ബാലാസാഹേബ്‌ ദേശ്പാണ്ഡെ വനവാസി സമൂഹത്തിന്റെ ഉദ്ധാരകന്‍: ജെ. നന്ദകുമാര്‍

Friday 14 February 2014 10:03 pm IST

കോഴിക്കോട്‌: വനവാസി സമൂഹത്തിന്റെ സമൂലമായ ഉന്നതിക്ക്‌ വേണ്ടി പ്രവര്‍ത്തിച്ച മഹായോഗിയായിരുന്നു ബാലാസാഹേബ്‌ ദേശ്പാണ്ഡേ എന്ന്‌ ആര്‍.എസ്‌.എസ്‌ അഖിലഭാരതീയ സഹപ്രചാര്‍പ്രമുഖ്‌ ജെ. നന്ദകുമാര്‍ പ്രസ്താവിച്ചു. കോഴിക്കോട്‌ ജയ ഓഡിറ്റോറിയത്തില്‍ നടന്ന വനയോഗി ബാലസാഹേബ്‌ ദേശ്പാണ്ഡെയുടെ ജന്മശതാബ്ദി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇച്ഛാശക്തിയുടെ ആള്‍ രൂപമായിരുന്നു ബാലാസാഹേബ്‌ ദേശ്പാണ്ഡെ. സര്‍ക്കാരിന്റെ ഒരു തരത്തിലുമുള്ള സഹായമില്ലാതെ വനവാസികള്‍ക്കുവേണ്ടി 18000 ല്‍ അധികം സേവാ പദ്ധതികള്‍ നടത്തുന്ന ഒരു മഹാപ്രസ്ഥാനമായി വനവാസി കല്യാണ ആശ്രമത്തെ വളര്‍ത്തിയതിന്‌ പിന്നിലുള്ള ശക്തി ദേശ്പാണ്ഡെജിയുടെതാണ്‌.
സ്വാമി വിവേകാനന്ദന്റെ ത്യാഗവും സേവനവും എന്ന ഉന്നത ആദര്‍ശത്തില്‍ പ്രേരിതനായി ദേശ്പാണ്ഡെജി വനവാസി സഹോദരങ്ങളുടെ ഉന്നതി ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിച്ചു. അതിന്‌ ഏറ്റവും അനുയോജ്യമായ സംഘടന എന്ന കാഴ്ചപ്പാടിലാണ്‌ രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ എത്തിപ്പെട്ടത്‌. സംഘത്തിന്റെ രണ്ടാം സര്‍ സംഘചാലക്‌ ആയിരുന്ന ഗുരുജിയുടെ ഉപദേശപ്രകാരമാണ്‌ 1952 ല്‍ വനവാസി കല്യാണ്‍ ആശ്രമം രൂപീകരിച്ചത്‌.
ത്യാഗവും സേവനവും സ്വജീവിതത്തില്‍ കൊണ്ടുവന്ന ദേശ്പാണ്ഡെജി എല്ലാവര്‍ക്കും മാതൃകയാണ്‌. ഇന്ന്‌ ത്യാഗം എന്നത്‌ കച്ചവടത്തിനുള്ള മാര്‍ഗ്ഗമായി മാറിയിരിക്കുന്നു. താന്‍ ത്യാഗിയാണെന്ന്‌ പത്രക്കാരെയും ചാനലുകാരെയും വിളിച്ച്‌ ചിലര്‍ ബോദ്ധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. സേവനം കാപട്യമായി മാറുന്നു.
പിറന്നു വളര്‍ന്ന മണ്ണില്‍ നിന്നും പിഴുതു മാറ്റപ്പെടുന്ന ജനതയ്ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. അവര്‍ക്ക്‌ മാത്രമായി ഉപയോഗിക്കേണ്ട വനം അവര്‍ക്കുമാത്രം ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു. വനം കൊള്ളക്കാരും മാഫിയകളും വനവാസികളെ ചൂഷണം ചെയ്യുന്നു. ഈയൊരു സാഹചര്യത്തില്‍ വനവാസി സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണം. അദ്ദേഹം പറഞ്ഞു.
ബ്രഹ്മചാരി വിവേകാമൃതചൈതന്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. വി.കെ. എസ്‌. മേനോന്‍, ടി.വി. ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.