കാട്ടാക്കടയില്‍ കെ‌എസ്‌ആര്‍‌ടിസി ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്

Sunday 16 February 2014 2:08 pm IST

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ 23 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ്സുകളിലെ ഡ്രൈവര്‍മാര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കാട്ടാക്കട ഡിപ്പോയിലെ ബസും, തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയ്ക്ക് വന്ന പാറശാല ഡിപ്പോയിലെ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 6.15നായിരുന്നു അപകടം. ഡ്രൈവിംഗ് സീറ്റില്‍ കുടുങ്ങിപ്പോയ കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവര്‍ രാജേഷ് ചന്ദ്രനെ പുറത്തെടുക്കാന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കി. ഒടുവില്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് ഡ്രൈവറെ പുറത്തെടുക്കാനായത്. വേദനകൊണ്ട് പുളഞ്ഞ ഇദ്ദേഹത്തെ ഫയര്‍ ഫോഴ്സ് ഏറേ പണിപ്പെട്ടാണ് പുറത്തെടുത്തത്. പാറശാല ഡിപ്പോയിലെ ബസ് ഡ്രൈവര്‍ശ്രീകുമാറിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കാണ് മാറ്റിയത്. ഫയര്‍ ഫോഴ്സിന്റെ കൈയില്‍ ആധുനിക സജ്ജീകരണങ്ങളില്ലാത്തതിനാലാണ് കാല്‍ കുടുങ്ങിപ്പോയ ഡ്രൈവറെ പുറത്തെടുക്കാന്‍ വൈകിയതെന്ന് ജീവനക്കാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.