ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‌ മൂക്കുകയറിടാന്‍ കെപിസിസി

Wednesday 19 February 2014 9:31 pm IST

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ മൂക്കുകയറിടാന്‍ കെപിസിസിയുടെ പുതിയ നിര്‍ദേശങ്ങള്‍. ഭരണത്തില്‍ വി.എം. സുധീരന്റെയും പാര്‍ട്ടിയുടെയും പിടിമുറുകുന്നു എന്നു വ്യക്തമാക്കുന്നതാണ്‌ ഇന്നലെ ചേര്‍ന്ന കെപിസിസി യോഗത്തിലെ തീരുമാനങ്ങള്‍.
പാര്‍ട്ടിയെ ധിക്കരിച്ചു സര്‍ക്കാരിന്‌ ഏകപക്ഷീയമായി മുന്നോട്ടു പോകാനാവില്ലെന്ന കര്‍ശന മുന്നറിയിപ്പാണു നേതൃത്വം നല്‍കിയത്‌. കോണ്‍ഗ്രസ്‌ മന്ത്രിമാരുടെ പ്രവര്‍ത്തനം ഇനി മുതല്‍ കെപിസിസി വിലയിരുത്തും. ഇതിനായി അഞ്ചംഗസമിതിക്കു രൂപം നല്‍കും. ബന്ധപ്പെട്ട വകുപ്പു മന്ത്രി ചെയര്‍മാനും കെപിസിസി ജനറല്‍ സെക്രട്ടറി കണ്‍വീനറുമായി സമിതി രൂപീകരിക്കുന്നതിനാണു തീരുമാനം. ഇതോടൊപ്പം നേരത്തെതന്നെ കെപിസിസി നിശ്ചയിച്ചിരുന്ന പെരുമാറ്റചട്ടം കര്‍ശനമാക്കാനും തിരുവനന്തപുരത്തു ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും നിര്‍വാഹകസമിതി അംഗങ്ങളുടെയും യോഗങ്ങള്‍ തീരുമാനിച്ചു. വിഭാഗീയ പ്രവര്‍ത്തനങ്ങളും പരസ്യനിലപാടുകളും പാടില്ലെന്നു യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വി.എം. സുധീരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ്‌ ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ബാര്‍ തുടങ്ങാന്‍ അനുമതി നല്‍കരുത്‌. ലഭിച്ചിട്ടുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്നു സുധീരന്‍ നിര്‍ദേശിച്ചു. ഇത്‌ പാര്‍ട്ടി തീരുമാനമാക്കാന്‍ എല്ലാതലത്തിലും ചര്‍ച്ചചെയ്യും. കളങ്കിതരായവരുടെ കൈയില്‍ നിന്നും ഫണ്ടുവാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ടതില്ല. പാര്‍ട്ടി പ്രവര്‍ത്തനത്തിനു താഴെത്തട്ടില്‍ നിന്ന്‌ ഫണ്ട്‌ കണ്ടെത്തണം.വിജിലന്‍സ്‌ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ അവര്‍ കുറ്റവിമുക്തരാകുന്നതുവരെ നിയമനം നല്‍കരുത്‌. ഇപ്പോള്‍ ഇത്തരത്തില്‍ വിജിലന്‍സ്‌ അന്വേഷണം നേരിടുന്നവരുടെ നിയമനം പുനഃപരിശോധിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ വിജിലന്‍സ്‌ അന്വേഷണത്തില്‍ ഇടപെടില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല യോഗത്തെ അറിയിച്ചു.
മന്ത്രിമാരും കെപിസിസി ഭാരവാഹികളും പരിപാടികള്‍ക്കായി എത്തുമ്പോള്‍ ഡിസിസി ബ്ലോക്ക്‌, മണ്ഡലം പ്രസിഡന്റുമാരെ അറിയിച്ചിരിക്കണം. മന്ത്രിമാര്‍ അവരുടെ അനൗദ്യോഗിക പരിപാടികള്‍ തീരുമാനിക്കുന്നതിനു മുന്‍പ്‌ ഡിസിസിയുമായി ബന്ധപ്പെടണം. ഡിസിസി ശുപാര്‍ശയുള്ള കാര്യങ്ങള്‍ മാത്രമേ ഇനിമുതല്‍ കെപിസിസി ഏറ്റെടുക്കുകയുള്ളൂ.
ലോക്സഭാ സ്ഥാനാര്‍ഥി നിര്‍ണയം, ഘടകക്ഷികളുടെ സീറ്റ്‌ എന്നിവ സംബന്ധിച്ച്‌ സിറ്റിങ്‌ എംപിമാരോ പാര്‍ട്ടി ഘടകങ്ങളോ പരസ്യപ്രതികരണങ്ങള്‍ നടത്തുന്നതിനും യോഗം വിലക്കേര്‍പ്പെടുത്തി. ആറന്മുള, മൂലമ്പള്ളി, പ്ലാച്ചിമട തുടങ്ങി ചെറുതും വലുതുമായ ജനകീയ സമരങ്ങളില്‍ ഇടപെട്ടു പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ആറന്മുള വിഷയത്തില്‍ സുഗതകുമാരിയുടെ നേതൃതൃത്വത്തിലുള്ള സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ചനടത്തി എത്രയും വേഗം പ്രശ്നപരിഹാരമുണ്ടാക്കാന്‍ യോഗം അഭ്യര്‍ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.