വെള്ളാപ്പള്ളിയും ഫസല്‍ ഗഫൂറും തെറ്റിദ്ധരിപ്പിക്കുന്നു: എന്‍എസ്‌എസ്‌

Tuesday 6 September 2011 10:25 pm IST

കോട്ടയം : എന്‍എസ്‌എസ്‌ നടത്തുന്ന എയിഡഡ്‌ സ്ഥാപനങ്ങളില്‍ 20 ശതമാനം കമ്മ്യൂണിറ്റി ക്വോട്ടയും 20 ശതമാനം മാനേജ്മെന്റ്‌ ക്വോട്ടയും ഉണ്ടെന്നും ബാക്കി 60 ശതമാനം സീറ്റില്‍ വിദ്യാര്‍ത്ഥിപ്രവേശനത്തിന്‌ ഒരുതലത്തിലുമുള്ള സംവരണവും ഏര്‍പ്പെടുത്തിയിട്ടില്ല എന്നുമുള്ള വെള്ളാപ്പള്ളി നടേശന്റെയും ഫസല്‍ ഗഫൂറിന്റെയും പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന്‌ എന്‍എസ്‌എസ്‌. എന്‍എസ്‌എസ്സിന്റെ എയിഡഡ്‌ ആര്‍ട്സ്‌ കോളേജുകളില്‍ 50 ശതമാനം ജനറല്‍ മെറിറ്റും 20 ശതമാനം പട്ടികജാതിപട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്കുള്ള സംവരണവും, 10 ശതമാനം കമ്മ്യൂണിറ്റി മെറിറ്റും 20 ശതമാനം മാനേജ്മെന്റ്‌ ക്വോട്ടായും ആയിട്ടാണ്‌ പ്രവേശനം നടന്നുവരുന്നത്‌. പ്രൊഫഷണല്‍ എയിഡഡ്‌ കോളേജുകളായ എഞ്ചിനീയറിംഗ്‌ കോളേജിലും പോളിടെക്നിക്ക്‌ കോളേജിലും ഹോമിയോ മെഡിക്കല്‍ കോളേജിലും സംവരണം ഉള്‍പ്പെടെ 85 ശതമാനം സീറ്റ്‌ മെറിറ്റിലും 15 ശതമാനം സീറ്റ്‌ മാനേജ്മെന്റ്‌ ക്വോട്ടായിലുമായാണ്‌ പ്രവേശനം നടക്കുന്നത്‌. ഈ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി മെറിറ്റ്‌ സീറ്റുകളില്ല. ബി.എഡ്‌ കോളേജുകളില്‍ 55 ശതമാനം മെറിറ്റും 20 ശതമാനം സംവരണവും 10 ശതമാനം കമ്മ്യൂണിറ്റി മെറിറ്റും 15 ശതമാനം മാനേജ്മെന്റ്‌ സീറ്റുമാണ്‌ ഉള്ളത്‌. സര്‍ക്കാരും എന്‍എസ്‌എസ്‌ മാനേജ്മെന്റുമായി ഉണ്ടാക്കിയിട്ടുള്ള ഡയറക്ട്‌ പേയ്മെന്റ്‌ എഗ്രിമെന്റ്‌ അനുസരിച്ചാണ്‌ ഇങ്ങനെ ചെയ്തുവരുന്നത്‌. ഈ സ്ഥാപനങ്ങളെല്ലാം എന്‍എസ്‌എസ്‌ സ്വന്തമായി പണം മുടക്കി സ്ഥാപിച്ചിട്ടുള്ളതുമാണ്‌. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള പുതിയ കരാര്‍ പ്രകാരം, സര്‍ക്കാര്‍വിഹിതമായ 50 ശതമാനം സീറ്റില്‍ ഏഴ്‌ ശതമാനം ബിപിഎല്‍ വിഭാഗക്കാര്‍ക്കും, 13 ശതമാനം എസ്സിബിസി (സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കംനില്‍ക്കുന്നവര്‍) വിഭാഗത്തിനും, അഞ്ച്‌ ശതമാനം പട്ടികവിഭാഗങ്ങള്‍ക്കും നല്‍കുന്നതിനു പുറമേയാണ്‌ 15 ശതമാനം സീറ്റ്‌ കോളേജുമാനേജ്മെന്റുകളുടെ സമുദായത്തിനു നല്‍കുന്നത്‌. ഇതോടെ ജനറല്‍ മെറിറ്റ്‌ സീറ്റ്‌ 50 ശതമാനം എന്നത്‌ വെറും 10 ശതമാനമായി കുറയുന്നു. പ്രവേശനത്തിന്റെ കാര്യത്തില്‍ 50 : 50 എന്ന ഫോര്‍മുലയില്‍ തുടങ്ങിയത്‌ ജനറല്‍ മെറിറ്റില്‍ കഴിഞ്ഞപ്രാവശ്യം 25 ശതമാനം ആയി കുറഞ്ഞു. പുതിയ കരാറില്‍ ഇത്‌ അട്ടിമറിച്ച്‌ 10 ശതമാനമാക്കി കുറച്ചതിലാണ്‌ എതിര്‍പ്പ്‌. ഇത്‌ ഭരണഘടനാവിരുദ്ധമാണ്‌. പണം മുടക്കി ഇങ്ങനെ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചതിന്റെ പിന്നില്‍ വ്യവസായലക്ഷ്യം ആയിരുന്നു എന്നുള്ളത്‌ ഇതുവരെയുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌. വിദ്യാഭ്യാസം ഒരു വ്യവസായമാക്കാനുള്ള ലക്ഷ്യം എന്‍എസ്‌എസിന്‌ ഇല്ലാത്തതുകൊണ്ടാണ്‌ എന്‍എസ്‌എസ്‌ ഈ രംഗത്തുനിന്നും മാറിനിന്നത്‌. ഭരണഘടനാപരമായി മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ പൊതുവിഭാഗത്തില്‍ പ്രവേശനം ലഭിക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിക്കേണ്ട സര്‍ക്കാര്‍സീറ്റിന്റെ കാര്യത്തില്‍ കണക്കുപറയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്‌. കരാര്‍ അട്ടിമറിച്ചതിലൂടെ മുന്നോക്കവിഭാഗമടക്കമുള്ള ജനറല്‍വിഭാഗത്തില്‍പ്പെട്ടവര്‍ക്കു ലഭിക്കേണ്ട 105 എംബിബിഎസ്‌ സീറ്റുകളാണ്‌ നഷ്ടപ്പെടുത്തിയിരിക്കുന്നതെന്നും എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പ്രസ്താവിച്ചു.