പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു; ദുരന്തം ഒഴിവായത്‌ തലനാരിഴക്ക്‌

Friday 21 February 2014 10:18 pm IST

കോതമംഗലം: കൊച്ചി-മധുര ദേശീയ പാതയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ഫയര്‍ഫോഴ്സിന്റെയും അധികൃതരുടെയും സമയോചിതമായ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി. ഇരുമ്പനത്തു നിന്നും തൂക്കുപാലത്തിന്‌ പെട്രോളിയം ഉല്‍പന്നങ്ങളുമായി പോയ ലോറിയാണ്‌ ഇന്നലെ രാവിലെ 10.30ഓടെ നെല്ലിമറ്റത്തിന്‌ സമീപം കുത്ത്കുഴിയില്‍ മറിഞ്ഞത്‌. ലോറിയില്‍ 8000ലിറ്റര്‍ ഡീസലും 4000ലിറ്റര്‍ പെട്രോളുമാണ്‌ ഉണ്ടായിരുന്നത്‌. കുത്തുകുഴിയിലെ വളവ്‌ തിരിയുന്നതിനിടയില്‍ നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു. അപകടസമയത്ത്‌ ടാങ്കില്‍ നിന്നും ചെറിയ തോതില്‍ പെട്രോള്‍ ലീക്ക്‌ ചെയ്യുന്നുണ്ടായിരുന്നു. ഉടന്‍ കോതമംഗലം കല്ലൂര്‍ക്കാട്‌ ഫയര്‍ സ്റ്റേഷനില്‍ നിന്നും മൂന്ന്‌ യൂണിറ്റ്‌ ഫയര്‍ എഞ്ചിനുകളെത്തി വെള്ളം പമ്പ്‌ ചെയ്ത്‌ വന്‍ദുരന്തം ഒഴുവാക്കുകയായിരുന്നു.
കോതമംഗലം സിഐയുടെ നേതൃത്വത്തില്‍ ഊന്നുകല്‍-കോതമംഗലം എസ്‌ഐമാരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം എത്തി ദേശീയ പാതയിലെ ഗതാഗതം തിരിച്ചുവിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. തീപ്പിടുത്തം ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കുകയും മേഖലകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരിക്കുകയാണ്‌. ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതര്‍ സ്ഥലത്തെത്തി മറിഞ്ഞ ടാങ്കറില്‍ നിന്ന്‌ പെട്രോളും ഡീസലും ഹാന്റ്‌ പമ്പ്‌ ഉപയോഗിച്ച്‌ മറ്റൊരു ടാങ്കറിലേക്ക്‌ നീക്കം ചെയ്തു. തുടര്‍ന്ന്‌ മറിഞ്ഞ വാഹനം ഉയര്‍ത്തുകയും വാഹനഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.