മില്‍മ പാല്‍വില ഇനി കൂട്ടാനാവില്ല: ചെയര്‍മാന്‍

Wednesday 12 February 2014 9:34 pm IST

കല്‍പ്പറ്റ: മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ പാലിന്‌ വില അധികമാണെന്നും ഇനിയും വില കൂട്ടിയാല്‍ അന്യസംസ്ഥാനങ്ങളിലെ പാലും പാലുല്‍പ്പന്നങ്ങളും ഇവിടെയെത്തുമെന്നും മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പ്‌. മില്‍മാ ഉപഭോക്താക്കള്‍ക്ക്‌ ആശ്വാസകരമാണ്‌ വാര്‍ത്തയെങ്കിലും ഇതിന്റെ പേരില്‍ ക്ഷീരോല്‍പാദകര്‍ക്കു സംഭരിക്കുന്ന പാലിനു മില്‍മ ഇനി കൂടുതല്‍ പണം നല്‍കില്ലെന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്‌.
ആറ്‌ മാസത്തിലധികം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുന്ന 'ലോംഗ്ലൈഫ്‌ പാല്‍' ഉടന്‍ വിപണിയിലിറക്കുമെന്ന്‌ മില്‍മ ചെയര്‍മാന്‍ പറഞ്ഞു. രാജ്യാന്തര നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന ഇത്തരം ജൈവപാല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണമാണ്‌ മില്‍മയുടെ ഇനിയുള്ള പ്രധാനലക്ഷ്യമെന്നും ലോംഗ്‌ ലൈഫ്‌ പാലിന്റെ ഉല്‍പാദനത്തിനായി മില്‍മ 25 കോടി രൂപയുടെ പ്രൊജക്ട്‌ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷീര കര്‍ഷകര്‍ക്ക്‌ 26 കോടി രൂപ സബ്ഡിസി നല്‍കാന്‍ മില്‍മക്ക്‌ സാധിച്ചു. 2013 ഏപ്രില്‍ മാസം മുതല്‍ കഴിഞ്ഞ ജനുവരി 31 വരെയുള്ള പത്ത്‌ മാസത്തിനുള്ളിലാണിത്‌.
ലാഭത്തില്‍ നിന്നും ഇത്രയും തുക നല്‍കേണ്ടി വന്നതിനാല്‍ തന്നെ മില്‍മ ഈ സാമ്പത്തികവര്‍ഷത്തില്‍ നഷ്ടത്തിലാണ്‌. എന്നാല്‍ ആഗസ്റ്റ്‌-സെപ്റ്റംബര്‍ മാസമാകുന്നതോടെ പാലിന്റെ അളവും ആവശ്യവും വര്‍ധിക്കുന്നതോടെ ഈ നഷ്ടം നികത്താന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം പ്രതിദിനം 50,000 ലിറ്റര്‍ ഒരു ദിവസം വില്‍പ്പനയുണ്ടായിരുന്ന തൈരിന്റെ വില്‍പ്പന 20000 ലിറ്ററായി കുറഞ്ഞു. ഐസ്ക്രീം പോലുള്ള ഉല്‍പ്പന്നങ്ങളുടെ വിപണനം മഴക്കാലത്ത്‌ പൂര്‍ണമായി നിലക്കുന്നതും പതിവാണ്‌. ഈ നഷ്ടം നികത്താന്‍ മറ്റ്‌ വഴികള്‍ തേടേണ്ടതായുണ്ട്‌. നിലവില്‍ 50 പൈസ ഒരു ലിറ്റര്‍ പാലിനും, ഒരു കിലോ കാലിത്തീറ്റക്ക്‌ 1.25 പൈസ സബ്സിഡിയും ക്ഷീരകര്‍ഷക്ക്‌ ലഭ്യമാക്കുന്നുണ്ട്‌. മില്‍മയുടെ പുതിയ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളായ പനീറും, വെണ്ണയും വിപണിയിലിറക്കുന്നതുമായി ബന്ധപ്പെട്ട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.