ശുദ്ധജലമെത്തിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

Friday 21 February 2014 10:17 pm IST

കൊച്ചി: കീഴ്മാട്‌ പഞ്ചായത്തിലെ കുളക്കാട്ടില്‍ കിണര്‍ വെള്ളത്തില്‍ പെര്‍ക്ലോറേറ്റ്‌ എന്ന മാരക രാസവസ്തു കണ്ടെത്തിയ പശ്ചാത്തലത്തില്‍ ശുദ്ധജലം ലഭിക്കാത്ത വീട്ടുകാര്‍ക്ക്‌ ശുദ്ധജലം എത്തിക്കുന്നതിന്‌ കീഴ്മാട്‌ പഞ്ചായത്തിന്‌ സര്‍ക്കാര്‍ പ്രത്യേക ധനസഹായം അനുവദിക്കണമെന്ന്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ്‌ ജെ.ബി. കോശി ഉത്തരവിട്ടു.
കിണറുകളില്‍ രാസവസ്തു കണ്ടെത്തിയ സാഹചര്യത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും കുടിവെള്ളം നല്‍കാന്‍ വാട്ടര്‍ അതോറിറ്റി നടപടിയെടുക്കണം.
മലിനജലം ഉറവവഴി പെരിയാറിലും മറ്റും എത്താനിടയുള്ളതു കാരണം ഉത്ഭവം കണ്ടുപിടിക്കണം. മലിനീകരണം വ്യാപിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണം. സര്‍ക്കാരിനും പഞ്ചായത്തിനും ജനങ്ങള്‍ക്കും ഉണ്ടായ നഷ്ടം ഏതെങ്കിലും കമ്പനിയുടെ മാലിന്യം മുഖേന ഉണ്ടായതാണെങ്കില്‍ ആ കമ്പനി കണ്ടെത്തി അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനും ജസ്റ്റിസ്‌ ജെ.ബി. കോശി ഉത്തരവിട്ടു. എറണാകുളം ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നൂറോളം വീട്ടുകാരാണ്‌ കുടിവെള്ളം കിട്ടാതെ ദുരിതം അനുഭവിക്കുന്നത്‌. കുടിവെള്ളം അടിസ്ഥാന മനുഷ്യാവകാശമാണ്‌. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശവുമാണ്‌.
രാസവസ്തു കണ്ടെത്തിയ സംഭവത്തെക്കുറിച്ച്‌ ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫിസറും കീഴ്മാട്‌ പഞ്ചായത്ത്‌ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും വിശദീകരണം സമര്‍പ്പിക്കണമെന്ന്‌ ജസ്റ്റിസ്‌ ജെ. ബി. കോശി ഉത്തരവില്‍ പറഞ്ഞു. ഭൂഗര്‍ഭജലവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മാര്‍ച്ച്‌ 18-നകം വിശദീകരണം സമര്‍പ്പിക്കണം.
കേസ്‌ മാര്‍ച്ച്‌ 25-ന്‌ എറണാകുളം കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണനക്കെടുക്കുമെന്ന്‌ കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.