പരാതി നല്‍കേണ്ട സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന്‌ അധികാരികള്‍

Saturday 22 February 2014 9:15 pm IST

ന്യൂദല്‍ഹി: അമൃതാനന്ദമയീ മഠവുമായി ബന്ധപ്പെട്ട്‌ ചില മാധ്യമങ്ങള്‍ നടത്തിയ വര്‍ഗ്ഗീയ പ്രചാരണം അനിയന്ത്രിതമാണെന്ന്‌ പോലീസ്‌-സര്‍ക്കാര്‍ ഉന്നത കേന്ദ്രങ്ങള്‍. പരാതി നല്‍കേണ്ട സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും ഇതുപയോഗിച്ചു തുടങ്ങിയാല്‍ മാത്രമേ ഇത്തരം പ്രചാരണങ്ങള്‍ക്ക്‌ അവസാനമുണ്ടാകൂ എന്നും അധികാരികള്‍ പറയുന്നു.
ദൃശ്യമാധ്യമങ്ങളിലൂടെ അമൃതാനന്ദമയീ മഠത്തിനെതിരെ നടന്ന വാര്‍ത്താവതരണങ്ങളില്‍ മനപ്പൂര്‍വ്വം മതവിദ്വേഷമുണ്ടാക്കുന്നതിനുള്ള ശ്രമം നടന്നിട്ടുണ്ടെന്നാണ്‌ പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചത്‌. മഠത്തിനെതിരായും അമൃതാനന്ദമയിക്കെതിരായും വാര്‍ത്തകള്‍ നിരന്തരം നല്‍കിയ ചാനലുകളുടെ ഉടമസ്ഥരുടെ നിലപാടുകളും മതവിദ്വേഷമുണ്ടാക്കുന്ന തരത്തിലാണ്‌.
ദൃശ്യമാധ്യമ ലൈസന്‍സിന്‌ അപേക്ഷിച്ചപ്പോള്‍ ദേശദ്രോഹബന്ധമുള്ളവര്‍ ഡയറക്ടര്‍ ബോര്‍ഡിലുണ്ടെന്നും അതിനാല്‍ ലൈസന്‍സ്‌ അനുവദിക്കരുതെന്നും കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്‌ നല്‍കിയ ചാനലാണ്‌ ഏറ്റവും വര്‍ഗ്ഗീയ രീതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. ഐ.ബി റിപ്പോര്‍ട്ട്‌ അവഗണിച്ച്‌ കേന്ദ്രമന്ത്രിയുടെ സഹായത്തോടെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്നും ലൈസന്‍സ്‌ വാങ്ങിയെടുത്ത ചാനലിലെ ഉള്ളടക്കം പലപ്പോഴും വിഷലിപ്തമായി മാറുന്നുണ്ട്‌. മഠത്തിനെതിരായ വാര്‍ത്തകള്‍ക്ക്‌ വര്‍ഗ്ഗീയ ചുവ നല്‍കി പ്രക്ഷേപണം ചെയ്ത മറ്റു രണ്ടു ചാനലുകളുടെ ഉടമസ്ഥരേപ്പറ്റിയും പലവട്ടം രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം നടന്നിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെയാണ്‌ അന്വേഷണങ്ങളെ ഈ മൂന്നു ചാനലുകളും മറികടന്നത്‌.
ചാനലുകളുടെ ഉള്ളടക്കം വിഷലിപ്തമാണെന്ന്‌ തോന്നുന്ന പക്ഷം ഏതൊരു കാഴ്ചക്കാരനും പരാതിയുമായി സമീപിക്കാമെന്ന്‌ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ്‌ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു. ദല്‍ഹിയിലെ ഐബിഎഫിന്റെ ഓഫീസില്‍ നേരിട്ടും തപാലിലൂടെയും പരാതി നല്‍കാം. ആക്ഷേപമുള്ള സംപ്രേഷണ ഭാഗത്തിന്റെ ക്ലിപ്പിംഗുകള്‍ പരാതിക്കൊപ്പം സമര്‍പ്പിക്കുകയോ വിവാദഭാഗങ്ങള്‍ സംപ്രേഷണം ചെയ്ത സമയം പരാതിയില്‍ രേഖപ്പെടുത്തുകയോ ചെയ്താല്‍ മതിയെന്നാണ്‌ ഐബിഎഫ്‌ പറയുന്നത്‌. ഇന്ത്യയിലെ എല്ലാ ചാനലുകളുടേയും 24 മണിക്കൂര്‍ സംപ്രേഷണ ദൃശ്യങ്ങളും ഐബിഎഫ്‌ റിക്കോര്‍ഡ്‌ ചെയ്തു വെയ്ക്കുന്നുണ്ട്‌.
മതവിദ്വേഷത്തിനു കാരണമായ രീതിയില്‍ ഒരു സെക്കന്റെങ്കിലും സംപ്രേഷണം നടത്തിയാല്‍ ചാനലിന്റെ ലൈസന്‍സ്‌ റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികളാണ്‌ സ്വീകരിക്കുക. പരാതികളയക്കേണ്ട വിലാസം: സെക്രട്ടറി, ബ്രോഡ്കാസ്റ്റിംഗ്‌ കണ്ടന്റ്‌ കംപ്ലെയിന്റ്‌ കൗണ്‍സില്‍, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ്‌ ഫൗണ്ടേഷന്‍,ബി-304,അന്‍സല്‍ പ്ലാസ, ന്യൂദല്‍ഹി 110047,ഫോണ്‍: 011-43794444, ഇമെയില്‍ : bccc@ibfindia.com. www.ibfindia.com എന്ന വെബ്സൈറ്റില്‍ കയറിയും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
പൊതു തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത്‌ മതധ്രുവീകരണത്തിന്‌ അമൃതാനന്ദമയീമഠവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നു വന്ന വിവാദങ്ങളെ ചില മാധ്യമങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ്‌ സംശയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.