കൃഷ്ണന്‍ അനന്തപ്രേമം

Monday 17 February 2014 5:43 pm IST

പ്രപഞ്ചത്തിലെല്ലാം ഒളിഞ്ഞും, പ്രപഞ്ചത്തിലുള്ളതെല്ലാമായും നിലകൊള്ളുന്ന ഒരു നിര്‍ഗുണേശ്വരനില്‍ വിശ്വസിക്കുന്നത്‌ ദാര്‍ശനികമാണെന്ന്‌ നമുക്കറിയാം. അതേസമയം കുറേക്കൂടി ഗ്രാഹ്യമായ എന്തിനോവേണ്ടിയാണ്‌ നമ്മുടെ അന്തരാത്മാവ്‌ വെമ്പുന്നത്‌. നമുക്കതിനെ കൈകൊണ്ടുപിടിക്കണം. ആ പാദപദ്മങ്ങളില്‍ നമ്മുടെ ആത്മഭാവങ്ങള്‍ പകര്‍ന്നൊഴിക്കുകയും മറ്റും വേണം. അതുകൊണ്ട്‌ സഗുണേശ്വരനാണ്‌ മനുഷ്യനെത്താവുന്ന ഏറ്റവും ഉയര്‍ന്ന സങ്കല്‍പ്പം. എങ്കിലും യുക്തിശക്തി അത്തരത്തിലൊരു ആശയത്തിന്റെ മുമ്പില്‍ പകച്ചുപോകുന്നു. ബ്രഹ്മസൂത്രത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ള ആ പഴയ പ്രശ്നമാണിവിടെയും.
വനത്തില്‍വച്ചു ദ്രൗപദി യുധിഷ്ഠിരനുമായി ചര്‍ച്ചചെയ്യുന്നതും ഇതേ പ്രശ്നമാണ്‌. ഒരു സഗുണേശ്വരനുണ്ടെങ്കില്‍, അവിടുന്നു കരുണയുടെയും പ്രഭാവത്തിന്റെയും മൂര്‍ത്തിയാണെങ്കില്‍, അവിടുന്ന്‌ ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്തിന്‌ ? ആ ഈശ്വരന്‍ പക്ഷപാതിയാകണം. അതിന്‌ സമാധാനമുണ്ടായില്ല. കണ്ടെത്താവുന്ന ഒരേ ഒരു സമാധാനം ഗോപികളുടെ പ്രേമത്തെപ്പറ്റി നാം വായിക്കുന്നതാണുതാനും. കൃഷ്ണന്‌ കൊടുത്തുവന്ന വിശേഷണങ്ങളെല്ലാം അവര്‍ അവഗണിച്ചു. അവിടുന്ന്‌ പ്രപഞ്ചാധിപതിയാണെന്ന്‌ ധരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അവിടുന്ന്‌ സര്‍വ്വശക്തനാണെന്നും അനന്തപ്രതാപശാലിയാണെന്നും മറ്റും ധരിക്കാന്‍ അവര്‍ മിനക്കെട്ടില്ല. അവര്‍ ധരിച്ച ഒറ്റസംഗതി കൃഷ്ണന്‍ അനന്തപ്രേമമാണെന്നതത്രേ. അത്രമാത്രം. - സ്വാമി വിവേകാനന്ദന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.