ക്ഷേത്രസ്വത്ത്‌ ചോര്‍ന്നത്‌ സാംസന്റെ കാലത്ത്‌

Tuesday 6 September 2011 10:26 am IST

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്ന്‌ നിരവധി സ്വത്തുക്കള്‍ നഷ്ടപ്പെട്ടതായി വാര്‍ത്തവരുമ്പോള്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നത്‌ മുന്‍ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ശശിസാംസണ്‍. ക്ഷേത്രസ്വത്തുക്കള്‍ മോഷണം പോയി എന്ന വാദത്തെ ന്യായീകരിക്കുന്നതാണ്‌ അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ടായി പുറത്തുവന്നത്‌. 2008 നവംബര്‍ 17ന്‌ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. നഷ്ടപ്പെട്ട വസ്തുക്കളുടെ പട്ടികനിരത്തിയാണ്‌ കോടതിയില്‍ അഭിഭാഷകകമ്മീഷന്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഈ റിപ്പോര്‍ട്ടിനെ അന്ന്‌ കോടതയില്‍ ചോദ്യംചെയ്തിരുന്നില്ല. ക്ഷേത്രത്തിന്‌ വേണ്ടി എക്സിക്യൂട്ടീവ്‌ ഓഫീസറായിരുന്ന ശശിസാംസണായിരുന്നു ഹാജരായിരുന്നത്‌. വിവാഹം കഴിക്കാനായി മതംമാറി ശശിസാംസണ്‍ എന്ന പേര്‌ സ്വീകരിച്ച ശശിധരന്‍നായരെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ആക്കിയ നടപടി വിവാദമായിരുന്നു. ഹിന്ദുസംഘടനകളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന്‌ അദ്ദേഹത്തെ മാറ്റുകയായിരുന്നു. നിലവറ തുറക്കാന്‍ രേഖാമൂലം ഉത്തരവിറക്കിയത്‌ ശശിസാംസണ്‍ ആയിരുന്നു. നിലവറകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികളുടെ ആല്‍ബം തയ്യാറാക്കാന്‍ ഫോട്ടോ എടുക്കാന്‍ കല്ലറ തുറക്കാമെന്ന്‌ കാണിച്ച്‌ 2007 ആഗസ്റ്റ്‌ 2നാണ്‌ ഉത്തരവിറക്കിയത്‌. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കല്‍പ്പനപ്രകാരമാണ്‌ ഉത്തരവിറക്കിയതെന്നും പ്രത്യേകം വ്യക്തമാക്കിയിരുന്നു. നിലവറ പ്രശ്നത്തിന്റേതടക്കം ഈ ഉത്തരവായിരുന്നു. ശശി സാംസന്റെ നിയമനത്തിലും നടപടികളിലും സംശയം തോന്നിയ ചിലര്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചതും കമ്മീഷന്‍ സ്വത്തുനഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്‌ നല്‍കിയതും. 28 ദിവസം നിലവറകളുടെ താക്കോല്‍ ശശിസാംസന്റെ കൈവശമുണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്‌. ഈ സമയത്ത്‌ ക്ഷേത്രസ്വത്തുക്കള്‍ നഷ്ടപ്പെട്ടു എന്ന സംശയമാണ്‌ ഇപ്പോള്‍ ബലപ്പെടുന്നത്‌. 2007 സപ്തംബര്‍ 13ന്‌ രാവിലെ നട അടച്ചശേഷം നിലവറകള്‍ തുറന്ന്‌ വിലപിടിപ്പുള്ള പല സാധനങ്ങളും കടത്തിയത്‌ കണ്ടതായി ക്ഷേത്രത്തിലെ സീനിയര്‍ ക്ലര്‍ക്ക്‌ കെ.പത്മനാഭന്‍ അന്ന്‌ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ശശിസാംസന്റെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രം ഓഫീസില്‍ ഉണ്ടായിരുന്ന രവിവര്‍മ്മ ചിത്രങ്ങള്‍ എടുത്തുമാറ്റിയിരുന്നു. വിലമതിക്കാനാവാത്ത ഈ ചിത്രങ്ങള്‍ കൊട്ടാരത്തിലേക്ക്‌ കൊണ്ടുപോയി എന്നാണ്‌ പറഞ്ഞത്‌. ശശിസാംസണ്‍ നേരിട്ട്‌ എത്തി ഈ ചിത്രങ്ങള്‍ കാറില്‍ കയറ്റിവിടുകയായിരുന്നുവെന്ന്‌ അന്ന്‌ ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന എസ്‌.ആര്‍.സുനില്‍കുമാര്‍ രേഖാമൂലം അറിയിച്ചിരുന്നു. നിലവറ തുറക്കാനും ചിത്രങ്ങള്‍ എടുക്കാനും ശശിസാംസണ്‍ നിര്‍ദ്ദേശിച്ചത്‌ രാജകൊട്ടാരത്തിന്റെ അറിവോടെയായിരുന്നോ എന്നതില്‍ മാത്രമാണ്‌ സംശയം. ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ സ്ഥാനംഒഴിഞ്ഞ ശശിസാംസണ്‍ തലസ്ഥാനത്തെ ഒരു സ്വര്‍ണക്കടയില്‍ ജീവനക്കാരനാകുകയായിരുന്നു. സൈന്യത്തില്‍ കേണല്‍പദവിയില്‍ ഇരുന്ന ആള്‍ സ്വര്‍ണ്ണക്കടയില്‍ ജോലിക്കാരനായി ഇരുന്നത്‌ സംശയത്തിന്‌ ഇട നല്‍കിയിട്ടുണ്ട്‌. ഒരു വര്‍ഷത്തോളം സ്വര്‍ണക്കടയില്‍ ജോലിചെയ്ത ശശിസാംസണ്‍ ഇപ്പോള്‍ പ്രശസ്തമായ കരിക്കകം ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ്‌ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്‌. വിവാദവ്യക്തിയെ ജോലിക്കെടുക്കുന്നതിനെതിരെ ക്ഷേത്രഭാരവാഹികള്‍ക്ക്‌ പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. ശശിസാംസണു പിന്നില്‍ പല വന്‍തോക്കുകളുമുണ്ടെന്ന സൂചനയാണ്‌ ഇത്‌ നല്‍കുന്നത്‌. 'ബി' നിലവറ തല്‍ക്കാലം തുറക്കില്ല ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ ഇപ്പോള്‍ തുറക്കില്ലെന്ന്‌ വിദഗ്ധസമിതി സുപ്രീംകോടതിയെ അറിയിച്ചു. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ ദേവപ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ നിന്നും ഉത്തരവുണ്ടായ ശേഷമേ തീരുമാനിക്കൂ എന്നും സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ സമ്പത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നും വിദഗ്ധ സമിതി അറിയിച്ചു. ഇതിനായി മൂന്നു കോടിയോളം രൂപ ചെലവാകുമെന്നും ഒരു കോടി രൂപ ഉടന്‍ അനുവദിക്കണമെന്നും സി.വി.ആനന്ദബോസ്‌ അധ്യക്ഷനായ സമിതി സുപ്രീംകോടതിയോട്‌ ആവശ്യപ്പെട്ടു. വസ്തുക്കളുടെ ഫോട്ടോ എടുക്കാന്‍ ത്രീ ഡി ഫോട്ടോഗ്രാഫി ഉപകരണങ്ങള്‍ വേണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇപ്പോള്‍ ഇരുമ്പുപെട്ടികളില്‍ ഇരിക്കുന്ന സ്വര്‍ണവും വെള്ളിയും വജ്രങ്ങളും സൂക്ഷിക്കാന്‍ തേക്കിന്‍തടിയില്‍ പ്രത്യേക പെട്ടികള്‍ ഉണ്ടാക്കണം. നിലവറകളുടെ കതകുകള്‍ കൂടുതല്‍ ശക്തമാക്കണം. നിലവറയുടെ ഉള്ളിലെ അവസ്ഥയെ കുറിച്ചും രൂപകല്‍പനയെ കുറിച്ചും വ്യക്തമായി മനസിലാക്കി ശക്തിപ്പെടുത്തിയ ശേഷം മാത്രമെ തുറക്കാവൂ. അല്ലാതെ ചെയ്താല്‍ കല്ലറയ്ക്കുള്ളില്‍ തുരങ്കം ഉണ്ടാകാനുള്ള സാധ്യതയുമുണ്ടെന്നും സി.വി.ആനന്ദബോസ്‌ അധ്യക്ഷനായ സമിതി സുപ്രീം കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബി കല്ലറയിലെ വസ്തുക്കളുടെ അളവും മൂല്യവും രേഖപ്പെടുത്തണമെന്നു തന്നെയാണ്‌ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്‌. മൂല്യനിര്‍ണയം നടത്തുമ്പോള്‍ നിലവറ ഭാഗങ്ങള്‍ പ്രത്യേക ലോഹ മറകള്‍ കൊണ്ട്‌ മറയ്ക്കണം. ഭക്തരെയോ ഔദ്യോഗിക ആള്‍ക്കാര്‍ ഒഴികെ ഉള്ളവരെയോ പ്രവേശിപ്പിക്കരുത്‌. ബി കല്ലറയുടെ ഇടനാഴികളില്‍ ആവശ്യത്തിന്‌ പോലീസ്‌ സേനയെ നിയോഗിക്കണം. മൂല്യനിര്‍ണയത്തിന്റെ എല്ലാ നടപടി ക്രമങ്ങളും ക്ലോസഡ്‌ സര്‍ക്യൂട്ട്‌ ടി വി സംവിധാനത്തിലാക്കണം. പോലീസ്‌ കണ്‍ട്രോള്‍ റൂമിലിരുന്ന്‌ ഇതെല്ലാം നിരീക്ഷിക്കണം. നിരീക്ഷിക്കുകയല്ലാതെ ഇത്‌ റെക്കോര്‍ഡ്‌ ചെയ്യാന്‍ കണ്‍ട്രോള്‍ റൂമില്‍ സംവിധാനമുണ്ടാകരുത്‌. ബി കല്ലറയെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധ സമിതിക്ക്‌ പ്രവര്‍ത്തിക്കാന്‍ തിരുവനന്തപുരത്ത്‌ പ്രത്യേകം ഓഫീസ്‌ അനുവദിക്കണമെന്നും ജീവനക്കാരെ നിയമിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്‌.