കെഎസ്ആര്‍ടിസിക്ക് ആയിരങ്ങളുടെ നഷ്ടം: സ്വകാര്യ ബസുകള്‍ സമയക്ലിപ്തത പാലിക്കുന്നില്ല

Sunday 16 February 2014 8:17 pm IST

എരുമേലി: സ്വകാര്യ ബസ്സുകള്‍ സമയക്ലിപ്തത പാലിക്കാത്തുമൂലം കെഎസ്ആര്‍ടിസിക്ക് പ്രതിദിനം ആയിരങ്ങളുടെ നഷ്ടം. സ്വകാര്യ ബസുകള്‍ക്കെതിരെ നല്‍കിയ പരാതിയും അധികൃതര്‍ ഗൗനിക്കുന്നില്ല. കെഎസ്ആര്‍ടിസി ബസിന് 20 മിനിട്ട് മുമ്പ് പോകുന്ന സ്വകാര്യ ബസ്സിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി അധികൃതര്‍ മുക്കി. എരുമേലി കെഎസ്ആര്‍ടിസി സെന്ററില്‍ നിന്നും 5.15ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസിനു തൊട്ടുമുമ്പാണ് കിഴക്കന്‍ മേഖലയില്‍ നിന്നും വരുന്ന സ്വകാര്യ ബസ് കടന്നുപോകുന്നത്. കെഎസ്ആര്‍ടിസി ബസിനു പിന്നാലെ 5.50ന് എരുമേലിയിലെത്തേണ്ട നെടുംകണ്ടം- കൊട്ടാരക്കര വരെയുള്ള സ്വകാര്യ ബസ് 5.10 ആകുമ്പോള്‍ത്തന്നെ എരുമേലിയിലെത്തി കടന്നുപോകുന്നു. തിരുവനന്തപുരം ബസിന് പ്രതിദിനം ലഭിച്ചുകൊണ്ടിരിക്കുന്ന പതിനായിരം രൂപയുടെ വരുമാനമാണ് മൂവായിരവും നാലായിരവുമായി കുറഞ്ഞിരിക്കുന്നത്. സ്വകാര്യ ബസ്സുകളുടെ ഇത്തരം സര്‍വ്വീസുകള്‍ക്കെതിരെ നാട്ടുകാരും യാത്രക്കാരും ആര്‍ടിഒയ്ക്കും പോലീസിലും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി സര്‍വ്വീസ് നടത്തുന്ന തിരുവന്തപുരം സര്‍വ്വീസിന് മിക്കപ്പോഴും റിക്കാര്‍ഡ് വരുമാനമാണുണ്ടായിരുന്നത്. കഴിഞ്ഞരണ്ടാഴ്ചക്കാലമായി വരുമാനത്തില്‍ ആയിരങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസിക്കു മുന്നില്‍ കടന്നുപോകുന്നതിനാല്‍ യാത്രക്കാര്‍ സ്വകാര്യ ബസില്‍ കയറാന്‍ നിര്‍ബ്ബന്ധിതരാകുന്നു. കെഎസ്ആര്‍ടിസിയെ വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക് തള്ളിവിടുന്ന സ്വകാര്യ ബസ്സിനെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.