വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന് 17.50കോടിയുടെ ബജറ്റ്

Tuesday 18 February 2014 9:10 pm IST

വാഴൂര്‍: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2014-15 വര്‍ഷത്തേക്കുള്ള 17 കോടി 39 ലക്ഷം രൂപ വരവും 17 കോടി 27 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഷാജി പാമ്പൂരി ഭരണസമിതിയില്‍ അവതരിപ്പിച്ചു. പദ്ധതിവിഹിതമായി ലഭിക്കുന്ന 297.47 ലക്ഷം രൂപയില്‍ 119.89 ലക്ഷം രൂപ പശ്ചാലത്തലമേഖലയിലും 146.48 ലക്ഷം രൂപ സേവനമേഖലയിലും മുതല്‍ മുടക്കും. ഉദ്പാദനമേഖലയുടെ വികസനത്തിനായി 31.10ലക്ഷം രൂപാ നീക്കിവച്ചിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണചുമതലയിലുള്ള ഇടയിരിക്കപ്പുഴ, കറുകച്ചാല്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വികസനത്തനായി 30 ലക്ഷം രൂപ മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്നും ചെലവഴിക്കും. ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്കുള്ള ഭവനനിര്‍മ്മാണ മേഖലയില്‍ 4കോടി 44 ലക്ഷം രൂപ വിനിയോഗിച്ച് 222 വീടുകള്‍ നിര്‍മ്മിക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി ക്ഷീരഗ്രാമം എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കിം. ബ്ലോക്ക് പരിധിയിലുള്ള സ്‌കൂളുകളില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വാട്ടര് പ്യൂരിഫയര്‍ സ്ഥാപിക്കുന്ന അമൃതധാര പദ്ധതിക്ക് തുടക്കം കുറിക്കും. തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് പാതയോര ഉദ്യാനവത്കരണം എന്ന പരിപാടിയിലൂടെ പ്രധാന ജംഗ്ഷനുകളെ മോടിപിടിപ്പിക്കാനും മാലിന്യം നീക്കാനും സഹായിക്കുന്ന ഒരു പദ്ധതിക്ക് ബജറ്റ് വര്‍ഷം തുടക്കമിടും. ഗ്രാമീണ റോഡുകളുടെ വികസനത്തിനായി മറ്റ് ഏജന്‍സികളുമായി സഹകരിച്ച് 3കോടി രൂപ റോഡുനിര്‍മ്മാണത്തിനായി ചെലവഴിക്കും. ജീവദായിനി എന്ന പേരില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഒരു ഓണ്‍ലൈന്‍ രക്തദാന ഡയറക്ടറി പ്രസിദ്ധീകരിക്കുവാന്‍ തുക അനുവദിച്ചു. വിവിധ ഡിവിഷനുകളില്‍ സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി 8.70ലക്ഷം രൂപ നീക്കിവച്ചു. വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 27.50 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ അടുത്ത വര്‍ഷം നടപ്പിലാക്കും. ചെറുവള്ളിയില്‍ വനിതാ റിസോഴ്‌സ് സെന്ററും, ചിറക്കടവില്‍ വനിതാ വിപണന കേന്ദ്രവും സ്ഥാപിക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 5കോടി 50 ലക്ഷം രൂപ അടുത്ത വര്‍ഷം ചെലവഴിക്കാന്‍ ലക്ഷ്യമിടുന്നു. ആകെ മുതല്‍മുടക്കിന്റെ 40 ശതമാനം തുക സാധനസാമഗ്രികളുടെ വിലയായി മുടക്കി സ്ഥായിയായ ആസ്തികളുടെ നിര്‍മ്മാണം എല്ലാ പഞ്ചായത്തിലും ഏറ്റെടുക്കും. യോഗത്തില്‍ പ്രസിഡന്റ് എസ്.ശൈലജാകുമാരി അദ്ധ്യക്ഷത വഹിച്ചു. ശ്രീലേഖ പുന്നക്കുഴി (വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍), സജി നീലത്തുംമൂക്കില്‍ (ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍), മീനു രാജു (ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍), ശശികലാ നായര്‍ (പ്രസിഡന്റ്, നെടുംകുന്നം ഗ്രാമപഞ്ചായത്ത്), ചന്ദ്രലേഖാ മോഹന്‍ (പ്രസിഡന്റ്, കങ്ങഴ ഗ്രാമപഞ്ചായത്ത്), ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ.ജയാ ശ്രീധര്‍, കെ.കെ.തങ്കപ്പന്‍ നായര്‍, അമ്പിളി എന്‍.കുറുപ്പ്, എല്‍സമ്മ സജി, കെ.പി.മുകുന്ദന്‍, അമ്മിണിയമ്മ പുഴയനാല്‍, സുരേഷ് ഇലഞ്ഞിപ്പുറം, കെ.പി.രവീന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.