ബെല്‍ജിയത്തില്‍ ഇനി മുതല്‍ കുട്ടികള്‍ക്കും ദയാവധം

Friday 14 February 2014 9:54 pm IST

ബ്രസല്‍സ്‌: ബെല്‍ജിയത്തില്‍ 12 വയസ്‌ മുതലുളള കുട്ടികളുടെ ദയാവധത്തിന്‌ പാര്‍ലമെന്റ്‌ അനുമതി നല്‍കി. ഇതോടെ ദയാവധത്തിനായി അനുമതി നല്‍കുന്ന ലോകത്തെ ആദ്യ രാജ്യമാകുകയാണ്‍്‌ ബെല്‍ജിയം. മരിക്കുവാനുള്ള അവകാശം എന്ന നിയമത്തിലാണ്‌ പാര്‍ലമെന്റ്‌ ദയാവധം കൊണ്ടുവന്നിരിക്കുന്നത്‌.
മരണകാരണമായ മാരകരോഗങ്ങള്‍ മൂലം വേദനഅനുഭവിക്കുന്ന കുട്ടികളെ രക്ഷിക്കുന്നതിന്‌ വേണ്ടിയാണ്‌ ഈ നിയമം കൊണ്ടുവന്നതെന്ന്‌ സര്‍ക്കാര്‍ അറിയിച്ചു. 2002ല്‍ മുതിര്‍ന്നവര്‍ക്കുള്ള ദയാവധം ബെല്‍ജിയത്തില്‍ നിയമവിധേയമാക്കിയതാണ്‌. മാതാപിതാക്കളുടെ അറിവോടെയും സമ്മതത്തോടെയും ദയാവധം നടപ്പാക്കാമെന്നാണ്‌ നിയമത്തിലെ പ്രധാന നിര്‍ദ്ദേശം. മരിക്കുവാനുള്ള അവകാശം നടപ്പാക്കുന്നതിന്‌ മുമ്പ്‌ മന:ശാസ്ത്രജ്ഞരടങ്ങുന്ന വിദഗ്ദ്ധ സമിതിയുടെ അനുമതിയും നേടണമെന്ന്‌ നിയമത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്‌. 86 അംഗങ്ങള്‍ ബെല്‍ജിയം പാര്‍ലമെന്റില്‍ ബില്ലിനെ അനുകൂലിച്ച്‌ വോട്ട്‌ ചെയ്തു. 44 അംഗങ്ങള്‍ എതിര്‍ക്കുകയും 12 പേര്‍ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടു നില്‍കുകയും ചെയ്തു. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ ബില്ലിനെ പിന്തുണച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.