ജനാര്‍ദ്ദന റെഡ്ഡിയെ സിബിഐ അറസ്റ്റ്‌ ചെയ്തു

Monday 5 September 2011 10:24 pm IST

ബംഗളൂരു: അനധികൃത ഖാനനത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായി കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയെ സിബിഐ അറസ്റ്റ്‌ ചെയ്തു. ബെല്ലാരിയിലെ അദ്ദേഹത്തിന്റെ വസതി റെയ്ഡ്‌ ചെയ്ത ശേഷമാണ്‌ അന്വേഷണ സംഘം റെഡ്ഡിയേയും സഹോദരീ ഭര്‍ത്താവ്‌ സി.പി.ശ്രീനിവാസനേയും അറസ്റ്റ്‌ ചെയ്തത്‌. ഒബലാപുരം ഖാനി ഡയറക്ടറാണ്‌ അറസ്റ്റിലായ ശ്രീനിവാസന്‍. ഇരുവരേയും ഹൈദരാബാദിലേക്ക്‌ കൊണ്ടുപോയി. ഇവരെ ഉടന്‍തന്നെ സിബിഐ കോടതിയില്‍ ഹാജരാക്കും. ബെല്ലാരിയിലെ അനധികൃത ഖാനനവുമായി ബന്ധപ്പെട്ട ലോകായുക്ത റിപ്പോര്‍ട്ടില്‍ പേര്‌ പരാമര്‍ശിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ മുന്‍ ടൂറിസം മന്ത്രിയായ ജനാര്‍ദ്ദന റെഡ്ഡിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഖാനി കമ്പനികളുമായി ബന്ധമുണ്ടായിരുന്ന മുന്‍മന്ത്രി ശ്രീരാമുലു ഞായറാഴ്ച എംഎല്‍എസ്ഥാനം രാജിവെച്ചിരുന്നു. ജനാര്‍ദ്ദന റെഡ്ഡിക്കെതിരെ സന്ദൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി ഒന്‍പത്‌ ജാമ്യമില്ലാ വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. ആന്ധ്രാപ്രദേശ്‌ സിബിഐ സിഐജി ലക്ഷ്മി നാരായണയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇദ്ദേഹത്തെ അറസ്റ്റ്‌ ചെയ്തിരുന്നത്‌. നേരത്തെ സംസ്ഥാനത്തെ ഐഎഎസ്‌-ഐഎഫ്‌എസ്‌ ഉദ്യോഗസ്ഥരെ ഇതേ കേസില്‍ സിബിഐ ചോദ്യം ചെയ്തിരുന്നു. ആന്ധ്രാപ്രദേശിലെ വനമേഖലയിലുളള ബെല്ലാരിയില്‍ നടത്തിയ ഖാനനങ്ങളാണ്‌ കേസിന്‌ നിദാനമായത്‌. അതേസമയം സിബിഐ അറസ്റ്റ്‌ ചെയ്ത ജനാര്‍ദ്ദന റെഡ്ഡി തന്റെ നിരപരാധിത്വം തെളിയിച്ച്‌ പുറത്തുവരുമെന്ന്‌ ബിജെപി പ്രത്യാശ പ്രകടിപ്പിച്ചു. റെഡ്ഡി സഹോദരന്മാര്‍ അനധികൃത ഖാനനം നടത്തിയതായി അറിയില്ലെന്നും ഇക്കാര്യത്തിലുള്ള ഇവരുടെ നിരപരാധിത്വം ഉടന്‍ തെളിയിക്കപ്പെടുമെന്നും കര്‍ണാടക ബിജെപിവക്താവ്‌ ധനഞ്ജയ്‌ കുമാര്‍ അഭിപ്രായപ്പെട്ടു. സിബിഐ അറസ്റ്റ്‌ എന്നത്‌ അവരുടെ അന്വേഷണത്തിന്റെ ഭാഗം മാത്രമാണ്‌. ആന്ധ്രാപ്രദേശ്‌ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഏജന്‍സി നടത്തുന്ന അന്വേഷണങ്ങളുമായി സഹകരിക്കാന്‍ പാര്‍ട്ടി നേതൃത്വം സന്നദ്ധമാണ്‌, അദ്ദേഹം വ്യക്തമാക്കി. ഖാനനം ജനാര്‍ദ്ദനറെഡ്ഡിയുടെ സ്വകാര്യവ്യവസായമാണെന്നും പാര്‍ട്ടിക്ക്‌ ഇക്കാര്യത്തില്‍ ഇടപെടേണ്ടി വന്നിട്ടില്ലെന്നും കുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.