സംഘടനയുടെ ലക്ഷ്യം ധര്‍മ്മമാകണം: അക്കിത്തം

Sunday 23 February 2014 9:54 pm IST

പാലക്കാട്‌: എതൊരു സംഘടനയുടെയും അന്തിമ ലക്ഷ്യം ധര്‍മ്മമാകണമെന്ന്‌ മഹാകവി അക്കിത്തം. കര്‍മ്മങ്ങളുടെയെല്ലാം അധിപതി താനാണെന്ന ബോധം ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തപസ്യ സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തപസ്യയുടെ പ്രയാണം ഭാരതമൊട്ടാകെ വ്യാപിക്കണം. ധര്‍മ്മരക്ഷക്കായുളള പ്രവര്‍ത്തനമാണ്‌ ഉണ്ടാകേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തപസ്യക്ക്‌ രാഷ്ട്രീയമില്ല രാഷ്ട്രമേ ഉള്ളുവെന്ന്‌ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കവി എസ്‌. രമേശന്‍ നായര്‍ പറഞ്ഞു. ലോകത്തിനും മനുഷ്യനും വേണ്ട എല്ലാ നല്ല കാര്യങ്ങളും നടത്തുന്ന തപസ്യയുടെ പ്രവര്‍ത്തനം വിശിഷ്ടമാണെന്ന്‌ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പറഞ്ഞു. സംസ്കാരമെന്നത്‌ സാഹിത്യം മാത്രമല്ല. സംഹാരാത്മകമായ യുദ്ധങ്ങള്‍ അടക്കമുള്ളതാണ്‌. സര്‍വ്വവിധ മനുഷ്യമസ്തിഷ്ക ഛര്‍ദ്ദികളെല്ലാം വര്‍ത്തമാനകാലത്തില്‍ സംസ്ക്കാരങ്ങളെന്ന്‌ വ്യവഹരിക്കപ്പെടുന്നതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പറഞ്ഞു. ഭാരതീയ സംസ്കാരത്തില്‍ അതിന്റെ പ്രാചീന ദശയില്‍ രാഷ്ട്രീയമോ അല്ലാത്തതോ ആയ അപചയം ഉണ്ടായാല്‍ അതിനെ ധാര്‍മ്മികമായ പന്ഥാവിലുടെ നയിക്കാന്‍ ജനങ്ങള്‍ ശ്രദ്ധാലുക്കളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുര്‍ഗ്ഗാദത്ത പുരസ്കാരം ആര്യാംബികക്ക്‌ അക്കിത്തം സമ്മാനിച്ചു. ആര്‍. സഞ്ജയന്‍, എസ്‌. സൂരജ്‌, പി രമ, പി. ശ്രീകുമാര്‍, ശ്രീദേവി, കെ. നാരായണന്‍, കെ.എം. ശ്രീധരന്‍, വിശ്വനാഥന്‍ കാറല്‍മണ്ണ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.