പിണറായിക്കെതിരെ തെളിവുണ്ട്‌

Tuesday 18 February 2014 9:11 pm IST

കൊച്ചി: സിപിഎം സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ എസ്‌എന്‍സി ലാവ്ലിന്‍ അഴിമതിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കി. ഹൈക്കേടതിയില്‍ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉപക്ഷകക്ഷിയാകാന്‍ ഡിജിപി വഴി സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ കീഴ്കോടതി പ്രതികളെ വിട്ടതിനെതിരേയാണ്‌ സിബിഐ ഹര്‍ജി.
നേരത്തേ സംസ്ഥാന ഊര്‍ജ്ജ വകുപ്പു നല്‍കിയ സത്യവാങ്മൂലത്തില്‍ കേസിലെ പ്രതികളെ അനുകൂലിച്ച സര്‍ക്കാര്‍ നിലപാടു തിരുത്തുന്നതാണ്‌ ഉപഹര്‍ജി. പിണറായി വിജയനെയും മറ്റു പ്രതികളെയും ശിക്ഷിക്കാനുള്ള തെളിവുകള്‍ ഉണ്ടായിട്ടും കീഴ്കോടതി കുറ്റവിമുക്തമാക്കിയത്‌ നിയവാഴ്ചക്കെതിരാണെന്ന്‌ ഉപഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ റിവിഷന്‍ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷിചേര്‍ക്കണമെന്നാണ്‌ ഉപഹര്‍ജിയിലെ ആവശ്യം.
കരാര്‍ പ്രകാരം മലബാര്‍ ക്യാന്‍സര്‍ സെന്ററിനു കിട്ടേണ്ട മുഴുവന്‍ തുകയും ലഭിച്ചില്ലെന്നും ആ ഇനത്തില്‍ ഖജനാവിന്‌ 86.25 കോടി നഷ്ടം സംഭവിച്ചുവെന്നും ഉപഹര്‍ജിയില്‍ വിവരിക്കുന്നു. എല്ലാ യൂണിറ്റുകളും നവീകരിക്കേണ്ടെന്നും ആകെ 100 കോടിയേ ചെലവു വരൂ എന്നുമുള്ള ബാലാനന്ദന്‍ന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ മറികടന്നാണ്‌ കരാര്‍. ഭെല്‍ 123.74 കോടി ചെലവില്‍ നവീകരണം നടത്താമെന്നറിയിച്ചത്‌ അവഗണിച്ചു ലാവ്ലിനുമായി കരാര്‍ ഉണ്ടാക്കി. 1996-ല്‍ പിണറായി വിജയന്‍ കരാറാവശ്യത്തിനു ക്യാനഡ സന്ദര്‍ശിച്ചത്‌ കെഎസ്‌ഇബി വിദഗ്ദ്ധര്‍ ഇല്ലാതെയാണ്‌. സേവന കരാര്‍ നവീകരണ കരാറാക്കി മാറ്റി. ഇടനില നിന്ന കമ്പനിയെ നവീകരണ കരാര്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇത്‌ അഴിമതിയാണ്‌, ഡിജിപി അസഫ്‌ അലി സമര്‍പ്പിച്ച ഉപഹര്‍ജിയില്‍ പറയുന്നു.
പവര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷനില്‍നിന്ന്‌ വായ്പയെടുക്കാതെ ലാവീലിന്‍ കമ്പനിയുടെ ഒത്താശയോടെ എക്സ്പോര്‍ട്ട്‌ ഡവലപ്മെന്റ്‌ കോര്‍പ്പറേഷനില്‍നിന്നു 18.6 ശതമാനം പലിശക്ക്‌ 149.15 കോടി വായ്പയെടുത്തു. ഇതുവഴി ഖജനാവിനു വന്‍ നഷ്ടമുണ്ടായി. കെഎസ്‌ഇബി ചെയര്‍മാന്‍ അദ്ധ്യക്ഷനായ ഹായ്‌ ലവന്‍ ഡെലിഗേഷന്‍ സിമിതി ഇത്രവലിയൊരു കരാറില്‍ വൈദ്യുതി മന്ത്രി അറിയാതെ ഏര്‍പ്പെടാന്‍ സാധ്യതയില്ല. 374.5 കോടി രൂപ മുടക്കിയ നവീകരണ പദ്ധതി ഫലം കണ്ടില്ല എന്ന സിഎജിയുടെ കണ്ടെത്തല്‍ ശരിയാണ്‌. കരാറുമായി ബന്ധപ്പെട്ട്‌ കെഎസ്‌ഇബി ചെലവിട്ട തുക 389.98 കോടിയാണ്‌. ഇതു വളരെ അധികമാണ്‌, ഉപഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.