ഥമാക്കിയത്. സെവിയയക്ക് വേണ്ടി 15-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ മൊറേയ്നോയും ബാഴ്സക്ക് വേണ്ടി 34-ാം മിനിറ്റില്‍ അലക്സി സാഞ്ചസ്, 44, 56 മിനിറ്റുകളില്‍ ലയണല്‍ മെസ്സി, 88-ാം മിനിറ്റില്‍ ഫാബ്രഗസ് എന്നിവരാണ് ഗോളുകള്‍ നേടിയത്.
23 മത്സരങ്ങളില്‍ നിന്ന് 57 പോയിന്റുമായാണ് ബാഴ്സ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനും മൂന്നാമതുള്ള അത്ലറ്റികോ മാഡ്രിഡിനും 57 പോയിന്റുകള്‍ വീതമുണ്ടെങ്കിലും ഗോള്‍ ആവറേജില്‍ ബാഴ്സലോണയാണ് മുന്നില്‍.
തുടക്കത്തില്‍ കൂടുതല്‍ ആക്രമണങ്ങള്‍ മെനഞ്ഞ സെവിയ രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയശേഷമാണ് 15-ാം മിനിറ്റില്‍ ലീഡ് നേടിയത്. വിറ്റോലോയുടെ പാസില്‍ നിന്ന് ആല്‍ബര്‍ട്ടോ മൊറേയ്നോ ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് ബാഴ്സയുടെ ഒന്നാം നമ്പര്‍ ഗോളി വിക്ടര്‍ വാല്‍ഡസിനെ മറികടന്ന് വലയില്‍ പതിച്ചു. രണ്ട് മിനിറ്റിനുശേഷം ലീഡ് നേടാനുള്ള മറ്റൊരു അവസരം സെവിയയുടെ ഡീഗോ ഫെഗ്യൂറിസ് നഷ്ടമാക്കി. 26-ാം മിനിറ്റില്‍ ബാഴ്സയുടെ സാവി ബോക്സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് സെവിയ ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ 34-ാം മിനിറ്റില്‍ ബാഴ്സയുടെ സമനില ഗോള്‍ പിറന്നു. മെസ്സിയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. മെസ്സിയെടുത്ത കിക്ക് അലക്സി സാഞ്ചസ് നല്ലൊരുഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. പിന്നീട് 44-ാം മിനിറ്റില്‍ ബാഴ്സ ലീഡ് നേടി. പെഡ്രോ തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത് ബോക്സിന് പുറത്തുനിന്ന് മെസ്സി ഇടംകാലുകൊണ്ട് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. പിന്നീട് 56-ാം മിനിറ്റില്‍ മെസ്സി തന്റെ രണ്ടാം ഗോളും ബാഴ്സയുടെ മൂന്നാമത്തെയും സ്വന്തമാക്കി. പ്ലേ മേക്കര്‍ ആന്ദ്രെ ഇനിയേസ്റ്റ ഒരുക്കിക്കൊടുത്ത അവസരമാണ് മെസ്സി വലയിലെത്തിച്ചത്. 88-ാം മിനിറ്റില്‍ ബാഴ്സ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. പെഡ്രോക്ക് പകരക്കാരനായി കളത്തിലിറങ്ങിയ ഫാബ്രഗസാണ് അലക്സി സാഞ്ചസ് ഒരുക്കി നല്കിയ അവസരം മുതലാക്കി സെവിയ വല കുലുക്കിയത്.
മറ്റ് മത്സരങ്ങളില്‍ ഒസാസുന മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഗറ്റാഫെയെ പരാജയപ്പെടുത്തിയപ്പോള്‍ റയല്‍ വയ്യഡോളിഡ് എല്‍ച്ചെ പോരാട്ടം 2-2നും റയല്‍ സോസിഡാഡ്-ലവന്റെ പോരാട്ടം ഗോളടിക്കാതെയും സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: