വിപണിയില്‍ താരമായി 'നമോ' കലണ്ടര്‍

Tuesday 11 February 2014 9:35 pm IST

കാഞ്ഞിരപ്പള്ളി: നമോകലണ്ടറുകള്‍ വിപണിയില്‍ താരമാകുന്നു. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദിയുടെ ചിത്രമുള്ള കലണ്ടര്‍ എല്ലാ ഭവനങ്ങളിലും എത്തിക്കുന്നതിനുള്ള തിരക്കിലാണ്് പൊന്‍കുന്നം ചിറക്കടവിലെ ഒരുകൂട്ടം പ്രവര്‍ത്തകര്‍. പണ്ഡിറ്റ് ദീനദയാല്‍ജിയുടെ പേരില്‍ ചിറക്കടവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദീനദയാല്‍ കള്‍ച്ചറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവാഭാരതി ചാരിറ്റബിള്‍ സൊസൈറ്റിയും രാഷ്ട്രചേതന സൊസൈറ്റിയും ചേര്‍ന്നാണ് നമോകലണ്ടര്‍ വിപണിയിലിറക്കിയത്. കേവലം തെരഞ്ഞെടുപ്പ് പ്രചരണം മാത്രമല്ല ഇവരുടെ ലക്ഷ്യം ഓരോ വീടുകളിലും സഹായമെത്തിക്കുന്നതിനുള്ള ധനശേഖരണാര്‍ത്ഥമാണ് കലണ്ടര്‍ വില്‍പ്പന നടത്തുന്നത്. മുപ്പത് രൂപ വിലയുളള കലണ്ടര്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വിറ്റഴിക്കമ്പോള്‍ അതില്‍ നിന്നുള്ള വരുമാനം നിര്‍ദ്ധനരുടെ ചികിത്സാ സഹായത്തിനും, സാധുപെണ്‍കുട്ടികളുടെ മംഗല്ല്യത്തിനുമായി മാറ്റിവയ്ക്കാനാണ് ഇവരുടെ തീരുമാനം. സൊസൈറ്റിയുടെ ചെയര്‍മാനും ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റുമായ കെ.ജി.കണ്ണന്റെ മനസിലുദിച്ച ആശയം സഹപ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയും ദിവസങ്ങള്‍ക്കകം നരേന്ദ്രമോദിയുടെ ചിത്രമുള്ള കലണ്ടര്‍ വിപണിയിലിറക്കുകയുമായിരുന്നു. പൊന്‍കുന്നത്താണ് കലണ്ടര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നരേന്ദ്രമോദി എത്തിയ ചടങ്ങില്‍ അദ്ദേഹം തന്നെ കലണ്ടറിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ദിവസേന നൂറുകണക്കിന് കലണ്ടറുകളാണ് വിറ്റഴിക്കപ്പെടുന്നത്. 'നമോ' കലണ്ടറുകള്‍ വിപണിയിലെ താരമായതോടെ കൂടുതല്‍ അച്ചടിച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.