കൗണ്‍സിലറുടെ വീട്‌ ആക്രമിച്ചതിന്‌ പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ വഴക്ക്‌

Friday 24 June 2011 9:37 am IST

മരട്‌: മരട്‌ നഗരസഭാ കൗണ്‍സിലറുടെ വീട്ടില്‍ അതിക്രമം കാണിച്ചതിനുപിന്നില്‍ കോണ്‍ഗ്രസിലെ തന്നെ ചേരിപ്പോരെന്ന്‌ സൂചന. കഴിഞ്ഞ ആഴ്ചയാണ്‌ മുനിസിപ്പാലിറ്റി 27-ാ‍ം ഡിവിഷനിലെ കോണ്‍ഗ്രസ്‌ കൗണ്‍സിലറുടെ വീട്ടില്‍ അജ്ഞാതര്‍ അതിക്രമിച്ചുകയറി വീട്ടുമുറ്റത്തെ ചെടിച്ചട്ടികളും മറ്റും അടിച്ചുതകര്‍ത്ത്‌ ഭീതി സൃഷ്ടിച്ചത്‌. അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട്‌ കൗണ്‍സിലറും കുടുംബവും വാതില്‍തുറന്ന്‌ പുറത്തുവന്നപ്പോള്‍ അക്രമികള്‍ ഇരുളില്‍ ഓടിമറയുകയായിരുന്നു.
സംഭവം നടക്കുന്നതിന്‌ ദിവസങ്ങള്‍ക്കുമുമ്പ്‌ നെട്ടൂരില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം രഹസ്യയോഗം ചേര്‍ന്നിരുന്നു. എതിര്‍ചേരിയില്‍പ്പെട്ട മുതിര്‍ന്ന ചില കൗണ്‍സിലര്‍ മാരുടെ നേതൃത്വത്തിലാണ്‌ യോഗം വിളിച്ചുചേര്‍ത്തതെന്നാണ്‌ സൂചന. ഔദ്യോഗിക വിഭാഗത്തോടൊപ്പം നിന്നിരുന്ന നഗരസഭയിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കൗണ്‍സിലറും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനുള്ള പ്രതികാരം എന്നോണമാവാം വനിതാ കൗണ്‍സിലറുടെ വീട്ടില്‍ ചിലര്‍ അതിക്രമം കാട്ടിയതെന്നും, സംഭവത്തിനു പിന്നില്‍ എതിര്‍ചേരിയിലുള്ള വരായിരിക്കാം എന്നുമാണ്‌ അഭ്യൂഹം.
കൗണ്‍സിലറുടെ വീട്ടില്‍ അതിക്രമം കാട്ടിയതിനെതിരെ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതൃത്വംനല്‍കുന്ന പ്രിയദര്‍ശനി കള്‍ച്ചറല്‍ ഫോറം, കെട്ടിടനിര്‍മാണകോണ്‍ഗ്രസ്‌, പുലയസമാജം തുടങ്ങിയവരെല്ലാം പ്രതിഷേധ പ്രസ്താവനകളുമായി രംഗത്തുവന്നിരുന്നു. സംഭവത്തെക്കുറിച്ച്‌ ഇതുവരെ കാര്യമായ അന്വേഷണം നടക്കുകയോ, നിയമനടപടികള്‍ കൈക്കൊള്ളുകയോ ഉണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.