കൊല്ലം: ക്ഷേത്രത്തിലെ എഴുന്നെള്ളത്തിന് ശേഷം മടങ്ങിയ ആന റോഡരുകില്‍ കുഴഞ്ഞുവീണ് ചരിഞ്ഞു. കൊല്ലം ഭൂതക്കുളം സ്വദേശി രഞ്ജിത്തിന്റെ ബാബുലാല്‍ എന്ന ആനയാണ് ചരിഞ്ഞത്. ഇരവിപുരം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ മടങ്ങുമ്പോഴാണ് ആന ചരിഞ്ഞത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലം-പരവൂര്‍ തീരദേശ റോഡില്‍ മുക്കമ്പുഴയില് വച്ചായിരുന്നു സംഭവം. പാപ്പാന്മാരുമായി നടന്നു നീങ്ങുകയായിരുന്ന ആന പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയില്‍ റോഡരുകിലുണ്ടായിരുന്ന തെങ്ങും മറിഞ്ഞു. ആന വീണതോടെ പാപ്പാന്മാര് കരച്ചിലിലായി. നാട്ടുകാര്‍ ഇവരെ സമീപത്തെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ചീഫ് വെറ്റിനറി സര്ജന് ഡോ.അരവിന്ദിന്റെ നേതൃത്വത്തില്‍ ആനയുടെ ജഡം പരിശോധിച്ചു.
കൂടുതല്‍ പരിശോധനകള്‍ക്കായി ആനയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: