ഇന്ത്യക്ക്‌ വിജയത്തുടക്കം

Saturday 15 February 2014 9:37 pm IST

ദുബായ്‌: അണ്ടര്‍ 19 ലോകകപ്പ്‌ ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ യുവനിരക്ക്‌ വിജയത്തുടക്കം. ഗ്രൂപ്പ്‌ എയിലെ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ 40 റണ്‍സിന്‌ തകര്‍ത്താണ്‌ വിജയ്‌ സോളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വിജയം സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 262 റണ്‍സെടുത്തു. 74 റണ്‍സെടുത്ത സര്‍ഫറാസ്‌ ഖാന്റെയും 68 റണ്‍സെടുത്ത മലയാളി താരവും ടീമിന്റെ വൈസ്‌ ക്യാപ്റ്റനുമായ സഞ്ജു വി. സാംസന്റെയും മികച്ച ബാറ്റിംഗാണ്‌ ഇന്ത്യക്ക്‌ മികച്ച സ്കോര്‍ സമ്മാനിച്ചത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 48.4 ഓവറില്‍ 222 റണ്‍സിന്‌ ഓള്‍ ഔട്ടായി. 10 ഓവറില്‍ 41 റണ്‍സ്‌ വഴങ്ങി അഞ്ച്‌ വിക്കറ്റ്‌ വീഴ്ത്തിയ ദീപക്‌ ഹൂഡയാണ്‌ ഇന്ത്യക്ക്‌ മികച്ച വിജയം സമ്മാനിച്ചത്‌.
ടോസ്‌ നേടിയ ഇന്ത്യ ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. ഓപ്പണര്‍മാരായ ബെയ്ന്‍സും (24) ഹെര്‍വാഡ്കറും (41) ചേര്‍ന്ന്‌ ഒന്നാം വിക്കറ്റില്‍ 8.1 ഓവറില്‍ 65 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. പിന്നീട്‌ 29 റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി. ക്യാപ്റ്റന്‍ വിജയ്‌ സോള്‍ മൂന്നും റിക്കി ബുയി ഒരു റണ്‍സെടുത്തും മടങ്ങി. നാലിന്‌ 94 എന്ന നിലയില്‍ നിന്ന്‌ ഇന്ത്യയെ 200 കടത്തിയത്‌ അഞ്ചാം വിക്കറ്റില്‍ സഞ്ജുവും സര്‍ഫറാസ്‌ ഖാനും ചേര്‍ന്നാണ്‌. ഒടുവില്‍ സ്കോര്‍ 213-ല്‍ എത്തിയപ്പോള്‍ 78 പന്തില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറികളും ഒരു സിക്സറുമടക്കം 74 റണ്‍സെടുത്ത സര്‍ഫറാസ്‌ ഖാനെ സഫര്‍ ഗൊഹാര്‍ ഹസ്സന്‍ റാസയുടെ കൈകളിലെത്തിച്ചു. അധികം വൈകാതെ സഞ്ജുവും മടങ്ങി. 101 പന്തുകള്‍ നേരിട്ട്‌ 68 റണ്‍സെടുത്ത സഞ്ജുവിനെ ഇര്‍ഫാനുള്ള ഷാ വിക്കറ്റ്‌ കീപ്പര്‍ സൈഫുള്ള ഖാന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ 18 പന്തുകളില്‍ നിന്ന്‌ പുറത്താകാതെ 22 റണ്‍സെടുത്ത ദീപക്‌ ഹൂഡയുടെ പ്രകടനമാണ്‌ ഇന്ത്യന്‍ സ്കോര്‍ 262-ല്‍ എത്തിച്ചത്‌. പാക്കിസ്ഥാന്‌ വേണ്ടി ഇര്‍ഫാനുള്ള ഷായും കരാമത്ത്‌ അലിയും രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
263 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്‍ന്മറുപടി ബാറ്റിംഗ്‌ ആരംഭിച്ച പാക്കിസ്ഥാന്‌ ഗംഭീരതുടക്കമാണ്‌ ഓപ്പണര്‍മാരായ സാമി അസ്ലാമും ഇമാം ഉള്‍ ഹഖും ചേര്‍ന്ന്‌ നല്‍കിയത്‌. സ്കോര്‍ 109 റണ്‍സിലെത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിക്കാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞത്‌. 39 റണ്‍സെടുത്ത ഇമാം ഉള്‍ ഹഖിനെ ആമിര്‍ ഗാനി സര്‍ഫറാസ്‌ ഖാന്റെ കൈകളിലെത്തിച്ചു. അനായാസം വിജയത്തിലേക്ക്‌ നീങ്ങുകയാണെന്ന്‌ തോന്നിച്ച പാക്കിസ്ഥാന്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌ വന്‍ തിരിച്ചടിയായി. സ്കോര്‍ 116-ല്‍ എത്തിയപ്പോള്‍ 64 റണ്‍സെടുത്ത സാമി അസ്ലമും പുറത്തായതോടെ പാക്‌ പടയുടെ പോരാട്ടവീര്യവും അസ്തമിച്ചു. പിന്നീടെത്തിയവരില്‍ 32 റണ്‍സെടുത്ത സൗദ്‌ ഷക്കീലും 21 റണ്‍സെടുത്ത സിയാ ഉള്‍ ഹഖും മാത്രമാണ്‌ അല്‍പമെങ്കിലും പൊരുതിയത്‌. എന്നാല്‍ ഹൂഡയുടെ സ്പിന്നിന്‌ മുന്നില്‍ പാക്‌ പട മുട്ടുമടക്കി.
അബുദാബിയില്‍ നടന്ന ഗ്രൂപ്പ്‌ ബിയിലെ മതസരത്തില്‍ ഓസ്ട്രേലിയന്‍ യുവനിര 101 റണ്‍സിന്‌ നമീബിയയെ കീഴടക്കി. ആദ്യം ബാറ്റ്‌ ചെയ്ത ഓസ്ട്രേലിയ 7 വിക്കറ്റിന്‌ 242 റണ്‍സെടുത്തപ്പോള്‍ നമീബിയ 44.2 ഓവറില്‍ 141 റണ്‍സിന്‌ ഓള്‍ ഔട്ടായി. 96 റണ്‍സെടുത്ത മാത്യൂ ഷോര്‍ട്ടും 45 റണ്‍സെടുത്ത ബെന്‍ മക്ഡര്‍മോട്ടും മികച്ച പ്രകടനം നടത്തിയപ്പോള്‍ നമീബിയക്ക്‌ വേണ്ടി 43 റണ്‍സെടുത്ത വെസ്സല്‍സ്‌ മാത്രമാണ്‌ തിളങ്ങിയത്‌.
മറ്റൊരു മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശും ഗംഭീര വിജയം കരസ്ഥമാക്കി. 10 വിക്കറ്റിനാണ്‌ ബംഗ്ലാദേശ്‌ ഗ്രൂപ്പ്‌ ബിയിലെ മത്സരത്തില്‍ വിജയിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്ത അഫ്ഗാനിസ്ഥാന്‍ 212 റണ്‍സിന്‌ ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ്‌ ഓപ്പണര്‍മാരായ ഷദ്മാന്‍ ഇസ്ലാമിന്റെയും (126 നോട്ടൗട്ട്‌), ജോയ്‌റാസ്‌ ഷെയ്ക്കിന്റെയും (81 നോട്ടൗട്ട്‌) കരുത്തില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 216 റണ്‍സെടുത്ത്‌ വിജയം സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.