എടിഎം കാര്‍ഡ് ഉപയോഗിച്ചു പണം തട്ടിയ വിദ്യാര്‍ത്ഥി പിടിയില്‍

Monday 17 February 2014 9:45 pm IST

കോട്ടയം: വീട്ടമ്മയുടെ പണവും ബാഗും കവര്‍ന്ന ശേഷം ബാഗില്‍ നിന്നും ലഭിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ചു പണം തട്ടിയെടുത്ത കോളജ് വിദ്യാര്‍ത്ഥി പിടിയിലായി. എറണാകുളം സെന്റ് തോമസ് കോളജിലെ വിദ്യാര്‍ത്ഥി തൊടുപുഴ കരിങ്കുന്നം പാണ്ഡ്യമാക്കല്‍ ബേബിയുടെ മകന്‍ ബ്ലസണ്‍ (23) ആണ് പിടിയിലായത്. കഴിഞ്ഞ മാസം മൂന്നിനു കോട്ടയത്തു നിന്നു വീട്ടിലേക്ക് പോയ അയ്മനം ലക്ഷ്മിനിവാസില്‍ ഷീല കൈമളിന്റെ പണവും രേഖകളും എടിഎം കാര്‍ഡുകളും അടങ്ങിയ ബാഗ് ബ്ലസണ്‍ അപഹരിച്ചു. ബാഗിലുണ്ടായിരുന്ന മൂന്ന് എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചു ഈരാറ്റുപേട്ടയിലെ എടിഎമ്മില്‍ നിന്നും 4,000 രൂപയും പിന്നീട് തൃശൂരിലെ എടിഎമ്മില്‍ നിന്നു 13,600 രൂപയും അപഹരിച്ചു. ലഭിച്ച പണം കോവളത്ത് ഹോട്ടലിലും മറ്റുമായി ചിലവഴിച്ചതായി പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് ചീഫിനു ലഭിച്ച വിവരത്തെ തുടര്‍ന്നു കോട്ടയം ഡിവൈഎസ്പി അജിത്, കോട്ടയം വെസ്്റ്റ് സിഐ എ. ജെ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ അഡീഷണല്‍ എസ്‌ഐ ജേക്കബ് സ്‌കറിയ, എഎസ്‌ഐമാരായ രാജന്‍, ഡി. സി വര്‍ഗീസ്, പി. എന്‍ മനോജ്, സജി കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.