ചളിയംകോട്‌ മണ്ണ്‌ നീക്കല്‍ ആരംഭിച്ചു: വൈകിട്ട്‌ വരെ ഗതാഗത നിയന്ത്രണം

Tuesday 6 September 2011 10:47 pm IST

കാസര്‍കോട്‌ : സംസ്ഥാന പാതയായ ചന്ദ്രഗിരി ചളിയംകോട്‌ റോഡിലെ മണ്ണ്‌ നീക്കല്‍ ആരംഭിച്ചു. ഇതുമൂലം രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴുമണിവരെ ചന്ദ്രഗിരി ചളിയംകോട്‌ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചന്ദ്രഗിരി വഴി കാഞ്ഞങ്ങാട്‌ ഭാഗത്തേക്ക്‌ പോകേണ്ട കെ എസ്‌ ആര്‍ ടി സി ബസ്സുകളടക്കം വാഹനങ്ങള്‍ പരവനടുക്കംദേളി വഴി തിരിച്ചുവിട്ടിരിക്കുകയാണ്‌. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ്‌ കനത്ത മഴയില്‍ ചളിയംകോട്‌ റോഡിണ്റ്റെ ഒരു ഭാഗത്ത്‌ മണ്ണ്‌ ഇടിഞ്ഞത്‌. മണ്ണ്‌ ഇടിഞ്ഞപ്പോള്‍ മണ്ണ്‌ നീക്കം ചെയ്യാനായി അധികൃതര്‍ എത്തിയപ്പോള്‍ നിരന്തരമുണ്ടാകുന്ന മണ്ണിടിച്ചലിന്‌ ശാശ്വത പരിഹാരം കാണുന്നില്ലെന്നാരോപിച്ച്‌ നാട്ടുകാര്‍ തടഞ്ഞിരുന്നു. എം എല്‍ എ കെ കുഞ്ഞിരാമന്‍, ജില്ലാ കളക്ടര്‍, തുടങ്ങിയവര്‍ സ്ഥലത്തെത്തി ചര്‍ച്ച ചെയ്തതിനു ശേഷമാണ്‌ താല്‍ക്കാലികമായി മണ്ണ്‌ നീക്കി ഗതാഗതം പുനരാരംഭിച്ചത്‌.