ഗദ്ദാഫി സേനക്ക്‌ ചൈന ആയുധസഹായം വാഗ്ദാനം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്‌

Monday 5 September 2011 10:21 pm IST

ബീജിംഗ്‌: ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയുടെ സൈന്യത്തിന്‌ ചൈന 200 മില്ല്യണ്‍ യുഎസ്‌ ഡോളറിന്റെ ആയുധസഹായം വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്‌. രാജ്യതലസ്ഥാനമായ ട്രിപ്പോളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രേഖകളില്‍നിന്നാണ്‌ ഇക്കാര്യം വ്യക്തമായതെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. റോക്കറ്റ്‌ ലോഞ്ചറുകളും അത്യാധുനിക മിസെയിലുകളുമടക്കമുള്ള ആയുധങ്ങള്‍ സൈന്യത്തിന്‌ ഉടന്‍ എത്തിച്ചു നല്‍കുമെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ ചൈനീസ്‌ സൈനിക അധികൃതര്‍ കൈമാറിയ രേഖകളാണ്‌ ഇവിടെനിന്നും കണ്ടെടുത്തിട്ടുള്ളത്‌. ഇതോടുകൂടി ഇപ്പോള്‍ ലിബിയന്‍ വിമതര്‍ക്ക്‌ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്ന ചൈനയുടെ ഇരട്ടമുഖം വ്യക്തമായിരിക്കുകയാണ്‌. ഇതോടൊപ്പം ചൈനയും ഗദ്ദാഫി സേനയും തമ്മില്‍ നിലനിര്‍ത്തിയിരുന്ന ബന്ധത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ തങ്ങള്‍ക്ക്‌ ലഭിച്ചുകഴിഞ്ഞതായും എത്ര മാധ്യമങ്ങള്‍ക്ക്‌ മുന്‍പിലും ഇവ ഹാജരാക്കാനൊരുക്കമാണെന്നും വിമതസൈനിക തലവന്‍ അബ്ദുള്‍ റഹ്മാന്‍ ബാസിന്‍ അറിയിച്ചു. ലോകരാഷ്ട്രങ്ങളൊന്നാകെ ലിബിയന്‍ ഭരണകൂടത്തിന്‌ ഉപരോധം ഏര്‍പ്പെടുത്തിയശേഷം രഹസ്യമായി ഗദ്ദാഫി സേനക്ക്‌ ആയുധസഹായം വാഗ്ദാനം ചെയ്ത ചൈനയുടെ നടപടിയില്‍ അപകാതയുണ്ടെന്നും ട്രിപ്പോളിയില്‍നിന്നും ലഭിച്ച രേഖകള്‍ കൂടുതല്‍ വിശദമായ പരിശോധനയ്ക്ക്‌ വിധേയമാക്കേണ്ടതുണ്ടെന്നും ബ്രസ്സല്‍സിലുള്ള നാറ്റോ പ്രതിനിധി അഭിപ്രായപ്പെട്ടു. ഇക്കാര്യം യുഎന്‍ നേതൃത്വം ഉടന്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ ലിബിയയിലെ വിമതര്‍ക്ക്‌ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ചൈന പക്ഷെ ഇത്തരം റിപ്പോര്‍ട്ടുകളോട്‌ ഇതേവരെ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും ആയുധങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരം രേഖകള്‍ക്ക്‌ സായുധയില്ലെന്ന്‌ ചൈനീസ്‌ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടതായാണ്‌ സൂചന. എന്നാല്‍ ചൈനയുടെ നടപടികളില്‍ ദുരൂഹതയുണ്ടെന്നും ലിബിയയുടേതായ മരവിപ്പിച്ച ആസ്തികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍പോലും കൈമാറാന്‍ രാജ്യം തയ്യാറായിട്ടില്ലെന്നും വിമത സംഘടനയായ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ തലവന്‍ മുസ്തഫ അബ്ദേല്‍ ജലീല്‍ പറഞ്ഞൂ. വിദേശരാജ്യങ്ങളിലുള്ള 13 ബില്യണ്‍ മൂല്യമുള്ള ലിബിയന്‍ ആസ്തികള്‍ മരവിപ്പിച്ച നടപടികള്‍ റദ്ദാക്കാനുള്ള നടപടിയില്‍ ചൈനയും പങ്കുചേര്‍ന്നിരുന്നെങ്കിലും ലിബിയയിലെ ഇപ്പോഴത്തെ ഭരണകക്ഷിയായ ട്രാന്‍സിഷണല്‍ കൗണ്‍സിലിന്‌ കൂടുതല്‍ അധികാരങ്ങള്‍ കൈമാറുന്നതിന്‌ ചൈന വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ചൈനയുടെ ഈ ഇരട്ടത്താപ്പ്‌ നയത്തില്‍ ദുരൂഹതയുണ്ടെന്നാണ്‌ വിമതരുടെ വാദം. ലിബിയയില്‍നിന്നും എണ്ണ ഇറക്കുമതി നടത്തുന്ന പ്രമുഖ രാജ്യങ്ങളിലൊന്നായ ചൈന സാമ്പത്തിക ലാഭം മുന്നില്‍ കണ്ട്‌ ലിബിയന്‍ ഭരണകൂടത്തെ വരുതിയിലാക്കാന്‍ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്‌. ഗദ്ദാഫി സേനയ്ക്കെതിരെ നാറ്റോ നടത്തിയ ബോംബാക്രമണത്തില്‍ ചൈനയ്ക്ക്‌ വിയോജിപ്പുണ്ടായിരുന്നുവെന്നും ചൈന ഗദ്ദാഫി സേനയ്ക്ക്‌ ധനസഹായം നല്‍കിയിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.