അച്ഛനില്‍ നിന്ന്‌ അച്ചനിലേക്കുള്ള ദൂരം

Saturday 15 February 2014 7:29 pm IST

ഒന്ന്‌ ചീഞ്ഞാല്‍ മറ്റൊന്നിന്‌ വളമാകുമെന്ന്‌ പറയാറുണ്ട്‌. ചീഞ്ഞ വസ്തുവിന്റെ മുമ്പത്തെ പ്രാധാന്യമോ ഗുണമോ അതുമായി ബന്ധപ്പെട്ട പ്രശ്നമോ ഒന്നും പിന്നെ സംഗതമല്ല. വളത്തിനെക്കുറിച്ചു മാത്രമേ പിന്നെ ചിന്തയുള്ളൂ. അത്‌ നല്ലതോ തീയതോ എന്നതിനെക്കുറിച്ചൊന്നും തര്‍ക്കിക്കാനില്ല. വളമെങ്കില്‍ വളം; ചീഞ്ഞതെങ്കില്‍ ചീഞ്ഞത്‌.
രാഷ്ട്രീയത്തിലും അങ്ങനെ തന്നെയെന്നുവേണം കരുതാന്‍. വേലിക്കകത്തു നില്‍ക്കുന്ന ഒരു പുമാന്‍ ഒരുപാട്‌ കാലമായി കലാപമുണ്ടാക്കുന്നു. പാര്‍ട്ടിയില്‍ നില്‍ക്കുകയാണെങ്കില്‍ ആയതിന്റെ മര്യാദ കാണിക്കണം. ഇതങ്ങനെയല്ല, ചോറിങ്ങും കൂറങ്ങും എന്നതാണ്‌ നടപ്പുരീതി. ഒഞ്ചിയത്തെ സംഭവം ചില പ്രശ്നമൊക്കെ ഉണ്ടാക്കിയതുകൊണ്ട്‌ ആ പുമാന്‍ തല്‍ക്കാലം രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ എന്നേ തെങ്ങിന്‍ പൂക്കുല പോലെ ചിതറുമായിരുന്നു.
മേപ്പടി വിദ്വാന്‌ കൈകൊടുക്കുന്ന ഒരാള്‍ അങ്ങ്‌ വംഗദേശത്തും ഉണ്ടെന്നത്‌ എത്ര യാദൃച്ഛികം! അവിടെ പാര്‍ട്ടി വളര്‍ത്താന്‍ ചില തരികിടകളൊക്കെ ഒപ്പിച്ചിട്ടുണ്ടെന്നത്‌ ശരിയാണ്‌. അതിങ്ങനെ നാടു മുഴുക്കെ വിളിച്ചാര്‍ത്ത്‌ നടക്കുന്നത്‌ ശരിയായി കാണാനാവില്ല. പാര്‍ട്ടിയുടെ ആദര്‍ശം ചീഞ്ഞു തുടങ്ങുന്നതിന്റെ ലക്ഷണമാണത്‌. അതിനെക്കുറിച്ച്‌ പാര്‍ട്ടിയില്‍ താത്വികമായി പറയാന്‍ ഇന്ന്‌ കഴിവുള്ളയാള്‍ പി.എം. മനോജാണ്‌. അദ്യത്തില്‍ നിന്ന്‌ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ജയരാജന്‍ (ഇനീഷ്യല്‍ ഏതായാലും സംഗതി ഒന്നു തന്നെ) അടിച്ചുവീശിയത്‌, ചീഞ്ഞ നേതാവാണ്‌ നമ്മുടെ വേലിക്കകത്തെ വിദ്വാനെന്ന്‌. ഒഞ്ചിയത്തെ അസ്ഥികൂടവുമായി മേപ്പടിയാനും വംഗദേശത്തെ നേതായി അസ്ഥികൂടങ്ങളുമായി ബുദ്ധദേവനും നില്‍ക്കുന്ന വരക്കസര്‍ത്ത്‌ കൊടുത്തത്‌ മലയാള മനോരമ (ഫെബ്രു. 10)യാണ്‌. വാരഫലം വാസ്തവത്തില്‍ അതുതന്നെ. ഒന്ന്‌ ചീഞ്ഞാല്‍ മറ്റൊന്നിന്‌ വളമാകുമെന്ന്‌ എത്ര വ്യക്തമായി നമുക്ക്‌ മനസ്സിലാവുന്നു. തെരഞ്ഞെടുപ്പ്‌ അടുത്ത്‌ വരുമ്പോള്‍ ഇമ്മാതിരി ഒട്ടുവളരെ കസര്‍ത്തുകള്‍ക്ക്‌ സാക്ഷ്യം വഹിക്കാന്‍ നമുക്കാവും എന്നത്‌ എത്ര ശുഭോദര്‍ക്കം!
ഉള്ളവനെ പഠിപ്പിച്ചാല്‍ ആനന്ദം കിട്ടുമൊ? കിട്ടാം, കിട്ടാതിരിക്കാം. എന്നാല്‍ ഇല്ലാത്തവനെ പഠിപ്പിച്ചാല്‍ സൂപ്പര്‍ ആനന്ദമാണ്‌ അനുഭവിക്കാനാവുക. അത്‌ അറിയണമെങ്കില്‍ ബിഹാറിലെ ആനന്ദ്‌ കുമാറിനെ അറിയണം. ദാരിദ്ര്യത്തിന്റെ അങ്ങേത്തലയയ്ക്കല്‍ സ്വപ്നം കാണുന്നത്‌ പോലും ആഡംബരമായി കരുതുന്നവരെ ജീവിതത്തിന്റെ പച്ചപ്പിലേക്ക്‌ പറിച്ചുനട്ട ആനന്ദ്കുമാര്‍ വാസ്തവത്തില്‍ ദൈവത്തിന്റെ പ്രതിപുരുഷനാണ്‌. ചേരിയിലെ രണ്ടുമുറി വീട്ടില്‍ ജീവിതം എന്തെന്നറിയാതെ വളര്‍ന്ന ബാല്യത്തിന്റെ ഇരുള്‍പ്പാത ആനന്ദ്കുമാറിനെക്കൊണ്ട്‌ ഒരു പ്രതിജ്ഞയെടുപ്പിച്ചു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി, കഴിയുംവിധം എന്തെങ്കിലും ചെയ്യണം. അത്‌ ഇന്ന്‌ ദരിദ്രവിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്ക്‌ വര്‍ണച്ചിറകുകള്‍ നല്‍കുന്ന സൂപ്പര്‍ 30 പദ്ധതിയില്‍ എത്തിനില്‍ക്കുന്നു. സര്‍ക്കാറിന്റെ അംഗീകാരം ഉള്‍പ്പെടെയുള്ളവ ഒരു ഭാഗത്ത്‌ ആനന്ദ്കുമാറിന്‌ ചിറകുകള്‍ നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ രാമാനുജന്‍ സ്കൂള്‍ ഓഫ്‌ മാത്തമാറ്റിക്സും സൂപ്പര്‍ 30 പദ്ധതിയും അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശത്രുക്കള്‍ വാള്‍വീശലിലാണ്‌. അതിനെ തുടര്‍ന്ന്‌ അദ്ദേഹത്തിന്‌ അംഗരക്ഷകനെ അനുവദിച്ചിട്ടുണ്ട്‌. ഇതിനെക്കുറിച്ചുള്ള ഫീച്ചര്‍ മലയാള മനോരമയുടെ ഞായറാഴ്ച (ഫെബ്രു. 09)യില്‍. സ്വപ്നം പോലും കാണാന്‍ കഴിയാത്ത സൗഭാഗ്യത്തിലേക്ക്‌ ദരിദ്ര യൗവനങ്ങളെ കൈപിടിച്ചുയര്‍ത്തിയ ആനന്ദ്കുമാര്‍ എന്ന ബിഹാറുകാരന്റെ പുണ്യജീവിതം എന്നാണ്‌ ആനന്ദ്കുമാറിനെ മനോരമ വിശേഷിപ്പിക്കുന്നത്‌.
കഥയുടെ കരവിരുതില്‍ ആനുകാലിക സംഭവവികാസങ്ങള്‍ എങ്ങനെ മനോഹരമായി ഇതള്‍ വിരിഞ്ഞു വരുന്നുവെന്ന്‌ അറിയണമെങ്കില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പി (ഫെബ്രു. 22) ലെ എം. മുകുന്ദന്റെ അച്ചന്‍ എന്ന കഥ വായിക്കണം. അച്ഛനില്‍ നിന്ന്‌ അച്ചനിലേക്കുള്ള പ്രയാണത്തില്‍ എന്താണ്‌ നഷ്ടമാകുന്നത്‌, ഭയത്തിന്റെ ഏതു പുതപ്പാണ്‌ സമൂഹത്തിന്റെമേല്‍ വന്നുവീഴുന്നത്‌ എന്ന്‌ നമുക്ക്‌ അനുഭവിക്കാന്‍ സാധിക്കും. തുടക്കം മുതല്‍ ഒടുക്കം വരെ ഉത്കണ്ഠയുടെ കൈകള്‍ നമ്മെ പതിയെപ്പതിയെ തടവിക്കൊണ്ടേയിരിക്കും. എട്ടാം ക്ലാസുകാരിയും അവളുടെ അമ്മയും അച്ഛനും കൂട്ടുകാരിയും പീടികക്കാരനും ചെയില്‍ഡ്ലൈന്‍ പ്രവര്‍ത്തകരും ഡോക്ടറും ഒക്കെ ചേര്‍ന്ന ഒരു സാധാരണ കഥ. സംഭവ്യമാവുന്ന കഥ. ആധുനികസമൂഹത്തിന്റെ മുമ്പില്‍ നിരന്തരം സംഭവിക്കുന്നത്‌.
പശ്ചാത്തല വിവരണത്തില്‍ നിന്ന്‌ കിട്ടുന്ന സൂചന ഒടുവില്‍ എത്രമാത്രം അവാസ്തവമായിരുന്നു എന്നറിയുമ്പോഴേക്ക്‌ മനസ്സിന്റെ ഏതോ കോണില്‍ നൊമ്പരം കൂടുകൂട്ടിയിരിക്കും. ആ നൊമ്പരത്തിന്റെ അകത്തളങ്ങളില്‍ നിഷ്കളങ്കബാല്യത്തിന്റെ ഒറ്റപ്പെടല്‍ ഒരു ഭീകരരൂപിയെപ്പോലെ നമ്മെ തുറിച്ചു നോക്കും.
രണ്ടുമൂന്ന്‌ സന്ദര്‍ഭങ്ങള്‍ കാണുക: അമ്മ അച്ഛനോട്‌ പറയും, ങ്ങള്‌ പെണ്ണിനെങ്ങനെ ലാളിച്ച്‌ ചീത്ത്യാക്കരുത്‌. പെണ്ണാ, ഒരീസം വേറൊരു പൊരേല്‌ ചെന്ന്‌ കേറേണ്ടോളാ. അയാള്‍ ഭാര്യയുടെ മുഖത്ത്‌ നോക്കി നനുത്ത ചിരിചിരിക്കും. മ്മക്ക്‌ സ്നേഹിക്കാനും ഓമനിക്കാനും ആകെ ഒരു മോളല്ലേ ഉള്ളൂ, വത്സലേ, അയാളുടെ മറുപടി. അതുകേട്ട്‌ അമ്മ പരിഭവത്തോടെ സമാപിക്കും, 'സ്നേഹിക്കണ്ടാന്ന്‌ ആരാ പറഞ്ഞത്‌? ഒന്നും അതിരുവിട്ട്‌ ചെയ്യര്‍ത്‌. അദാ ഞാമ്പറഞ്ഞതിന്റെ അര്‍ത്തം' ജീവനുതുല്യം സ്നേഹിക്കുന്ന മകളെ പിന്നീടൊരിക്കലും ആ അച്ഛന്‌ കാണാനാവാഞ്ഞതിന്റെ, അല്ലെങ്കില്‍ അവരുടെ കണ്‍വെട്ടത്തുപോലും ആ അച്ഛന്‌ വരാന്‍ പറ്റാഞ്ഞതിന്റെ പിന്നിലെന്താവാം? ഒരു പക്ഷേ, നിങ്ങള്‍ അതിപ്പോള്‍ നിരൂപിച്ചിട്ടുണ്ടാവും. എന്നാല്‍ സാധാരണഗതിയില്‍ നിങ്ങള്‍ നിരൂപിക്കാത്തതിന്റെ ഉള്ളറകളിലേക്കാണ്‌ കഥാകൃത്ത്‌ നിങ്ങളെ കൊണ്ടുപോകുന്നത്‌. ഇതുംകൂടി വായിക്കുക: ബാഗ്‌ മുതുകില്‍ തൂക്കി അഞ്ജലിയും കൂട്ടുകാരികളും കിലുകിലെ ചിരിച്ചുകൊണ്ട്‌ സ്കൂളിലേക്ക്‌ നടന്നു. അവരുടെ കൂട്ടത്തില്‍ അനഘയുണ്ടായിരുന്നില്ലട്ടോ. വണ്ടികള്‍ പിന്നേയും പതിവായി വരുകയും പോകുകയും ചെയ്തു. അയാള്‍ വന്നില്ല. ഇനിയെപ്പോഴെങ്കിലും അയാള്‍ക്ക്‌ വരാനാവുമോ, വന്നാല്‍ എന്തായിരിക്കും അവസ്ഥ എന്നതൊക്കെ വിഷയം തന്നെ. മുഴുവന്‍ വായിച്ചു കഴിയുമ്പോള്‍ പതുക്കെയൊന്ന്‌ തിരിഞ്ഞു നോക്കൂ. എല്ലാ കഥാപാത്രങ്ങളും തൊട്ടുപിന്നില്‍ നില്‍ക്കുന്നില്ലേ. അതല്ലേ മുകുന്ദന്റെ കഥ. കഥയുടെ പേര്‌ അച്ചന്‍.
എല്ലാം കൊണ്ട്‌ സമ്പന്നമാണ്‌ കേരളം. പറഞ്ഞിട്ടെന്താ ദല്‍ഹിയിലെ വോട്ടറന്മാര്‍ കൊടുത്ത പണിയൊന്നും ഇവിടുത്തെ വിദ്വാന്മാര്‍ കൊടുക്കില്ല. ആയിരം നാക്കുകൊണ്ട്‌ പ്രബുദ്ധത, സാക്ഷരത, ദൈവത്തിന്റെ നാട്‌ എന്നൊക്കെ വായ്ത്താരിയാക്കും. കിംഫലം? അതെക്കുറിച്ചാണ്‌ ഡോ. ഇഖ്ബാല്‍ എഴുതുന്നത്‌. ക്ഷമിക്കണം, അദ്ദേഹം പക്ഷേ, രാഷ്ട്രീയത്തെക്കുറിച്ചല്ല എഴുതുന്നത്‌. കേരളത്തെ ചികിത്സിക്കണം! എന്ന 12 പേജ്‌ ലേഖനം കണ്ണുതുറപ്പിക്കുന്നതാണ്‌. വേണ്ടാത്ത മരുന്നുകള്‍ വാരിവിഴുങ്ങുന്ന, അത്‌ അടിച്ചേല്‍പ്പിക്കുന്ന ഒരു സമൂഹമായി നാം മാറാനെന്താണ്‌ കാരണം എന്നാണ്‌ ഇഖ്ബാല്‍ പരിചിന്തനം ചെയ്യുന്നത്‌. നന്മയുടെ ഇളംകാറ്റ്‌ വീശുന്നു ആ ലേഖനത്തില്‍. മരുന്നു വില്‍പ്പനയുടെ അകവും പുറവും കണക്കുകള്‍ നിരത്തി ഡോക്ടര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഞെട്ടുക തന്നെ ചെയ്യും. നാല്‌ വരി കണ്ടാലും: 4000-5000 കോടി രൂപയ്ക്കുള്ള മരുന്നുകള്‍ കേരളത്തില്‍ വിപണനം ചെയ്യപ്പെടുന്നതായി കണക്കാക്കേണ്ടി വരും. അതായത്‌, ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ മൂന്ന്‌ ശതമാനം മാത്രം വരുന്ന കേരളജനത രാജ്യത്ത്‌ വിറ്റു വരുന്ന മരുന്നിന്റെ 10 ശതമാനത്തോളം ഉപയോഗിക്കുന്നുവെന്ന്‌! ഒരസുഖവുമില്ലെങ്കിലും ഒരു ഗുളിക വിഴുങ്ങല്‍ സ്റ്റാറ്റ്സ്‌ സിംബലാവുന്ന സംസ്ഥാനത്ത്‌ മരുന്ന്‌ കച്ചവടം കൊഴുത്തുരുണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ഏതായാലും ഇത്തരം ഒരു ലേഖനം കൊടുത്തതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു; മേറ്റ്ന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും.
തൊട്ടുകൂട്ടാന്‍ എല്ലാം ഇവിടെയുണ്ട്‌- രക്തസാക്ഷിക്കുന്നിലെ കൊടിക്കൂറകള്‍ കോരന്റെ കുമ്പിളിലെ കോടിയ വിരലുകള്‍ കന്യകാത്തെരുവിലെ പിടയും പാദസരങ്ങള്‍ ആരാച്ചാര്‍ കൈയിലെ അഴിയാക്കുരുക്കുകള്‍ എല്ലാം ഇവിടെത്തന്നെ! കുഞ്ഞപ്പ പട്ടാന്നൂര്‍ കവിത: ചന്തകള്‍ മാധ്യമം ആഴ്ചപ്പതിപ്പ്‌ (ഫെബ്രു.10)
കെ. മോഹന്‍ദാസ്‌ daslak@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.