പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ മതപരിവര്‍ത്തന ഭീഷണിയില്‍

Tuesday 18 February 2014 9:35 pm IST

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നേരിടുകയാണെന്ന്‌ കറാച്ചി പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച സെമിനാര്‍ കുറ്റപ്പെടുത്തി. നിങ്ങളുടെ മകളെ ഒരു മുസ്ലിമിനെക്കൊണ്ട്‌ നിര്‍ബന്ധിപ്പിച്ച്‌ വിവാഹം കഴിപ്പിക്കുന്നത്‌ അംഗീകരിക്കാനാവുമോയെന്നാണ്‌ സെമിനാറില്‍ പങ്കെടുത്ത രാജ്കുമാര്‍ എന്നയാള്‍ ചോദിച്ചത്‌. നിര്‍ബന്ധിത മതം മാറ്റ ഭീഷണി നേരിടുന്ന റിങ്കിള്‍ കുമാരി എന്ന പെണ്‍കുട്ടിയുടെ അമ്മാവനാണ്‌ രാജ്കുമാര്‍.
ആറ്‌ വയസ്സുകാരിയായ ജുംനയെ സെമിനാറിന്റെ വേദിയിലേക്ക്‌ വിളിച്ചുകൊണ്ട്‌ ഇവളുടെ പത്ത്‌ വയസ്സുള്ള സഹോദരിയെ നിര്‍ബന്ധിച്ച്‌ മതംമാറ്റിയിരിക്കുകയാണെന്ന്‌ രാജ്കുമാര്‍ പറഞ്ഞു. കളിപ്പാട്ടം വാങ്ങാന്‍ ഫെബ്രുവരി നാലിന്‌ ജുമ്നയോടൊപ്പം വീട്ടില്‍നിന്നുപോയ സഹോദരി തിരിച്ചെത്തിയില്ലെന്ന്‌ മാതാപിതാക്കള്‍ പറയുന്നു. ഇസ്ലാം മതത്തെക്കുറിച്ചോ സ്വന്തം മതത്തെക്കുറിച്ചുപോലുമോ ഒന്നുമറിയാത്ത പെണ്‍കുട്ടിയെ മതംമാറ്റിയിട്ട്‌ ആര്‍ക്ക്‌ എന്ത്‌ കിട്ടാനാണെന്ന മാതാപിതാക്കളുടെ ചോദ്യത്തിന്‌ മുന്നില്‍ സെമിനാറില്‍ പങ്കെടുത്തവര്‍ക്ക്‌ ഉത്തരമുണ്ടായില്ല.
കാണാതായ പെണ്‍കുട്ടി ഒരു മുസ്ലിമുമൊത്ത്‌ കഴിയുന്നതായി പിന്നീട്‌ അറിഞ്ഞു. മുസ്ലിം കുട്ടിയെന്ന നിലയ്ക്കാണ്‌ പാക്‌ പോലീസ്‌ ഇവരെ കോടതിയില്‍ ഹാജരാക്കിയത്‌. മകളെ കാണാന്‍ മാതാപിതാക്കളെ അനുവദിക്കുകയും ചെയ്തില്ല.
പാക്കിസ്ഥാനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ നേരിടുന്ന ഇത്തരം പ്രശ്നങ്ങള്‍ അനുദിനം വര്‍ധിക്കുന്നത്‌ ദുഃഖകരമാണെന്ന്‌ ഓള്‍ ഇന്ത്യ ഹിന്ദു റൈറ്റ്‌ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ കിഷന്‍ ചന്ദ്‌ പര്‍വാനി അഭിപ്രായപ്പെട്ടു. ലോകത്തെ എല്ലാ രാജ്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്ക്‌ നിയമപരമായ സംരക്ഷണമുണ്ട്‌. എന്നാല്‍ പാക്കിസ്ഥാനിലെ ഹിന്ദുന്യൂനപക്ഷം എല്ലാവിധത്തിലും പീഡിപ്പിക്കപ്പെടുകയാണ്‌, പര്‍വാനി ചൂണ്ടിക്കാട്ടി.
മതപരിവര്‍ത്തനത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഹിന്ദുക്കളെ സെമിനാറില്‍ പങ്കെടുത്ത എഴുത്തുകാരിയും കവിയുമായ ഫഹ്മിത റിയാസ്‌ പ്രശംസിച്ചു. ഒരു പ്രശ്നം പരിഹരിക്കപ്പെടണമെങ്കില്‍ ആദ്യം അത്‌ ഉന്നയിക്കണമെന്ന്‌ സെമിനാര്‍ സംഘടിപ്പിച്ചതിനെ സ്വാഗതം ചെയ്തുകൊണ്ട്‌ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഇഖ്ബാല്‍ ഭട്ട്‌ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.