സ്വത്ത് സമ്പാദനം : ജയലളിതയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

Monday 5 September 2011 3:55 pm IST

ന്യൂദല്‍ഹി : അനധികൃത സ്വത്തു സമ്പാദന കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ കേസ് പരിഗണിക്കുന്ന ബംഗളൂരു പ്രത്യേക കോടതിയില്‍ ജയലളിത നേരിട്ടു ഹാജരാകേണ്ടി വരും. വീഡിയൊ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാകാമെന്ന ജയലളിതയുടെ നിര്‍ദേശവും കോടതി അംഗീകരിച്ചില്ല. നടപടികള്‍ നീട്ടിവയ്ക്കുക മാത്രമാണ് ഹര്‍ജിക്കാരിയുടെ ഉദ്ദേശ്യമെന്നു കോടതി നിരീക്ഷിച്ചു. വിചാരണക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ജയലളിത സുപ്രീംകോടതിയെ സമീപിച്ചത്. അതിനിടെ ജയലളിത തന്റെ സ്വത്ത് വിവരം പ്രഖ്യാപിച്ചു. മൂന്നുമാസമായി ഒരു സമ്പാദ്യവും താന്‍ സ്വന്തമാക്കിയിട്ടില്ലെന്നും 51 കോടിയുടെ സ്വത്തുക്കള്‍ തന്നെയാണ്‌ ഇപ്പോഴുമുള്ളതെന്നും അവര്‍ പറഞ്ഞു. ഏറെ കാലമായി സ്വത്തുക്കളെ കുറിച്ച്‌ മൗനം പാലിക്കുകയാണെന്ന വാര്‍ത്തകളെ തുടര്‍ന്നായിരുന്നു ജയലളിതയുടെ പ്രതികരണം. അധികാരമേറ്റെടുത്ത ശേഷം മൂന്നുമാസത്തിനുള്ളില്‍ പുതിയ ഭൂമി ഇടപാടുകളൊന്നും താന്‍ നടത്തിയിട്ടില്ലെന്നും ജയലളിത നിയമസഭയില്‍ പറഞ്ഞു. ഏപ്രില്‍ 13 ന്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വേളയില്‍ നാമനിര്‍ദ്ദേശത്തോടൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തില്‍ ഈ വിവരങ്ങള്‍ നല്‍കിയിരുന്നതായും പുതിയ സ്വത്തുക്കളോ സമ്പാദ്യമോ ഈ കാലയളവിലുണ്ടായിട്ടില്ലെന്നും ജയലളിത പറഞ്ഞു. റിപ്പബ്ലിക്ക്‌ പാര്‍ട്ടി ഒഫ്‌ ഇന്ത്യയിലെ സി.കെ.തമിഴരശന്‍ മാദ്ധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കുകയായിരുന്നു ജയലളിത. ഈ കാര്യത്തില്‍ മഹാരഹസ്യമൊന്നുമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വേളയില്‍ സ്വത്തുകളെ കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.