നഗരസഭാ ബജറ്റ്‌ ചര്‍ച്ച ഇന്ന്‌

Tuesday 18 February 2014 9:55 pm IST

കൊച്ചി: നഗരസഭ അവതരിപ്പിച്ച ബജറ്റിന്മേല്‍ ചര്‍ച്ച ഇന്ന്്്‌. വീഞ്ഞ്‌ പഴയതുതന്നെ, കുപ്പി മാത്രം പുതിയത്‌ എന്ന്‌ പറയും പോലെ പദ്ധതികള്‍ പലതും പേര്‌ മാറ്റി അവതരിപ്പിച്ച ബജറ്റായിരുന്നു കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്‌. മുന്‍ ബജറ്റിലെ പ്രഖ്യാപനം പോലും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല. അടി്സ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ ബജറ്റില്‍ യാതൊരു നിര്‍ദ്ദേശവും ഇല്ലെന്ന്‌ ബിജെപി കൗണ്‍സിലര്‍ ശ്യാമള എസ്‌.പ്രഭു ആരോപിച്ചു. കൊച്ചി നിവാസികള്‍ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരം നിര്‍ദ്ദേശിക്കുന്ന പദ്ധതികല്‍ ബജറ്റിലില്ല. ഗതാഗത മേഖലയിലെ വികസനത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കിയാണ്‌ ബജറ്റ്‌ അവതരപ്പിച്ചിരിക്കുന്നത്‌. മെട്രോ പദ്ധതിയ്ക്ക്‌ വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ നഗരസഭ ചെയ്തുകൊടുക്കേണ്ടി വരും. ഇതൊടൊപ്പം അതിനോട്‌ അനുബന്ധിച്ച മേഖലയില്‍ വികസനം ഉണ്ടാകുന്നത്‌ സ്വാഭാവികമാണെന്നും അവര്‍ പറഞ്ഞു.
കൊതുക്‌ നിവാരണത്തിന്‌ വേണ്ടി മുമ്പ്‌ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും വിജയകരമായി നടപ്പാക്കുന്നതില്‍ നഗരസഭ പരാജയപ്പെട്ടു. ഫോഗിങ്‌ പോലും മുറയ്ക്ക്‌ നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ്‌ കൊതുകിനെ തുരത്തുന്നതിനായി നഗരശുചിത്വ സേന രൂപീകരിക്കുമെന്ന നിര്‍ദ്ദേശത്തോട്‌ യോചിക്കുന്നില്ലെന്നും കര്‍മപദ്ധതിയില്‍ സേനയുടെ ആവശ്യം ഇല്ലെന്നും ശ്യാമള എസ്‌ പ്രഭു പറഞ്ഞു. കൗണ്‍സിലേഴ്സിനെ മുഖവിലയ്ക്കെടുത്ത്, അവരുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും അവര്‍ പറഞ്ഞു.
പശ്ചിമകൊച്ചിക്കായി പ്രത്യേക പാക്കേജ്‌ അനുവദിക്കുമെന്ന്‌ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ അത്‌ തന്നെ പേര്‌ മാറ്റി അവതരിപ്പിക്കയായിരുന്നു. ഡിവിഷന്‍ ഫണ്ടെന്ന പേരില്‍ 75 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എന്നാല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക്്്‌ അവര്‍ ഏറ്റെടുത്ത വര്‍ക്ക്‌ പൂര്‍ത്തിയാക്കാന്‍ ഫണ്ട്‌ കിട്ടാത്ത സാഹചര്യമുണ്ടായി. ഇക്കാരണത്താല്‍ ഡിവിഷന്‍ വര്‍ക്ക്‌ ഏറ്റെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ തയ്യാറാവുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
നടപ്പാക്കാന്‍ പറ്റാത്ത കുറെ പദ്ധതികളാണ്‌ ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും മുന്‍ ബജറ്റിന്റെ ആവര്‍ത്തനം മാത്രമാണെന്നും നഗരസഭ പ്രതിപക്ഷ നേതാവ്‌ കെ.ജെ.ജേക്കബ്‌ പറഞ്ഞു. മുമ്പ്‌ പ്രഖ്യാപിച്ച പല പദ്ധതികള്‍ പോലും എങ്ങും എത്തിയില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ്‌ നഗരസഭ വീണ്ടും സ്വീകരിച്ചിരിക്കുന്നത്‌. മാലിന്യ ശേഖരണത്തിനായി ബ്രഹ്മപുരം പ്ലാന്റ്‌ സ്ഥാപിക്കുമെന്ന്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്‌. എന്നാല്‍ നിര്‍മാണം മാത്രം എങ്ങുമെത്തിയില്ല. കുടിവെള്ളത്തിനായി മരട്‌ പ്ലാന്റ്്‌ നിര്‍മാണം പൂര്‍ത്തിയായെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നത്‌ ആലപ്പുഴക്കാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിക്കാര്‍ക്ക്‌ വേണ്ടി നിരത്തിലിറങ്ങിയ ജനറോം ബസുകള്‍ കോട്ടയത്തേക്കും തൃശൂരേക്കും മലപ്പുറത്തേക്കും കൊണ്ടുപോയി. ജനറോം പദ്ധതി പ്രകാരം നടപ്പാക്കിയ പാഴൂര്‍ കുടിവെള്ള പദ്ധതിയിലൂടെ ലഭ്യമാക്കുന്ന ജലവും ആലപ്പുഴ ജില്ലയിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. പച്ചാളം മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും. ചാത്യാത്ത്‌ പള്ളിക്കാര്‍ക്ക്‌ വേണ്ടിയാണ്‌ മുന്‍ നിശ്ചയിച്ച വീതിയില്‍ നിന്നും പാലത്തിന്റെ വീതി കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന്‌ സംശയിക്കുന്നതായും കെ.ജെ.ജേക്കബ്‌ പറഞ്ഞു. പച്ചാളം മുതല്‍ മാമംഗലം വരെയുള്ള പ്രദേശത്തിന്റെ സമഗ്രവികസനം തകര്‍ക്കുന്ന നിലപാടാണിത്‌. ഇന്ന്‌ അവതരിപ്പിക്കുന്ന ബജറ്റില്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട്‌ വയ്ക്കുമെന്നും അംഗീകരിക്കാന്‍ തയ്യാറാവാത്ത പക്ഷം കടുത്ത പ്രതിഷേധ നടപടികളുമായി മുന്നോട്ട്‌ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണപക്ഷത്തിന്റെ ഉള്ളില്‍ത്തന്നെ എതിര്‍പ്പ്‌ ശക്തമാണ്‍്്‌. ഭരണപക്ഷാംഗങ്ങളോട്‌ പോലും ആലോചിക്കാതെ രഹസ്യമായി തയ്യാറാക്കിയ ബജറ്റാണിത്‌. കൗണ്‍സിലര്‍മാരോടും വേണ്ടി വന്നാല്‍ പൊതുജനത്തോടും അഭിപ്രായം തേടി വേണമായിരുന്നു ബജറ്റ്‌ തയ്യാറാക്കേണ്ടിയിരുന്നത്‌. ബജറ്റ്‌ ചര്‍ച്ചയില്‍ ഭരണപക്ഷം സ്വീകരിക്കുന്ന നിലപാടിനനുസരിച്ച്‌ തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. കാര്യക്ഷമമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ മുന്നോട്ട്‌ വയ്ക്കാത്ത ബജറ്റ്‌ ചര്‍ച്ച ചെയ്ത്‌ പാസാക്കണമെങ്കില്‍ പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ്്്‌ ഭരണപക്ഷത്തിന്‌ മറികടക്കേണ്ടിവരുമെന്ന്‌ ഉറപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.