കലോത്സവം: വഴി അഴിച്ചു പണി തന്നെ

Saturday 15 February 2014 7:44 pm IST

ഓരോ കലോത്സവവും നടക്കുമ്പോള്‍ അതെച്ചൊല്ലി വിവാദങ്ങള്‍ ഉയരും. അപ്പോള്‍ അടുത്ത തവണ കുറ്റമറ്റതാക്കുമെന്നും വേണ്ടുന്ന പരിഷ്‌കാരങ്ങള്‍ വരുത്തുമെന്നും അധികൃതര്‍ പറയും. പിന്നത്തെ വര്‍ഷം ചില മിനുക്കു പണികളോ മറ്റോ നടത്തിയെന്നു വരും. പക്ഷേ, വിവാദത്തിനു കുറവില്ല. ഇക്കുറിയും പ്രഖ്യാപനങ്ങള്‍ ഉണ്ടായി. അടുത്തവര്‍ഷത്തേക്കുള്ള പരിഷ്‌കാരങ്ങള്‍ ഇപ്പോഴേ ചര്‍ച്ച ചെയ്താല്‍ നടപ്പാക്കാനുദ്ദേശിക്കുന്നെങ്കില്‍ കുറ്റം കുറയ്ക്കാന്‍ സഹായകമാകും. അതിലേക്കു കുറച്ചു നിര്‍ദ്ദേശങ്ങള്‍ വെക്കുകയാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ (സംസ്‌കൃതം) ഡോ. സുധാ രമേശന്‍

ഓരോ കലോത്സവവും നടക്കുമ്പോള്‍ അതെച്ചൊല്ലി വിവാദങ്ങള്‍ ഉയരും. അപ്പോള്‍ അടുത്ത തവണ കുറ്റമറ്റതാക്കുമെന്നും വേണ്ടുന്ന പരിഷ്കാരങ്ങള്‍ വരുത്തുമെന്നും അധികൃതര്‍ പറയും. പിന്നത്തെ വര്‍ഷം ചില മിനുക്കു പണികളോ മറ്റോ നടത്തിയെന്നു വരും. പക്ഷേ, വിവാദത്തിനു കുറവില്ല. ഇക്കുറിയും പ്രഖ്യാപനങ്ങള്‍ ഉണ്ടായി.
അടുത്തവര്‍ഷത്തേക്കുള്ള പരിഷ്കാരങ്ങള്‍ ഇപ്പോഴേ ചര്‍ച്ച ചെയ്താല്‍ നടപ്പാക്കാനുദ്ദേശിക്കുന്നെങ്കില്‍ കുറ്റം കുറയ്ക്കാന്‍ സഹായകമാകും. അതിലേക്കു കുറച്ചു നിര്‍ദ്ദേശങ്ങള്‍ വെക്കുകയാണ്‌ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ (സംസ്കൃതം) ഡോ. സുധാ രമേശന്‍ സൗന്ദര്യാസ്വാദകന്റെ കണ്ണും കരളും കവരുന്ന ഈ പ്രപഞ്ചം മഹത്തായ കലാസൃഷ്ടിയാണ്‌. കലാകാരന്മാരുടെ സങ്കല്‍പലോകം അത്ഭുതങ്ങളുടെ കേന്ദ്രമാണ്‌. അവിടെ ആനന്ദം മാത്രമേയുള്ളൂ. ജീവിതക്ലേശങ്ങളില്‍പ്പെട്ട്‌ നട്ടം തിരിയുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ കലാമയമായ ഈ ലോകം ആശ്വാസപ്രദവും അഭയസ്ഥാനവുമാണ്‌. യഥാര്‍ത്ഥ കലോപാസകര്‍ കലയെ ഉത്സവങ്ങളാക്കി മാറ്റുന്നു. കലോത്സവങ്ങളുടെ ഭൂപടത്തില്‍ നമ്മുടെ കേരളത്തിന്‌ അദ്വിതീയമായ സ്ഥാനമാണുള്ളത്‌. കാരണം, ഏഷ്യാഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൗമാരകലോത്സവമാണ്‌ കേരളസംസ്ഥാന സ്കൂള്‍കലോത്സവം. 2014 ജനുവരി 19-ാ‍ംതീയതി മുതല്‍ 25-ാ‍ം തീയതി വരെ പാലക്കാട്‌ വെച്ച ്‌ 54-ാ‍മത്‌ കേരളസംസ്ഥാനസ്കൂള്‍ കലോത്സവം അതിന്റെ എല്ലാ അര്‍ത്ഥത്തിലും കൊണ്ടാടപ്പെട്ടു. സുവര്‍ണ്ണജൂബിലി പിന്നിട്ട ഈ കലോത്സവം, ഇതുപോലെതന്നെ തുടര്‍ന്നുപോയാല്‍ മതിയോ? ചില ചിന്തകള്‍ നമുക്കു പങ്കുവയ്ക്കാം.
കലോത്സവം എന്ന വാക്കില്‍ നിന്നുതന്നെ അതിന്റെ ഉദ്ദേശ്യം വ്യക്തമാണ്‌. ഉത്സവം എന്നാല്‍ ആഘോഷം എന്നര്‍ഥം. അവിടെ പരസ്പരമുള്ള സ്പര്‍ദ്ധയില്ല. ഉച്ചനീചത്വങ്ങളില്ല. വിവിധയിനങ്ങളിലുള്ള കലകള്‍ മാറ്റുരക്കപ്പെടുന്നു. ഓരോ വര്‍ഷവും പുതിയ ഇനങ്ങള്‍ ചേര്‍ക്കപ്പെടുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ഒന്നാംസ്ഥാനം ലഭിക്കുകയില്ല. കലോത്സവങ്ങളിലെ കല്ലുകടി ഇവിടെ തുടങ്ങുന്നു. മത്സരം അനാരോഗ്യകരമാകുമ്പോള്‍ അവ അരോചകങ്ങളായിമാറുന്നു. കലോത്സവവേദികള്‍ ചിലപ്പോള്‍ കലാപകേന്ദ്രങ്ങളായി മാറുകയും ചെയ്യുന്നു. ഇതിനു കാരണങ്ങള്‍ പലതാണ്‌.
ഇത്‌ കുട്ടികള്‍ക്കുവേണ്ടിയുള്ള മത്സരങ്ങളാണെന്നും കലോത്സവങ്ങള്‍ കൊണ്ട്‌ എന്താണ്‌ നമ്മുടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്‌ എന്നും ബോധപൂര്‍വ്വം പലരും മറന്നുപോകുന്നു. പലരും എന്നതില്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, സ്കൂള്‍ അധികൃതര്‍, സംഘാടകര്‍ എന്നിവരെല്ലാം ഉള്‍പ്പെടും. നൈസര്‍ഗ്ഗികമായ കലാവാസനയില്ലാത്ത കുട്ടിയെ അന്യായമായി നിര്‍ബ്ബന്ധിച്ച്‌ മത്സരിപ്പിച്ച്‌ സ്വന്തം പൊങ്ങച്ചം കാണിക്കാന്‍ വെമ്പുന്ന മാതാപിതാക്കള്‍. മത്സരത്തിന്റെ പേരില്‍ (ഒന്നാംസ്ഥാനം മാത്രം നോട്ടമിട്ടുള്ളത്‌) കുട്ടികളെ ഏതുതരം പീഡനത്തിനും വിധേയരാക്കാന്‍ മടിയില്ലാത്തവര്‍. അവസാനം കുട്ടികളെ മാനസിക വൈകല്യത്തിനും അസൂയക്കും അടിമകളാക്കി സമൂഹത്തിനുകൊള്ളാത്തവരാക്കി മാറ്റുന്നതുവരെ തങ്ങളുടെ പ്രയത്നം തുടരുന്നു. എല്ലാവരും ഈ ഗണത്തില്‍പ്പെടുന്നവരല്ല എന്നുപ്രത്യേകം എടുത്തുപറയട്ടെ. എങ്കിലും ദുഃഖപര്യവസായികളായ കലോത്സവകഥകളില്‍ രക്ഷിതാക്കളും വില്ലന്മാരാകാറുണ്ട്‌.
അധ്യാപകര്‍ രണ്ടുവിഭാഗങ്ങളില്‍പ്പെടുന്നു. ഒന്ന്‌ കലാധ്യാപകര്‍ തന്നെ. കലയെ വെറും വില്‍പ്പനച്ചരക്കുകളാക്കുന്ന, കലോത്സവങ്ങളെ ചാകരകളാക്കി മാറ്റുന്ന മൂല്യബോധം നഷ്ടപ്പെട്ട കലാധ്യാപകര്‍. അവനവന്റെ ഉപജീവനത്തിനുവേണ്ടി കലയെ ഉപാസിക്കുന്നത്‌ മനസ്സിലാക്കാം. പക്ഷേ, വെറും ഉപജീവനത്തിനു വേണ്ടിയാകാതെ കലയെ ഒരു അനുഭൂതിയാക്കിമാറ്റാന്‍ ഒരുതരത്തിലും ശ്രമിക്കാത്ത ഇവരെ കലോപാസകര്‍ എന്നെങ്ങനെ പറയും ? ഇങ്ങനെയുള്ളവര്‍ തങ്ങളുടെ ശിഷ്യരിലുള്ള കലാവാസനകളെ വളര്‍ത്താനല്ല, മറിച്ച്‌ തളര്‍ത്താനാണ്‌ നിരന്തരം ശ്രമിക്കുന്നത്‌. ഇവര്‍ കലോത്സവങ്ങളുടെ ശാപങ്ങളാണ്‌.
അധ്യാപകരില്‍ രണ്ടാമത്തെ വിഭാഗം ഇതരവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ്‌. തങ്ങളുടെ വിദ്യാലയത്തോടുള്ള അമിതമായ കൂറ്‌ മൂലം വിദ്യാര്‍ഥികള്‍ക്കിടയില്‍ അനാവശ്യമായ കിടമത്സരം സൃഷ്ടിക്കുന്നവര്‍. ഇവരും കലോത്സവ വേദികളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടേണ്ടവര്‍തന്നെ. സ്കൂള്‍ അധികൃതരുടെ സ്ഥിതിയും മറിച്ചല്ല. അധികം ഫീസ്‌ വാഗ്ദാനം ചെയ്ത്‌ കലാപരിശീലകരെ സ്വന്തമാക്കുകയും വിധിനിര്‍ണ്ണയത്തെ വെല്ലുവിളിച്ചുകൊണ്ട്‌ പണമെറിഞ്ഞ്‌ അപ്പീലുകളിലൂടെ ആണെങ്കില്‍ പോലും തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക്‌ അടുത്ത മത്സരത്തിനായുള്ള അവസരം ഉറപ്പാക്കുന്നു ഇക്കൂട്ടര്‍ . ഇക്കഴിഞ്ഞ കലോത്സവത്തില്‍ ആതിഥേയജില്ലയിലെ ഒരുവിദ്യാലയത്തില്‍ നിന്നുമാത്രം പതിനെട്ടോളം അപ്പീലുകള്‍ പരിഗണിക്കപ്പെട്ടുവെന്നത്‌ പത്രവാര്‍ത്തയായിരുന്നു ! കലോത്സവങ്ങളുടെ ഗതിവിഗതികളില്‍ കാര്യമായ പങ്കുവഹിക്കാനുണ്ട്‌ സംഘാടകര്‍ക്ക്‌. കലോത്സവവേദികള്‍, വിധികര്‍ത്താക്കള്‍, മത്സരങ്ങള്‍ക്കുള്ള സമയക്രമീകരണം, മത്സരാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണം തുടങ്ങി മത്സരത്തിനാവശ്യമായ സൗകര്യങ്ങളെല്ലാമൊരുക്കേണ്ടത്‌ സംഘാടകരാണ്‌. വിവിധ മത്സരങ്ങള്‍ക്കുള്ള സമയം, വേദി, പക്ഷപാതികളല്ലാത്ത-പ്രലോഭനങ്ങളില്‍ വീഴാത്ത മൂല്യബോധമുള്ള വിധികര്‍ത്താക്കള്‍ ഇവ നിശ്ചയിക്കുന്നതിലൂടെ കലോത്സവങ്ങളെ വന്‍വിജയത്തിലെത്തിക്കാം. രാവിലെ തുടങ്ങി പിറ്റേ ദിവസം പുലര്‍ച്ചവരെ നീളുന്ന അത്യായാസകരങ്ങളും അതിവിരസങ്ങളുമായ മത്സരങ്ങള്‍ ആസ്വാദകരുടേയും മത്സരാര്‍ത്ഥികളുടേയും മനസ്സില്‍ വെറുപ്പുമാത്രമുളവാക്കുന്നു. സംഘാടനത്തിലുള്ള പിഴവാണ്‌ ഇതിനു പ്രധാന കാരണം.
കലോത്സവവേദികളിലെ തിരിയണഞ്ഞാല്‍ പിന്നെ കലയെക്കുറിച്ചോ കലോത്സവത്തെക്കുറിച്ചോ ആരും ചിന്തിക്കുന്നില്ല. കലാകാരന്മാരെ രണ്ടാംതരം പൗരന്മാരായി കാണുന്ന ഒരു സമൂഹം, കുറ്റം പറയരുതല്ലോ, കല അഭ്യസിപ്പിക്കാനെന്ന പേരില്‍ ശിഷ്യരുടെ വീടുകളിലെത്തുകയും ക്രമേണ മണിചെയിന്‍ പോലുള്ള ധനമിടപാടുകളിലേക്ക്‌ ആ വീട്ടുകാരെയും അവരുടെ ബന്ധുമിത്രാദികളെയും (നാവിന്റെ ബലത്തില്‍) കൊണ്ടെത്തിക്കുന്നവരും. സമൂഹം കയ്യൊഴിഞ്ഞ ചില ഉത്പ്പന്നങ്ങളുടെ വില്‍പ്പന ഏജന്റുമാരായി മാറുന്നവരുമായവര്‍. കലയുടെ അധഃപതനത്തിന്‌ കാരണമാകുന്നു. സംഗീതം പോലുള്ള കലകള്‍ ഗണിതാഭ്യസനം പോലെ ബുദ്ധിവികാസത്തെ സഹായിക്കുന്നുവെന്ന്‌ പുരാതനഭാരതത്തിന്‌ സഹസ്രാബ്ദങ്ങള്‍ക്ക്‌ മുന്‍പുതന്നെ അറിയാവുന്നതും ആധുനിക പാശ്ചാത്യഗവേഷകര്‍ പഠന-ഗവേഷണങ്ങളിലൂടെ തെളിയിച്ചതുമായ ഒരു വസ്തുതയാണ്‌. സംഗീതാധ്യാപകര്‍ക്ക്‌ അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവും നല്‍കേണ്ട ഈയൊരു സത്യം പലരും അറിയാതെ പോകുകയും അറിഞ്ഞാല്‍ തന്നെ ബൗദ്ധികമായ അടിമത്തത്തിനു വിധേയരായി സ്വയം രണ്ടാം പൗരന്മാരുടെ ഗണത്തിലേക്ക്‌ ഇറങ്ങിയിരിക്കുകയും ചെയ്യുന്നു. നൃത്തം പോലുള്ള മറ്റു കലകളുടെ കാര്യവും ഇതുതന്നെ.
'കലോത്സവങ്ങളിലെ കോഴ' മറ്റൊരു പ്രതിഭാസമാണ്‍്‌. ലക്ഷങ്ങള്‍ മുടക്കി പല സംഘാടകരെയും വിധികര്‍ത്താക്കളെയും സ്വാധീനിച്ചു നേടുന്ന വിജയം കലയെ ശ്വാസംമുട്ടിച്ച്‌ കൊല്ലാനേ ഉപകരിക്കുന്നുള്ളു. നൃത്തയിനങ്ങളിലെ മത്സരഫലവുമായി ബന്ധപ്പെട്ടുള്ള പത്ര വാര്‍ത്തകളും മറ്റും ഇവിടെ സ്മര്‍ത്തവ്യം. സര്‍ക്കാര്‍ വളരെ ധനം ചെലവഴിച്ച്‌ നടത്തുന്നതും ഒരുപാട്‌ ആളുകള്‍ തങ്ങളുടെ പണവും സമയവും വ്യയം ചെയ്തുകൊണ്ട്‌ പ്രവര്‍ത്തിക്കുന്നതുമായ കലയുടെ ഈ മാമാങ്കം കുറച്ചുകൂടി നന്നായി നടത്താന്‍ ആത്മാര്‍ത്ഥതയോടുകൂടി ശ്രമിച്ചാല്‍ സാധിക്കുന്നതാണ്‌. ഒന്നാമതായി ആരോഗ്യകരമായ, സഹമത്സരാര്‍ത്ഥികളെ അറിഞ്ഞാസ്വദിക്കുകയും ബഹുമാനത്തോടുകൂടി നോക്കിക്കാണാന്‍ സാധിക്കുകയും ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥിസമൂഹത്തെ വാര്‍ത്തെടുക്കുക. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സംഘടനകളുടെയും സത്യസന്ധവും ഭാവനാസമ്പന്നവുമായ നേതൃത്വംകൊണ്ട്‌ ഇത്‌ സാധ്യമാക്കാവുന്നതാണ്‌. കലോത്സവവേദികള്‍ വിട്ടാലും കലയ്ക്കുവേണ്ടി നിലകൊള്ളാന്‍ പ്രാപ്തരാക്കുന്ന ഒരു സൗഹൃദം മത്സരാര്‍ത്ഥികളുടെയിടയില്‍ ഉണ്ടാക്കിയെടുക്കാന്‍ ഇതുകൊണ്ട്‌ സാധിക്കും. കലാപ്രതിഭ- കലാതിലകം പട്ടങ്ങള്‍ നിര്‍ത്തലാക്കിയത്‌ വളരെ ആശ്വാസകരമായ നടപടിയാണ്‌.
വിധികര്‍ത്താക്കള്‍ നിഷ്പക്ഷമതികളും പ്രലോഭനങ്ങളില്‍ വീഴാത്തവരുമാകണം. ഒരു കലോത്സവത്തില്‍ 'വിധി' നിര്‍ണ്ണയിച്ചു എന്നത്‌ മാത്രമാകരുത്‌ അടുത്ത കലോത്സവത്തില്‍ അവരെ വിധികര്‍ത്താക്കളായി പരിഗണിക്കാനുള്ള മാനദണ്ഡം. എങ്ങനെ വിധി നിര്‍ണ്ണയിച്ചു എന്നതുകൂടി കണക്കിലെടുക്കേണ്ടതാണ്‌. ഉപജില്ലാ - ജില്ലാ കലോത്സവങ്ങളിലെ വിധിനിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്‌. വിധികര്‍ത്താക്കള്‍ പരസ്പരം ജില്ലകള്‍ മാറിയിരുന്ന്‌ വിധിനിര്‍ണ്ണയം നടത്തുകയും പരസ്പരമുള്ള മുന്‍ധാരണപ്രകാരം വിജയികളെ നിശ്ചയിക്കുകയും ചെയ്യുന്ന അതിനീചവും നിക്ഷിപ്തതാല്‍പര്യത്തോടുകൂടിയതുമായ പ്രവൃത്തി ഇന്ന്‌ ഉപജില്ലാ-ജില്ലാ കലോത്സവങ്ങളിലുടനീളം കണ്ടുവരുന്നു. അവതരണമികവിന്‌ എ ഗ്രേഡ്‌ നല്‍കുന്നത്‌ മനസ്സിലാക്കാം. പക്ഷേ, പരാതികളില്‍ നിന്നും രക്ഷപ്പെടാനും പോയിന്റ്‌ നില മെച്ചപ്പെടുത്താനും വേണ്ടി എ. ഗ്രേഡ്‌ നല്‍കുന്ന സൂത്രം ഒഴിവാക്കേണ്ടതാണ്‌. സംസ്ഥാനതലമത്സരങ്ങളിലെത്തുന്ന മത്സരാര്‍ത്ഥികളുടെ നിലവാരം കുറഞ്ഞുപോകാനും അനര്‍ഹരായവര്‍ കയറിക്കൂടാനും ഇത്‌ കാരണമാകുന്നു. മറ്റൊരുകാര്യം സംസ്ഥാനതലമത്സരങ്ങളില്‍ മാത്രം കേമന്മാരായ വിധികര്‍ത്താക്കളെ നിയോഗിച്ചതുകൊണ്ട്‌ കാര്യങ്ങള്‍ കീഴ്മേല്‍മറിയുന്നില്ലെന്ന യാഥാര്‍ത്ഥ്യം. എന്തെന്നാല്‍ 20.01.2014 ന്‌ വേദി നമ്പര്‍-7ല്‍ നടന്ന എച്ച്‌എസ്സ്‌എസ്സ്‌ ആണ്‍കുട്ടികളുടെ ശാസ്ത്രീയസംഗീതമത്സരം. മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള വിധികര്‍ത്താവിന്റെ വിലയിരുത്തല്‍, മത്സരം അതിഗംഭീരമെന്ന അഭിപ്രായപ്രകടനത്തിന്‌ സദസ്സിന്റെ കയ്യടി. തുടര്‍ന്ന്‌ ഗ്രേഡ ്‌ കിട്ടിയവരുടെ കോഡ്നമ്പര്‍ വായന. കേള്‍വിക്കൊടുവില്‍ സന്തോഷം കൊണ്ട്‌ ഇരിക്കാന്‍ വയ്യേ എന്ന നിലയില്‍ കുട്ടികളും അവരെ അനുഗമിച്ച രക്ഷിതാക്കളും ഐറ്റം പഠിപ്പിച്ചവരും ഓടടാ ഓട്ടം. (കാരണം, 80 % കുട്ടികള്‍ക്കും സി. ഗ്രേഡ്‌,ബാക്കിയുള്ളവര്‍ക്ക്‌ ബി യും.) തുടര്‍ന്ന്‌ ആക്രോശങ്ങള്‍, അട്ടഹാസങ്ങള്‍, ചാനലുകള്‍ക്ക്‌ ചാകര കിട്ടിയ സന്തോഷം. തുടക്കം മുതലുള്ള കഥ കേള്‍ക്കാനും അതാത്‌ ജില്ലകളിലെ കണ്‍വീനര്‍മാര്‍ വിളിപ്പുറത്ത്‌. തുടര്‍ന്ന്‌ അപ്പീലുകള്‍........!
സംസ്ഥാനതല കലോത്സവങ്ങളിലെ മത്സരാര്‍ത്ഥികളുടെ അവതരണമികവിന്‌ ഗ്രേഡിങ്ങ്‌ സമ്പ്രദായം ഏര്‍പ്പെടുത്തിയ ശേഷവും ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക്‌ (ഇതിന്റെ ഔചിത്യമെന്താണാവോ!) തന്റെസ്ഥാനമേതാണെന്നറിയുവാന്‍ കുട്ടിക്കോ ആ കുട്ടിയുടെ കൂടെ വരുന്നവര്‍ക്കോ കലോത്സവസൈറ്റ്‌ (നെറ്റ്‌) നോക്കേണ്ടതായുള്ള ഒരു ദുരവസ്ഥ, ഇതും ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ ? മത്സരത്തെ കുറിച്ച്‌ വിധികര്‍ത്താവ്‌ അതാതുവേദിയില്‍ വെച്ച്‌ വിലയിരുത്തുകയും ഗ്രേഡ്‌ ഏതെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്‌. പക്ഷെ, കുട്ടിയുടെ സ്ഥാനമേതെന്ന്‌ പറയരുതത്രേ!
നമ്മുടെ കലോത്സവങ്ങളെ ഗ്രസിച്ചിരിക്കുന്ന ദുര്‍ഭൂതങ്ങളാണ്‌ അപ്പീലുകള്‍. കലോത്സവ-ങ്ങളുടെ നിറം കെടുത്തുന്നതിലും അവയെ വിരസവ്യായാമങ്ങളാക്കി മാറ്റുന്നതിലും അപ്പീലുകള്‍ക്ക്‌ ഗണ്യമായ സ്ഥാനമുണ്ട്‌. ഈ അപ്പീലുകള്‍ എങ്ങനെ വരുന്നു? വിധിനിര്‍ണ്ണയത്തിലുള്ള അപാകത, മത്സരാര്‍ത്ഥികളുടെ (രക്ഷിതാക്കളുടെ/ സ്കൂള്‍ അധികൃതരുടെ) പണക്കൊഴുപ്പ്‌ ഏതുവിധേനയും മത്സരിക്കാനുള്ള ത്വര എന്നിവയാണ്‌ ഇതിനുള്ള പ്രധാന കാരണങ്ങള്‍. കലോത്സവത്തില്‍ തങ്ങളുടെ ജില്ലകള്‍ക്ക്‌ ഒന്നാംസ്ഥാനം ലക്ഷ്യമിട്ടുകൊണ്ട്‌ സംസ്ഥാനകലോത്സവത്തിനു വരുമ്പോള്‍ അപ്പീല്‍പണം കൂടി കയ്യില്‍ കരുതണമെന്ന്‌ മത്സരാര്‍ത്ഥികളോട്‌ നിര്‍ദ്ദേശിക്കുന്ന ജില്ലാഭാരവാഹികളുമുണ്ടത്രേ! ജില്ലാ കലോത്സവങ്ങളില്‍ മൂന്നില്‍ത്താഴെയുള്ള സ്ഥാനങ്ങള്‍ നേടിയവര്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാനെത്തുന്നതും, സി ഗ്രേഡ്‌, എ ഗ്രേഡായി മാറുന്നതും അപ്പീലിന്റെ ഫലമായുള്ള ചില മറിമായങ്ങള്‍ മാത്രം !
ഗ്രേസ്‌ മാര്‍ക്ക്‌ : കലോത്സവങ്ങളിലെ കലാംശം നഷ്ടപ്പെടുത്തുന്ന ഒരു സംവിധാനമാണ്‌ ഗ്രേസ്‌ മാര്‍ക്ക്‌ വിതരണം. ഇത്‌ പറയുമ്പോള്‍ ഒരുപാട്‌ എതിരഭിപ്രായങ്ങളുണ്ടാകാം. കാരണം, മത്സരത്തിനു വേണ്ട പരിശീലനത്തിനായി വിദ്യാര്‍ത്ഥികളുടെ ക്ലാസ്സുകള്‍ നഷ്ടമാകുന്നു. പഠനമികവിനെ ഇത്‌ പ്രതികൂലമായി ബാധിക്കുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ്‌ ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കുന്നത്‌. പക്ഷേ ഇത്‌ കലോപാസകരെ സൃഷ്ടിക്കുന്നുവെന്ന്‌ പറയാന്‍ വയ്യ. കലോത്സവങ്ങളില്‍ വിജയിയായി ഗ്രേസ്‌ മാര്‍ക്ക്‌ നേടി വിദ്യാലയ ജീവിതത്തോട്‌ വിടപറഞ്ഞ പലരും പിന്നീട്‌ ആ കലയുമായി പുലബന്ധം പോലുമില്ലാത്തവരായിത്തീരുന്നത്‌ സ്ഥിരം കാഴ്ചയാണ്‌. പതിനായിരത്തില്‍ ഒന്നോ രണ്ടോ വിദ്യാര്‍ത്ഥികള്‍ മാത്രമാണ്‌ ഇതിന്‌ അപവാദമായിട്ടുള്ളത്‌. കലോത്സവങ്ങള്‍ വൃഥാവ്യായാമങ്ങളായിത്തീരുന്നു ഇവിടെ.
ഗ്രേസ്‌ മാര്‍ക്കിനെ സംബന്ധിച്ച്‌ ഒരു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത്‌ എല്ലാ ഇനങ്ങള്‍ക്കും ഒരേ ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കുന്നത്‌ ശരിയല്ല എന്നതാണ്‌. സമയനഷ്ടവും അധ്വാനവും അധികം ആവശ്യമില്ലാത്ത വ്യക്തിഗത ഇനങ്ങള്‍ക്കും (പദ്യംചൊല്ലല്‍ തുടങ്ങിയവ) ക്ലാസ്സിക്കല്‍ കലകള്‍, സംഘമായി അവതരിപ്പിക്കേണ്ട ഇനങ്ങള്‍ തുടങ്ങി ദീര്‍ഘനാളത്തെ അധ്വാനവും നിരന്തരമായി വിദ്യാലയത്തിലെ പഠനസമയം അപഹരിക്കുന്ന തരത്തില്‍ പരിശീലനം ആവശ്യമുള്ളതുമായ കഥകളി, സംഘഗാനം, ഒപ്പന, സംഘനൃത്തം മുതലായവയ്ക്കും ഒരേ ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കുന്നതില്‍ അപാകതയുണ്ട്‌. ഇക്കാര്യത്തില്‍ ഒരു പുനശ്ചിന്ത ആവശ്യമാണ്‌. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പരീക്ഷയിലെ വിജയം ഉറപ്പാക്കുന്നതിനുവേണ്ടി അവരെ ചുളുവില്‍ ചില മത്സരയിനങ്ങളില്‍ തിരുകിക്കയറ്റി ഗ്രേസ്‌ മാര്‍ക്ക്‌ വാങ്ങിക്കൊടുക്കുന്ന തരത്തിലുള്ള ചില വിദ്യാലയങ്ങളുടെ പ്രവണത അത്യന്തം പരിഹാസ്യംതന്നെ. അതുപോലെ ഇക്കൊല്ലവും മത്സരാര്‍ത്ഥികളുടെ അവതരണമികവിന്‌ നല്‍കിയതായ പ്രൈസ്മണി, ഇതിനെപ്പറ്റിയും ഒന്ന്‌ പുനരാലോചിക്കാവുന്നതാണ്‌. എന്തെന്നാല്‍ ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്തിനാണ്‌ ഇത്രയും മണി.
സംഘാടകര്‍ : കലോത്സവങ്ങളില്‍ സംഘാടകര്‍ക്കുള്ള പങ്ക്‌ മുന്‍പ്‌ പ്രസ്താവിച്ചുകഴിഞ്ഞതാണ്‌. വിധികര്‍ത്താക്കളുടെ ഫീസ്‌ നിശ്ചയിക്കുന്ന കാര്യത്തിലും ഉപജില്ലാ - ജില്ലാ കലോത്സവങ്ങളില്‍ യാതൊരു മാനദണ്ഡവും പാലിക്കപ്പെടാറില്ല. അതായത്‌, സംഗീതം, നൃത്തം മുതലായ മത്സരങ്ങളിലെ വിധികര്‍ത്താക്കള്‍ക്ക്‌ വിധിനിര്‍ണ്ണയത്തിന്‌ വേണ്ടിവരുന്ന സമയദൈര്‍ഘ്യം ഒന്നുതന്നെയാകാറുണ്ടെങ്കിലും അവര്‍ക്ക്‌ നല്‍കുന്ന പ്രതിഫലത്തിന്റെ കാര്യത്തില്‍ യാതൊരു ഏകീകരണവുമില്ല. നോക്കുകൂലി കൂടുതല്‍ എന്നതാണ്‌ ന്യായമെങ്കില്‍ കൂടുതല്‍ ഒന്നും പറയാനില്ല. അതല്ല, അധ്വാനമറിഞ്ഞ്‌ പ്രതിഫലം നല്‍കാനുള്ള ഔചിത്യം സംഘാടകര്‍ കാണിക്കുന്നപക്ഷം മത്സരഫലങ്ങളിലും അതിന്റെ പ്രതിഫലനം ഉണ്ടാവുമെന്നുറപ്പാണ്‌. അടുത്ത വര്‍ഷമെങ്കിലും ഓരോ ഇനത്തിലെയും വിധികര്‍ത്താക്കളുടെ പ്രതിഫലം മുന്‍കൂട്ടി നിശ്ചയിച്ച്‌ ഉപജില്ലാ - ജില്ലാ കലോത്സവങ്ങള്‍ക്കു മുന്‍പുതന്നെ അത്‌ പ്രസിദ്ധീകരിക്കുന്നത്‌ നന്നായിരിക്കും.
വിധിനിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമാക്കിത്തന്നെ നിലനിര്‍ത്താനും ശ്രദ്ധിക്കണം. കലാമത്സരങ്ങള്‍ ഇനി ഒരിക്കലും കോടതിവരാന്തകളിലേക്ക്‌ വലിച്ചിഴക്കപ്പെടരുത്‌.
കലോത്സവങ്ങളില്‍ അതാതുസമയങ്ങളില്‍ യുക്തിപൂര്‍വ്വം എടുക്കേണ്ടതായുള്ള ചില തീരുമാനങ്ങള്‍ക്കുവേണ്ടിയെങ്കിലും സംഗീതം, നൃത്തം, ചിത്രകല എന്നീവിഭാഗങ്ങളുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജസ്വലരായ കലാധ്യാപകരെ കലോത്സവങ്ങളുടെ പ്രോഗ്രാംകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്‌. അല്ലാതെ കലോത്സവവിളംബരത്തിന്റെ അന്നുതൊട്ട്‌ (കലോത്സവത്തിന്റെ തുടക്കത്തിലും അവസാനത്തിലുമുള്ള ഒരു അവതരണഗാനം, നൃത്തം, ശില്‍പം എന്നിവ തട്ടിക്കൂട്ടേണ്ട ചുമതല മാത്രം നല്‍കി) അവരെ ഒതുക്കി ഒരു മൂലയിലേക്ക്‌ മാറ്റിനിര്‍ത്തുന്നതായി കാണുന്ന ഈ പ്രവണത; ഇനിയെങ്കിലും മാറ്റിയെടുക്കേണ്ടതുണ്ട്‌.
മാന്വല്‍ പരിഷ്കരണം: കലോത്സവമാനുവല്‍ കാലോചിതമായി പരിഷ്ക്കരിക്കുകയും നമ്മുടെ നാടിന്റെ പൈതൃകമായ സംസ്ക്കാരത്തിനു പ്രാധാന്യംനല്‍കിക്കൊണ്ട്‌ കാര്യമായ ജനപങ്കാളിത്തമില്ലാത്തതായ ഇനങ്ങള്‍ നിര്‍ത്തലാക്കുകയും ഉചിതമെന്ന്‌ തോന്നുന്നപക്ഷം പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതിലൂടെ കലോത്സവങ്ങളുടെ അന്തസ്സും ഗൗരവവും ഉയര്‍ത്താന്‍ സാധിക്കും. അതിനായുള്ള ശ്രമങ്ങള്‍ സ്വാഗതമര്‍ഹിക്കുന്നു. രക്ഷിതാക്കള്‍, അധ്യാപകര്‍, സ്കൂള്‍ അധികൃതര്‍ എന്നിവരുടെയിടയില്‍ കലയെക്കുറിച്ചും കലോത്സവങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുക. കോഴ വിവാദങ്ങളില്‍പ്പെട്ട്‌ തെളിവുകള്‍ സഹിതം പിടിക്കപ്പെട്ടവരെ കര്‍ശനമായ നിയമപരിധിയില്‍ കൊണ്ടുവന്ന്‌ മാതൃകാപരമായി ശിക്ഷിക്കുക (കലോത്സവങ്ങളില്‍ നിന്ന്‌ അവരെ എന്നെന്നേക്കുമായി ഡീ-ബാര്‍ ചെയ്യുക). ഈ വിവരം മാധ്യമങ്ങളിലൂടെ അറിയിക്കുക തുടങ്ങിയ നടപടികളിലൂടെ കലോത്സവങ്ങളുടെ അന്തസ്സ്‌ ഉയര്‍ത്താവുന്നതാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.