വോട്ടിന് നോട്ട് : അമര്‍സിങ് കോടതിയില്‍ ഹാജരായി

Tuesday 6 September 2011 3:24 pm IST

ന്യൂദല്‍ഹി : വോട്ടിന് നോട്ട് കോഴ കേസില്‍ സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിങ് കോടതിയില്‍ ഹാജരായി. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാകില്ലെന്ന് അദ്ദേഹം അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നു നേരിട്ടു മെഡിക്കല്‍ സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കാന്‍ ഉത്തരവിട്ട കോടതി വിചാരണ നടപടികള്‍ ഉച്ചവരെ മാറ്റി വയ്ക്കുകയും ചെയ്തു. ഇതിനു ശേഷമാണ് അമര്‍സിങ് ഉച്ചയോടെ കോടതിയിലെത്തിയത്. വൃക്കമാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയയ്ക്ക്‌ വിധേയനായ മുന്‍ സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അമര്‍സിംഗ്‌ അസുഖത്താല്‍ ശയ്യാവലംബിയാണെന്നും കോടതിയില്‍ ഹാജരാകുന്നത്‌ അദ്ദേഹത്തിന്‌ അണുബാധയുണ്ടാക്കാനിടയാകുമെന്നും മറ്റും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതി മുമ്പാകെ രാവിലെ ബോധിപ്പിച്ചിരുന്നു. കേസില്‍ കോടതി മുമ്പാകെ നേരിട്ട്‌ ഹാജരാകുന്നത്‌ ഒഴിവാക്കാനായിരുന്നു അമര്‍സിംഗിന്റെ നീക്കം. ആരോഗ്യം ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ അതിന്‌ ശ്രമിച്ചെങ്കിലും സ്‌പെഷ്യല്‍ ജഡ്ജി സംഗീതാ ധിന്‍ഗ്ര സെഗാള്‍ അതൃപ്‌തി പ്രകടമാക്കി കൊണ്ടാണ്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടത്‌. 2008ല്‍ യുപിഎ സര്‍ക്കാര്‍ നേരിട്ട വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്യാന്‍ മൂന്നു ബിജെപി ലോക്സഭാംഗങ്ങള്‍ക്കു കോഴ നല്‍കിയെന്നാണു കേസ്. അമര്‍സിങ്, സുധീന്ദ്ര കുല്‍ക്കര്‍ണി, ഫാഗന്‍ സിങ് കുലേസ്റ്റ്‌, മഹാവീര്‍ സിങ് ബഗോര, സഞ്ജീവ്‌ സക്‌സേന, സുഹെയ്‌ല്‌ ഹിന്ദുസ്ഥാനി എന്നിവരെ പ്രതികളാക്കിയാണ്‌ ദല്‍ഹി പോലീസ്‌ 80 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്‌. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പാര്‍ലമെന്റ് സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം 2009ലാണ് ദല്‍ഹി പോലീസിന് കൈമാറിയത്.