ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം ഇനി ബാങ്ക് അക്കൗണ്ടില്‍

Monday 10 February 2014 9:51 pm IST

കോട്ടയം: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്കുള്ള ധനസഹായം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സഫര്‍) സംവിധാനം നിലവില്‍ വന്നു. കുറുപ്പന്തറയില്‍ നടന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഈ സംവിധാനം ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ ബ്ലോക്കിലെ 26 സംഘങ്ങളിലെ 1763 കര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കിക്കൊണ്ടായിരുന്നു ഉദ്ഘാടനം. 2,98, 544 രൂപയാണ് നല്‍കിയത്. ക്ഷീരവികസന വകുപ്പിന്റെ ആധുനികവത്കരണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ 2013-14 സാമ്പത്തിക വര്‍ഷം കാലിത്തീറ്റ സബ്‌സിഡി ഇനത്തില്‍ കാനറ ബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്ത് ആകെ അഞ്ചു കോടി രൂപ നല്‍കും. ധനസഹായവിതരണം കുറ്റമറ്റതും സുതാര്യവുമാക്കുന്നതിനാണ് ഡയറക്ട് ബെനിഫിറ്റ് സ്‌കീം (ഡി.ബി.ടി) നടപ്പാക്കുന്നതെന്ന് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന രണ്ടു ലക്ഷത്തിലധികം കര്‍ഷകര്‍ ഡി.ബി.ടി സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫോറം ക്ഷീരവികസന സര്‍വ്വീസ് യൂണിറ്റുകളിലും ക്ഷീര സഹകരണ സംഘങ്ങളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ക്ഷീരസംഘം സെക്രട്ടറിക്ക് സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെട്ട 19 ബാങ്കുകളുടെ ശാഖകളില്‍ കര്‍ഷകര്‍ക്ക് സൗകര്യാര്‍ത്ഥം അക്കൗണ്ട് തുടങ്ങാം. നിലവില്‍ ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്കാണ് ഡി.ബി.ടി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. അടുത്ത സാമ്പത്തിക വര്‍ഷംമുതല്‍ സംസ്ഥാനത്തെ എല്ലാ ക്ഷീരകര്‍ഷകരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.