ഐസ്‌ക്രീംകേസ് : കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശം

Monday 5 September 2011 4:26 pm IST

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്‌ ഹൈക്കോടതി ഈ മാസം 22 ലേക്ക്‌ മാറ്റി. അന്ന്‌ കേസ്‌ പരിഗണിക്കുമ്പോള്‍ കേസ്‌ ഡയറിയും മറ്റു രേഖകളും ഹാജരാക്കാനും ചീഫ് ജസ്റ്റീസ്‌ ജെ.ചെലമേശ്വര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ഏഴു മാസമായി അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നും അതിനാലാണ്‌ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും വി.എസ്‌ അച്യുതാനന്ദന്‌ വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജേന്ദ്ര സച്ചാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ കേസ്‌ അന്വേഷണം ശരിയായ ദിശയിലാണെന്നും ഇതുവരെ 80 സാക്ഷികളെ വിസ്തരിക്കുകയും കേസുമായി ബന്ധപ്പെട്ട 50 രേഖകള്‍ പരിശോധിച്ചതായും സര്‍ക്കാരിന്‌ വേണ്ടി ഹാജരായ അഡ്വക്കേറ്റ്‌ ജനറല്‍ ദണ്ഡപാണി അറിയിച്ചു. വി.എസ്‌ മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ 45ഓളം സാക്ഷികളെ വിസ്തരിച്ചതാണെന്നും, അക്കാര്യം മുഖ്യമന്ത്രിയായിരുന്ന സമയത്ത്‌ വി.എസിനെ അറിയിച്ചിരുന്നുവെന്നും എ.ജി കോടതിയെ അറിയിച്ചു. കേസന്വേഷണം ശരിയായ ദിശയിലാണ്‌ ഇപ്പോള്‍ പോകുന്നതെന്നും ദണ്ഡപാണി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരായ പി.വിജയന്‍, അനൂപ്‌ കുരുവിള, ജെയ്‌സണ്‍ എബ്രഹാം എന്നിവര്‍ കോടതിയില്‍ ഹാജരായി.