പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ നിന്നും മമത പിന്മാറി

Monday 5 September 2011 1:29 pm IST

കൊല്‍ക്കത്ത: പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങിന്റെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ പങ്കെടുക്കാനുള്ള തീരുമാ‍നത്തില്‍ നിന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്മാറി. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലേക്ക് തിരിക്കുന്നത്. ടീസ്റ്റ നദിയില്‍ നിന്ന് 8000 ഘന അടി വെള്ളം കൂടി ബംഗ്ലാദേശിന് നല്‍കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് മമത സന്ദര്‍ശനത്തില്‍ നിന്നും പിന്മാറിയത്. ധാക്കയിലെ മന്‍മോഹന്‍- ഷെയ്ക്ക് ഹസീന കൂടിക്കാഴ്ചയിലാണ് നദീജല കരാര്‍ ഒപ്പിടുക. നേരത്തെ മമതയുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനിച്ചതിനേക്കാള്‍ കൂടുതല്‍ ജലമാണ് ഇന്ത്യ ബംഗ്ലാദേശിന് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതാണ് മമതയെ ചൊടിപ്പിച്ചത്. കരാര്‍ ആസാം, മിസോറാം, ത്രിപുര, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് മമതയുടെ നിലപാട്.